
മനുഷ്യർ അടക്കമുള്ള സഹജീവികളോട് പരസ്പരം കരുണയും സഹായ മനഃസ്ഥിതിയും കാണിക്കണമെന്ന് സമൂഹം പഠിപ്പിക്കാറുണ്ടെങ്കിലും, അനുഭവങ്ങൾ എപ്പോഴും അങ്ങനെ ആകണമെന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഒരു ഡോക്ടറുടെ അനുഭവം. മുൻപ് സൗജന്യമായി വൈദ്യസഹായം നൽകിയ ഓട്ടോ ഡ്രൈവറിൽ നിന്ന് നേരിടേണ്ടി വന്ന അപ്രതീക്ഷിത പെരുമാറ്റത്തെക്കുറിച്ച് ഒരു ഡോക്ടർ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.
ഡ്യൂട്ടിക്കായി ആശുപത്രിയിലെത്തിക്കാൻ തന്‍റെ സ്ഥിരം ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടർക്ക് കയ്പേറിയ അനുഭവം ഉണ്ടായത്. ഡ്രൈവർ 100 രൂപ അധികമായി ആവശ്യപ്പെടുകയായിരുന്നു. തൊട്ടുമുൻപത്തെ മാസത്തിൽ ഇതേ ഡ്രൈവറും കുടുംബവും രണ്ടുതവണ വൈദ്യസഹായത്തിനായി സമീപിച്ചപ്പോൾ ഒരു രൂപ പോലും വാങ്ങാതെയാണ് താൻ ചികിത്സിച്ചതെന്ന കാര്യം ഓർത്തെടുത്ത ഡോക്ടർ, ഈ അനുഭവത്തിൽ തനിക്ക് ഏറെ വിഷമം തോന്നിയതായി എഴുതി.
Yesterday, I asked my autowala bhaiya to drop me at the hospital for duty. He immediately asked for ₹100 extra.
Just last month, he had consulted me twice for himself and his family, and I didn’t charge a single rupee.
Sometimes, kindness really is one-way. 🙂#Medtwitter— DR.SüVamdHAl(blue tick) (@dhal_suvam) August 17, 2026
ഡോക്ടറുടെ ഈ കുറിപ്പ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി ആളുകൾ ഡോക്ടറെ പിന്തുണച്ച് രംഗത്തെത്തി. താൻ മുൻപ് സൗജന്യമായി സഹായിച്ചിരുന്ന സി.എ സുഹൃത്ത്, ഐ.ടി.ആർ ഫയൽ ചെയ്യാൻ സമീപിച്ചപ്പോൾ 1,500 രൂപ ഈടാക്കിയ അനുഭവം മറ്റൊരു ഡോക്ടർ പങ്കുവെച്ചു. ഇതോടെ ബന്ധുക്കൾക്ക് പോലും സൗജന്യ ഉപദേശങ്ങൾ നൽകുന്നത് പൂർണ്ണമായും നിർത്തിയെന്ന് മറ്റു ചിലരും വ്യക്തമാക്കി. ആളുകൾ മറ്റുള്ളവരുടെ ത്യാഗങ്ങളെയും നന്മകളെയും നിസ്സാരമായി കാണാൻ തുടങ്ങിയിരിക്കുന്നുവെന്ന വിമർശനവും ഇതിനിടെ ഉയർന്നു.
എന്നാൽ, ഈ വിഷയത്തിൽ ഡ്രൈവറെ അനുകൂലിച്ചും ചിലർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. "പ്രതീക്ഷകളോടെ ചെയ്യുന്ന സഹായങ്ങൾ സഹായമല്ല, മറിച്ച് ഒരു ഇടപാടാണ്" എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, യോഗ്യതയുള്ള ഒരു ഡോക്ടർക്ക് സാമ്പത്തികമായി താഴെത്തട്ടിലുള്ള ഒരു ഓട്ടോ ഡ്രൈവർക്ക് ഫീസ് നൽകാൻ സാധിക്കുമെന്നും അത് സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തേണ്ടതില്ലെന്നുമുള്ള വിമർശനങ്ങളും ഉയർന്നു വന്നു.