കാണുമ്പോൾ നെഞ്ചിടിക്കും ഈ നാലുവയസുകാരിയുടെ പ്രകടനം, സ്കേറ്റ്ബോർഡിം​ഗിലെ പുലി, ഇൻസ്റ്റ​യിൽ 120,000 ഫോളോവേഴ്സ്!

By Web TeamFirst Published Aug 16, 2021, 9:46 AM IST
Highlights

ചില ട്രിക്കുകള്‍ കാണിക്കാന്‍ മണിക്കൂറുകളോളം എടുക്കുമെന്ന് ബെയ്ലി പറയുന്നു. വീഴാനും വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനും ബെയ്ലി പഠിച്ച് കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ബെയ്ലിക്ക് ഒരുപാട് ആരാധകരുണ്ട്. 

വെറും നാലുവയസുകാരിയാണ് ഓട്ടമന്‍ കാലിഫോര്‍ണിയ ബെയ്ലി. ഇന്‍സ്റ്റഗ്രാമില്‍ 120,000 ഫോളോവേഴ്സുണ്ട് ബെയ്ലിക്ക്. വെറുതെയല്ല, അവള്‍ക്കിത്രയും ആരാധകര്‍. സ്കേറ്റ്ബോര്‍ഡിംഗിലെ പുലിയാണ് ബെയ്ലി. 

ബെയ്ലി സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ, 'എന്‍റെ പേര് ഓട്ടമന്‍ കാലിഫോര്‍ണിയ ബെയ്ലി. എനിക്ക് വയസ് നാലാണ്. സ്കേറ്റ്ബോര്‍ഡിംഗ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഈ ഭൂമിയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യവും സ്കേറ്റ്ബോര്‍ഡിംഗാണ്. കാരണം, അപ്പോഴെനിക്ക് പറക്കുന്നത് പോലെയാണ് തോന്നാറ്. അതുപോലെ, സ്കേറ്റ്ബോര്‍ഡിംഗ് ചെയ്യുമ്പോള്‍ ഞാന്‍ ഭയങ്കര ശാന്തമായിരിക്കും, സന്തോഷവും ആത്മവിശ്വാസവും ഉണ്ടാകും.' 

സ്കേറ്റ്ബോര്‍ഡിംഗ് വീഡിയോകള്‍ കണ്ടിട്ടാണ് ബെയ്ലി സ്കേറ്റ്ബോര്‍ഡിംഗ് ചെയ്ത് തുടങ്ങിയത്. അവളുടെ അമ്മ ടാറ സ്മെയില്‍ പറയുന്നത്, ലിസി അര്‍മാന്‍റോ, സ്കൈ ബ്രൌണ്‍ എന്നിവരൊക്കെയാണ് മകളെ സ്വാധീനിച്ചത് എന്നാണ്. അവരാണ് ബെയ്ലിക്ക് റോള്‍ മോഡലായത്. താന്‍ വളരുമ്പോള്‍ ഒളിമ്പിക്സില്‍ പങ്കെടുക്കണമെന്നും അറിയപ്പെടുന്ന സ്കേറ്റ്ബോര്‍ഡറാവണം എന്നുമാണ് ബെയ്ലിയുടെ ആഗ്രഹം. 

ബെയ്ലി 2032 -ലെ ഓസ്ട്രേലിയന്‍ ഒളിംബിക്സാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് അമ്മ ടാറ പറയുന്നു. പക്ഷേ, അവള്‍ക്കിപ്പോള്‍ നാല് വയസ് മാത്രമേ ആയുള്ളൂ. അതുകൊണ്ട് എന്തുണ്ടാവുമെന്ന് അറിയില്ല എന്നും അവര്‍ പറയുന്നു. അവളുടെ ധൈര്യവും ആത്മവിശ്വാസവും ലക്ഷ്യബോധവും തനിക്ക് പോലും പ്രചോദനമാണ് എന്ന് പറയുമ്പോഴും ചിലപ്പോഴെല്ലാം അവള്‍ സ്കേറ്റ്ബോര്‍ഡിംഗ് ചെയ്യുന്നത് കാണുമ്പോള്‍ പേടി തോന്നാറുണ്ട് എന്നും ടാറ തുറന്ന് സമ്മതിക്കുന്നു. വലിയ വലിയ ട്രിക്കുകളെല്ലാം കാണിക്കുമ്പോള്‍ ചിലപ്പോഴവള്‍ വീഴാറുണ്ട്. പരിശീലനത്തിനിടയില്‍ അത്തരം വീഴ്ചകളൊക്കെ കാണുമ്പോള്‍ കാണുന്നവര്‍ക്ക് ചിലപ്പോള്‍ ഭയം തോന്നും. 

ചില ട്രിക്കുകള്‍ കാണിക്കാന്‍ മണിക്കൂറുകളോളം എടുക്കുമെന്ന് ബെയ്ലി പറയുന്നു. വീഴാനും വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനും ബെയ്ലി പഠിച്ച് കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ബെയ്ലിക്ക് ഒരുപാട് ആരാധകരുണ്ട്. അമ്മ ടാറയാണ് അക്കൗണ്ട് തുടങ്ങിയത്. മകള്‍ വലുതാകുമ്പോള്‍ എങ്ങനെയാണ് അവളുടെ വികസനമെന്ന് കണ്ടിരിക്കാനാണ് അക്കൗണ്ട് എന്ന് ടാറ പറയുന്നു. ബെയ്ലിക്ക് സ്കേറ്റ്ബോര്‍ഡിംഗിനോട് വല്ലാത്ത പാഷനാണ്. ചിലപ്പോള്‍ മണിക്കൂറുകളോളം അവളതില്‍ ചെലവഴിക്കുന്നു. തനിക്കതില്‍ പ്രശ്നമില്ലെന്നും താനവളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അമ്മ പറയുന്നു. 

ഭാവിയില്‍ തനിക്കൊരു ബെല്ലറിനയും സ്കേറ്റ്ബോര്‍ഡറുമാവണം എന്ന് കുഞ്ഞുബെയ്ലിയും പറയുന്നു. ബെയ്ലിയെ പോലെ ധൈര്യമുള്ളൊരു കുട്ടിയെ താന്‍ കണ്ടിട്ടില്ല. ആണ്‍കുട്ടികള്‍‌ക്കേ എല്ലാം സാധിക്കൂ, അവര്‍ക്കാണ് ധൈര്യം എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുന്ന കുട്ടിയാണ് ബെയ്ലി എന്ന് അവളുടെ അമ്മയും അവളെ കുറിച്ച് അഭിമാനം കൊള്ളുന്നു. 

click me!