
നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി ഒരു കുട്ടിയാനയുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. @tuskershelter എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ ഒരു കസേരയിൽ കയറി ഇരിക്കാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് ഉള്ളത്. ആദ്യം കസേര കാണുമ്പോൾ കൗതുകത്തോടെ അത് നിരീക്ഷിക്കുന്ന കുട്ടിയാന പിന്നീട് അതിൽ കയറി ഇരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ വീഡിയോയെ ആകർഷകമാക്കി മാറ്റുന്നത്.
മടക്കി വയ്ക്കാവുന്ന രണ്ട് കസേരകൾ കാണുമ്പോൾ അത് കൗതുകത്തോടെ നിരീക്ഷിക്കുകയും അതിനിടത്തേക്ക് വേഗത്തിൽ ഓടിയെത്തുകയും ചെയ്യുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ. തുടർന്ന് അവൻ അതിൽ കയറി ഇരിക്കാൻ ശ്രമം നടത്തുന്നു. പക്ഷേ, കസേര മറിഞ്ഞ് നിലത്ത് വീഴുന്നു. വീണ്ടും അത് നിവർത്തിവെച്ച് അതിൽ കയറിയിരിക്കാൻ കക്ഷി ശ്രമിക്കുന്നുണ്ടെങ്കിലും കസേര അപ്പോഴേക്കും മടങ്ങിപ്പോകുന്നു. വീണ്ടും നിരവധി തവണ അത് നിവർത്തിവയ്ക്കാനും അതിൽ കയറി ഇരിക്കാനും കുട്ടിയാന നടത്തുന്ന ശ്രമങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.
ദൈർഘ്യം വളരെ കുറവുള്ള ഒരു വീഡിയോ ആണ് ഇതെങ്കിലും ഒരുതവണ കാണുന്നവർ വീണ്ടും വീണ്ടും വീഡിയോ കാണുമെന്ന് കാര്യത്തിൽ സംശയമില്ല. അത്രയേറെ രസകരമാണ് ഈ കുട്ടിയാനയുടെ കസേരകളി.
@tuskershelter ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള കൗതുകകരമായ വീഡിയോകൾ പങ്കുവയ്ക്കുന്നത്. ഇതേ അക്കൗണ്ടിൽ നേരത്തെ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ, ഒരു ആനക്കുട്ടി കസേരയിൽ ഇരിക്കുന്ന ഒരു മനുഷ്യനെ സമീപിച്ച് അയാളെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന കാഴ്ച കാണാം. ആ സുന്ദരമായ കാഴ്ച മുമ്പും സമാനമായ രീതിയിൽ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളെ ആകർഷിച്ചിരുന്നു.