
കൻസാസിലെ ടാൻഗാൻയിക വന്യജീവി പാർക്കിലെ ഒരു ചെറുകുളത്തിൽ നിന്ന് കയറാൻ കൂട്ടാക്കാതെ കുസൃതി കാണിക്കുന്ന കുഞ്ഞൻ ഹിപ്പോയുടെ വീഡിയോ വൈറലാകുന്നു. മാർസ് എന്ന ഈ കുഞ്ഞൻ ഹിപ്പോ പരിശീലകൻ നിരവധി തവണ ശ്രമിച്ചിട്ടും കുളത്തിൽ നിന്ന് കയറി വരാതിരിക്കുകയും ഒടുവിൽ അമ്മയെത്തി ഒരു നോട്ടം നോക്കിയപ്പോൾ അനുസരണയോടെ കയറി വരുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്.
മൃഗശാല ജീവനക്കാർ തന്നെയാണ് ഈ വീഡിയോ ടിക്ക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ ഒരു മൃഗശാല ജീവനക്കാരൻ മാർസിനെ അവിടെ ഒരുക്കിയിട്ടുള്ള ഒരു ചെറിയ കുളത്തിൽ നിന്ന് കയറ്റാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ പല തവണ ശ്രമിച്ചിട്ടും മാർസ് വരാൻ കൂട്ടാക്കാതെ തിരികെ കുളത്തിലേക്ക് തന്നെ ഇറങ്ങിപ്പോവുകയും തന്റെ കുസൃതിത്തരങ്ങൾ തുടരുകയും ചെയ്യുന്നു. അപ്പോഴാണ് കുഞ്ഞൻ ഹിപ്പോയുടെ അമ്മ അവിടേക്ക് വന്നത്.
പിന്നെ പറയേണ്ടല്ലോ കാര്യങ്ങൾ. അമ്മ വന്നു എന്ന് മനസ്സിലാക്കിയതും മാർസ് മര്യാദക്കാരനായി കുളത്തിൽ നിന്നും കയറി അമ്മയ്ക്ക് പിന്നാലെ പോകുന്നു. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മയുടെ ഒരു നോട്ടം മതി കാര്യങ്ങൾ മാറിമറിയാൻ എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. അമ്മയുടെ നോട്ടം എന്ന ക്യാപ്ഷനോടെയാണ് മൃഗശാല അധികൃതർ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നതും.
രസകരമായ ഈ വീഡിയോ നിരവധി ആളുകളുടെ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. 'അമ്മയുടെ നോട്ടത്തിന്റെ ശക്തിയെ ഇത് കൃത്യമായി കാട്ടിത്തരുന്നു' എന്നാണ് വീഡിയോയ്ക്ക് താഴെ പലരും കുറിച്ചത്. 'എൻറെ കുട്ടിക്കാലം ഓർമ്മ വന്നു' എന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.
ജൂണിലാണ് ടാൻഗാൻയിക വൈൽഡ്‌ലൈഫ് പാർക്കിൽ മാർസ് ജനിച്ചത്. 2014 -ൽ പാർക്കിലെത്തിയ പിഗ്മി ഹിപ്പോകളായ പോസി, പ്ലൂട്ടോ എന്നിവയുടെ അഞ്ചാമത്തെ കുട്ടിയാണ് മാർസ്.