
തമിഴ്‌നാട്ടിലെ ചെന്നൈയിൽ ഈ ഓട്ടോറിക്ഷാ ഡ്രൈവർ(Autorickshaw driver) സ്ത്രീകൾക്കും പ്രായമായവർക്കും സൗജന്യയാത്ര വാഗ്ദാനം ചെയ്യുകയാണ്. 50 -കാരിയായ രാജി അശോകാ(Raji Ashok)ണ് സ്ത്രീകൾക്കും പ്രായമായവർക്കും സുരക്ഷിതവും സൗജന്യവുമായ യാത്ര തന്റെ വണ്ടിയിൽ ഒരുക്കുന്നത്. എഎൻഐയ്ക്ക് നൽകിയ പ്രസ്താവനയിൽ, "ഞാൻ കഴിഞ്ഞ 23 വർഷമായി ഓട്ടോ ഓടിക്കുന്നു. പെൺകുട്ടികൾക്കും പ്രായമായവർക്കും സ്ത്രീകൾക്കും രാത്രി 10 മണിക്ക് ശേഷം സൗജന്യ സവാരി വാഗ്ദാനം ചെയ്യുന്നു. അടിയന്തിര സാഹചര്യങ്ങളിൽ ആശുപത്രിയിലേക്ക് സൗജന്യ സവാരി വാഗ്ദാനം ചെയ്യുന്നു" എന്ന് രാജി പറയുന്നു.
അത്യാവശ്യക്കാരായ ആളുകൾക്ക് വേണ്ടി ഇങ്ങനെയൊരു സഹായം ചെയ്യുന്നതിന് സാമൂഹികമാധ്യമങ്ങൾ രാജിയെ അഭിനന്ദിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം രാജി അശോക് ബിഎ ബിരുദധാരിയാണ്. എന്നാൽ, ബിരുദവുമായി, നഗരത്തിൽ ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാൽ ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കാനും കുടുംബം പുലർത്താനും അവർ തീരുമാനിക്കുകയായിരുന്നു.
ഏതെങ്കിലും സ്ത്രീക്കോ പ്രായമായ വ്യക്തിക്കോ അർദ്ധരാത്രിയിൽ ആശുപത്രിയിലേക്ക് സവാരി ആവശ്യമുണ്ടെങ്കിൽ പോലും അവർക്കായി രാജി തയ്യാറായിരിക്കും. ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ ഭർത്താവിനൊപ്പം കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് താമസം മാറിയ ആളാണ് രാജി.
ഒരിക്കലും ഒരു സ്ത്രീയോടും തനിക്ക് ഓട്ടോ ഓടാൻ സാധിക്കില്ല എന്ന് രാജി പറഞ്ഞിട്ടില്ല. മിക്കവാറും വിളിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ രാജി അവിടെ എത്താൻ ശ്രമിക്കും. തന്നെ കൊണ്ട് കഴിയും വിധത്തിലെല്ലാം സ്ത്രീകൾക്ക് വേണ്ടി തന്റെ ഓട്ടോയുമായി രാജി സജ്ജമാണ്. മിക്കവാറും നഗരത്തിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് വേണ്ടിയാണ് രാജി സൗജന്യമായി സവാരി നടത്തുന്നത്.
ഇതുവരെയായി പതിനായിരത്തിലധികം സ്ത്രീകളെങ്കിലും സുരക്ഷിതവും സൗജന്യവുമായി രാജിയുടെ ഓട്ടോയിൽ യാത്ര ചെയ്‍തു കാണും.