എന്ത് സംഭവിക്കുമെന്നറിയില്ല, ജോലിക്ക് പോകുന്നത് ഓരോ ദിനം ഓരോ വഴിയിലൂടെ, അഫ്​ഗാൻ മാധ്യമപ്രവർത്തക പറയുന്നു

By Web TeamFirst Published Aug 15, 2021, 11:58 AM IST
Highlights

സുരക്ഷ ഒരു വലിയ പ്രശ്നമാണ് അനിസയ്ക്ക്. അതുകൊണ്ട് തന്നെ ഓരോദിവസവും ഓരോ വഴിയിലൂടെയാണ് അവള്‍ ജോലിക്ക് പോകുന്നത്. ഒരുപാട് സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഇതിനോടകം തന്നെ നമുക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു. ഓരോ സംഭവും നമ്മെ തള്ളിയിടുന്നത് പ്രതീക്ഷയില്ലായ്മയിലേക്കാണ് അവൾ പറയുന്നു. 

അഫ്ഗാനിസ്ഥാന്‍ താലിബാന്‍റെ നിയന്ത്രണത്തിലേക്കാവുന്ന അവസ്ഥ വന്നതോടെ ഏറ്റവുമധികം ഭയക്കുന്നത് സ്ത്രീകളാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ത്രീകള്‍ മുന്‍നിരയിലേക്ക് വരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതില്ലാതാവുന്ന അവസ്ഥയെ ഭയപ്പാടോടെയാണ് ആളുകള്‍ കാണുന്നത്. കലാ-സാംസ്കാരിക രംഗത്തടക്കമുള്ള നിരവധി സ്ത്രീകളാണ് തങ്ങളുടെ ഭയവും ആശങ്കകളും ലോകത്തെ അറിയിച്ചത്. 'ഇരുണ്ട നാളുകള്‍ വരവായി' എന്നാണ് അഫ്ഗാനിസ്ഥാനിലെ പ്രമുഖ ചലച്ചിത്ര സംവിധായിക സഹ്‌റാ കരീമി താലിബാന്റെ മുന്നേറ്റത്തെ വിശേഷിപ്പിച്ചത്. 

'എല്ലാ ദിവസവും രാത്രി കാബൂൾ നഗരത്തിലെ പേടിച്ചരണ്ട സ്ത്രീകളും പുരുഷൻമാരും എന്നെ വിളിക്കും. എന്തെങ്കിലും രക്ഷയുണ്ടോ എന്ന് ചോദിച്ച് മെസ്സേജുകൾ അയക്കും. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ, എന്നവർ പറയും. ഇവിടെ സ്ഥിതി ഗുരുതരമാണ്. ഞങ്ങളെല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്, എന്ന് പറയും' എന്നാണ് ബിബിസി ലേഖിക യാള്‍ഡ ഹക്കീം പറഞ്ഞത്. അവര്‍ക്ക് സ്ത്രീകളയച്ച സന്ദേശങ്ങള്‍ ആരെയും ഭയപ്പെടുത്തുന്നതാണ്. 

ഇപ്പോഴിതാ, അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകയായ അനിസ ഷഹീദ് തന്‍റെ ആശങ്കകള്‍ ബിബിസിയോട് പങ്കുവയ്ക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും അപകടകരമായ ജോലികളിലൊന്നാണ് മാധ്യമപ്രവര്‍ത്തനം. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലും ഇന്ന് അനിസ ഏറെ ആശങ്കപ്പെടുന്നു. 2001 -ല്‍ യുദ്ധം തുടങ്ങിയത് മുതലിങ്ങോട്ട് നിരവധി മാധ്യമപ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട് കഴിഞ്ഞു. എന്നാല്‍, അനിസ പേടിച്ച് പിന്‍വാങ്ങാന്‍ ഒരുക്കമായിരുന്നില്ല. 

'മാധ്യമപ്രവര്‍ത്തകയായില്ലെങ്കില്‍ ഞാനൊന്നുമാവില്ല. വീട്ടില്‍ തന്നെയിരിക്കും എന്നാണ് ഞാനെന്‍റെ പിതാവിനോട് പറഞ്ഞത്. ആരുമറിയാത്ത ഒരുപാട് കഥകളുണ്ട് അഫ്ഗാനിസ്ഥാന്. അത് ലോകത്തോട് പറയാനാണ് ഞങ്ങളാഗ്രഹിക്കുന്നത്.' 

അനിസ വളര്‍ന്നത് താലിബാന്‍ ഭരണത്തിന് കീഴിലാണ്. അത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകള്‍ ജോലി നേടുന്നതിനും തടസം നില്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. 

