Ukraine Crisis : കാര്യങ്ങള്‍ കൈവിടുന്നു; വിരണ്ടുപോയ റഷ്യക്കാര്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു

Web Desk   | Asianet News
Published : Mar 14, 2022, 07:30 PM IST
Ukraine Crisis : കാര്യങ്ങള്‍ കൈവിടുന്നു; വിരണ്ടുപോയ റഷ്യക്കാര്‍  സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു

Synopsis

ഫെബ്രുവരി മാസവുമായി താരതമ്യം ചെയ്താല്‍, മാര്‍ച്ച് ആദ്യ വാരം സാധാരണ റഷ്യക്കാരുടെ ശരാശരി ചെലവഴിക്കല്‍ തോത് 21 ശതമാനമായി വര്‍ദ്ധിച്ചതായി ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. 

യുക്രൈനെതിരായ യുദ്ധവും അതിനെതിരായി അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധവും മുന്നില്‍ക്കണ്ട് റഷ്യക്കാര്‍ വന്‍തോതില്‍ ഭക്ഷണ സാധനങ്ങളും മരുന്നും മറ്റും വാങ്ങിക്കൂട്ടുന്നു.  രണ്ടോ മൂന്നോ ദിവസം കൊണ്ട് വീഴുമെന്ന് കരുതിയ യുക്രൈന്‍ 19 ദിവസം കഴിഞ്ഞിട്ടും അതിശക്തമായി പ്രതിരോധിക്കുന്നതിനിടയിലാണ്, കാര്യങ്ങള്‍ കൈവിടുമെന്ന അവസ്ഥയില്‍ റഷ്യക്കാര്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുന്‍ സ്വകാര്യ ബാങ്കായ പ്രോംസ്‌വ്യാസ് (PSB) കണക്കുകള്‍ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. 

ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനിനു നേര്‍ക്ക് നാടകീയമായ ആക്രമണം അഴിച്ചുവിട്ടത്. ഇതിനെ തുടര്‍ന്ന് റഷ്യയ്ക്ക് എതിരെ ലോകരാഷ്ട്രങ്ങള്‍ സംയുക്ത ഉപരോധനീക്കവുമായി രംഗത്തുവന്നു. ഇതോടെ റഷ്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് വമ്പന്‍ തിരിച്ചടി നേരിടേണ്ടി വന്നു. റഷ്യ സാമ്പത്തികമായി ഒറ്റപ്പെട്ടു. റഷ്യന്‍ കറന്‍സിയുടെ മൂല്യം ഒറ്റയടിക്ക് കുറഞ്ഞു. ഇതിനെ തുടര്‍ന്ന് ഭക്ഷ്യ വസ്തുക്കളുടെയും മറ്റും വില ഗണ്യമായാണ് വര്‍ദ്ധിച്ചത്. നിരവധി പ്രമുഖ കമ്പനികള്‍ റഷ്യയുമായുള്ള വാണിജ്യ ബന്ധം ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം, രാജ്യാന്തര ധനകാര്യ വ്യവസ്ഥയില്‍നിന്നും റഷ്യ വലിയതോതില്‍ പുറത്താവുകയും ചെയ്തു. ഇതെല്ലാം ചേര്‍ന്ന്, അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം ആരംഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

ഫെബ്രുവരി മാസവുമായി താരതമ്യം ചെയ്താല്‍, മാര്‍ച്ച് ആദ്യ വാരം സാധാരണ റഷ്യക്കാരുടെ ശരാശരി ചെലവഴിക്കല്‍ തോത് 21 ശതമാനമായി വര്‍ദ്ധിച്ചതായി ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. നാണ്യപ്പെരുപ്പവും സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കുമാണ് ഇതിനിടയാക്കിയതെന്ന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ വിശകലനം ചെയ്തശേഷം പി എസ് ബി ബാങ്ക് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

ഇലക്‌ട്രോണിക്‌സ് വസ്തുക്കളുടെ വില്‍പ്പനയില്‍ 40 ശതമാനം വര്‍ദ്ധയാണ് ഉണ്ടായത്. മരുന്നു വില്‍പ്പന 22 ശതമാനമായി കൂടി. വസ്ത്രങ്ങള്‍, ഷൂസുകള്‍ എന്നിവയുടെയും വില്‍പ്പനയില്‍ വലിയ വര്‍ദ്ധന ഉണ്ടായി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 16 ശതമാനം വില്‍പ്പന വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  അവശ്യസാധനങ്ങളുടെയും ഇലക്‌േട്രാണിക്‌സ് സാധനങ്ങളുടെയും ഡിമാന്റ് 14 ശതമാനത്തിനും 21 ശതമാനത്തിനും ഇടയില്‍ വര്‍ദ്ധിച്ചതായി ബാങ്ക് കണക്കുകള്‍ പറയുന്നു. അതേ സമയം, റഷ്യക്കാര്‍ കഫേകളിലും റസ്‌റ്റോറന്റുകളിലുമുള്ള ചെലവഴിക്കല്‍ ആറു ശതമാനം കുറച്ചതായും പി എസ് ബി ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

സമ്പദ്‌വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിയും നാണയപ്പെരുപ്പവും വിലക്കയറ്റവും തടയുന്നതിനായി ആളുകള്‍ വലിയ തോതില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്ന് പി എസ് ബിയുടെ ഫിനാന്‍ഷ്യല്‍ ആന്റ് ബാങ്കിംഗ് സെക്ടര്‍ അനലിസ്റ്റ് ദിമിത്രി ഗ്രിറ്റ്‌സ്‌കേവിച്ച് പറയുന്നു. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള സാധന വിതരണ ശൃംഖലകള്‍ പുനസ്ഥാപിക്കപ്പെടുന്നതോടെ അടുത്ത ആഴ്ചയോടു കൂടി ഡിമാന്‍ഡ് സാധാരണ മട്ടിലേക്ക് വരുമെന്നാണ്  അദ്ദേഹം പ്രതീക്ഷിക്കുന്നത്. 

അതിനിടെ, റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലില്‍ ഇടുമെന്നുമാണ് റഷ്യന്‍ ഭരണകൂടത്തിന്റെ ഭീഷണി. ഫോണ്‍ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യന്‍ അധികൃതര്‍ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കൊക്കക്കോള, ഐബിഎം, മക്‌ഡൊണാള്‍ഡ്, കെഎഫ്‌സി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. റഷ്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ച ഈ കമ്പനികളുടെ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികള്‍ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നുമാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയത്. 
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