'വര്‍ഷങ്ങളോളം ഞാന്‍ കഴിഞ്ഞത് സ്കൂളിലേക്ക് മടങ്ങിപ്പോകാനാകും എന്ന സ്വപ്നവുമായിട്ടാണ്' എന്നാണ് ആ നാളുകളെ കുറിച്ച് അനിസ ഓർക്കുന്നത്. അഫ്ഗാന്‍ പിന്‍വലിഞ്ഞതോടെ അനിസ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. പിന്നീട്, ടോളോ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായി ചേര്‍ന്നു. അഫ്ഗാനിസ്ഥാനിലെ വലുതും അറിയപ്പെടുന്നതുമായ മീഡിയ നെറ്റ്‍വര്‍ക്കാണ് ടോളോ ന്യൂസ്. 

'എന്‍റെ പിതാവ് എന്നെ ഒരു അധ്യാപികയാക്കാനാണ് ആഗ്രഹിച്ചത്. നാലഞ്ച് വര്‍ഷം അവരെന്നെ മാധ്യമപ്രവര്‍ത്തകയാകുന്നതില്‍ നിന്നും വിലക്കാന്‍ നോക്കി. എന്നാല്‍, പിന്നീട് അവരത് അവസാനിപ്പിച്ചു. ഇന്ന് എന്‍റെ സുരക്ഷയെ കുറിച്ച് മാത്രമാണ് അവര്‍ക്ക് ആശങ്ക.' 

സ്ത്രീകളോടുള്ള വിവേചനം അനിസയുടെ ജോലിയെ വളരെ കഠിനമാക്കിത്തീര്‍ക്കുന്നു. നേരത്തെ ഒരു താലിബാന്‍ നേതാവ് പറഞ്ഞത് അയാള്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കില്ല എന്നായിരുന്നു. 

'ക്യാമറാമാനോടാണ് എങ്കില്‍ സംസാരിക്കാമെന്നും എനിക്കു പകരം ക്യാമറാമാന് അയാളെ അഭിമുഖം ചെയ്തുകൂടേ എന്നാണ് അയാള്‍ എന്നോട് ചോദിച്ചത്.'

സുരക്ഷ ഒരു വലിയ പ്രശ്നമാണ് അനിസയ്ക്ക്. അതുകൊണ്ട് തന്നെ ഓരോദിവസവും ഓരോ വഴിയിലൂടെയാണ് അവള്‍ ജോലിക്ക് പോകുന്നത്. ഒരുപാട് സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഇതിനോടകം തന്നെ നമുക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു. ഓരോ സംഭവും നമ്മെ തള്ളിയിടുന്നത് പ്രതീക്ഷയില്ലായ്മയിലേക്കാണ് അവൾ പറയുന്നു. 

ഓരോദിവസവും നടക്കുന്ന ആക്രമങ്ങളും അനിസയെ വൈകാരികമായി തളര്‍ത്തുന്നുണ്ട്. അപകടം പറ്റിയ കുഞ്ഞുങ്ങളുടെ അടുത്ത് റിപ്പോര്‍ട്ടിംഗിന് ചെല്ലുന്നതിനേക്കാള്‍ വലിയ വേദന മറ്റൊന്നില്ലെന്ന് അനിസ പറയുന്നു, 'ഒരു കുഞ്ഞിന്‍റെ അവകാശം നിഷേധിക്കപ്പെടുന്നത്, ഒരു കുഞ്ഞ് കരയുന്നത്, അടിച്ചമര്‍ത്തപ്പെട്ട ഒരു സ്ത്രീയുടെ കരച്ചില്‍ ഇവയോളം വേദന പകരുന്ന മറ്റൊന്നില്ല.' 

ഏപ്രില്‍ മാസത്തില്‍ അഫ്ഗാനിസ്ഥാനിലെ ഫ്രീ സ്പീച്ച് ഹബ് അനിസയെ 'ജേണലിസ്റ്റ് ഓഫ് ദ ഇയര്‍' ആയി പ്രഖ്യാപിച്ചിരുന്നു. റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍‌ഡേഴ്സ് അവരുടെ ധീരമായ റിപ്പോര്‍ട്ടുകളെ പ്രശംസിച്ചിരുന്നു. 

'കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും കഠിനാധ്വാനവും നേട്ടവും ഇല്ലാതെയായിപ്പോകുന്നുവെന്ന് ഞാന്‍ ഭയക്കുന്നു. സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയാവുമെന്ന് ഭയക്കുന്നു. എന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രദേശവും കാണുക ആ ഭംഗി ആസ്വദിക്കുക എന്നുള്ളതാണ്. അവിടങ്ങളിലെ വികസനങ്ങളെ കുറിച്ചും മറ്റും റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്. സമാധാനപൂര്‍ണമായ ഒരു അഫിഗാനിസ്ഥാന്‍ കാണുക എന്നതാണ് എന്‍റെ ആഗ്രഹം' അനിസ ബിബിസിയോട് പറഞ്ഞു.  

click me!