അതിശയകരം ഈ അതിജീവനം, അഞ്ച് ദിവസങ്ങൾ വെള്ളത്തിനടിയിലെ ​ഗുഹയിൽ കുടുങ്ങി യുവാവ്, പച്ചമീൻ കഴിച്ച് ജീവൻ പിടിച്ചുനിർത്തി

Published : Aug 03, 2025, 03:25 PM ISTUpdated : Aug 03, 2025, 03:30 PM IST
Representative image

Synopsis

നദിയിലേക്ക് മുങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വാങ് അപ്രത്യക്ഷനായി. ​ഗുഹയെ കുറിച്ചും മറ്റും അറിയാവുന്ന വാങ്ങിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉടനെ തന്നെ നദിയിൽ നിന്നും കയറി വാങ്ങിനെ രക്ഷിക്കാനായി സഹായം തേടുകയും ചെയ്തു.

വെള്ളത്തിനടിയിലെ ​ഗുഹയിൽ യുവാവ് കുടുങ്ങിപ്പോയത് അഞ്ച് ദിവസം. ജീവിതത്തിനും മരണത്തിനുമിടയിൽ കുരുങ്ങി ദിവസങ്ങൾക്ക് ശേഷമുള്ള അവിശ്വസനീയമായ ഈ രക്ഷപ്പെടലിന്റെ കഥയാണ് ഇപ്പോൾ വാർത്തയാവുന്നത്. ഹുനാൻ പ്രവിശ്യയിലെ സിയാങ്‌സിയിലെ ഫുറോങ് ടൗണിൽ നിന്നുള്ള ഒരു ഡൈവറാണ് വെള്ളത്തിനടിയിലെ ഗുഹയിൽ കുടുങ്ങി അഞ്ച് ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വാങ് എന്ന ഏറെക്കുറെ 40 വയസ്സ് പ്രായം വരുന്ന യുവാവ് ജൂലൈ 19 -നാണ് ഒരു സുഹൃത്തിനൊപ്പം പ്രദേശത്തെ നദിയിൽ ഡൈവിം​ഗിനായി ഇറങ്ങിയത്.

ആഴം കൊണ്ടും അകത്തുള്ള സങ്കീർണമായ ​ഗുഹകൾ കൊണ്ടുമെല്ലാം നേരത്തെ തന്നെ പ്രസിദ്ധിയാർജ്ജിച്ച പുഴയായിരുന്നു ഇത്. നദിയുടെ ഉപരിതലത്തിൽ നിന്നും ഒമ്പത് മീറ്റർ താഴെയായി തന്നെ ഇവിടെ ഒരു ഗുഹയിലേക്കുള്ള പ്രവേശന കവാടമുണ്ട്. നദിയിലേക്ക് മുങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വാങ് അപ്രത്യക്ഷനായി. ​ഗുഹയെ കുറിച്ചും മറ്റും അറിയാവുന്ന വാങ്ങിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉടനെ തന്നെ നദിയിൽ നിന്നും കയറി വാങ്ങിനെ രക്ഷിക്കാനായി സഹായം തേടുകയും ചെയ്തു.

ലോക്കൽ പൊലീസ് അപ്പോൾത്തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കൂടാതെ സിയാങ്‌സി ഷുഗുവാങ് റെസ്‌ക്യൂ ടീമിന്റെയും ബെയ്‌സിൽ നിന്നുള്ള കേവ് ഡൈവിം​ഗ് സ്പെഷ്യലിസ്റ്റുകളുടെയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ബെയ്‌സിന്റെ സ്പെഷ്യൽ പോലീസ് കേവ് ടീം രണ്ട് തവണ ആഴത്തിൽ മുങ്ങിയെങ്കിലും, വാങ്ങിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.

ഒരു തവണ മുങ്ങുന്നതിനിടയിൽ, ഗുഹയ്ക്കുള്ളിൽ നിന്ന് ഒരു നേരിയ ശബ്ദം കേട്ടതുപോലെ രക്ഷാപ്രവർത്തകർക്ക് തോന്നിയിരുന്നു. ശബ്ദം ശരിക്കും കേൾക്കുന്നതിനായി എഞ്ചിൻ ശബ്ദം കുറയ്ക്കാൻ സർഫസ് ടീമുകൾക്ക് നിർദ്ദേശവും നൽകി. എന്നാൽ, പിന്നീട് ശബ്ദം കേട്ടില്ല. എങ്കിലും മുങ്ങൽ വിദഗ്ധർ 130 മീറ്റർ താഴ്ചയിലേക്ക് ഇറങ്ങിനോക്കിയിരുന്നു. അപ്പോഴും വാങ്ങിനെ കണ്ടെത്താനായില്ല.

അതേമയം വാങ് രക്ഷാപ്രവർത്തകരെ കണ്ടെങ്കിലും അവരുടെ ശ്രദ്ധയാകർഷിക്കാൻ വാങ്ങിന് കഴിഞ്ഞിരുന്നില്ല. പക്ഷേ, ഒടുവിൽ ദിവസങ്ങൾക്ക് ശേഷം രക്ഷാസംഘം വാങ്ങിനെ കണ്ടെത്തുക തന്നെ ചെയ്തു. അപ്പോഴേക്കും ഓക്സിജന്റെ അളവ് വെറും നാല് ശതമാനമായി കുറഞ്ഞിരുന്നു. ഫ്ലാഷ്‌ലൈറ്റ് വീശി വാങ് രക്ഷപ്പെടാനുള്ള അവസാനശ്രമവും നടത്തിയിരുന്നു.

എന്തായാലും, എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് രക്ഷപ്പെടുത്തുമ്പോൾ വാങ്ങിന്റെ ആരോ​ഗ്യനില തൃപ്തികരമായിരുന്നു. നടന്നുതന്നെയാണ് അയാൾ ആംബുലൻസിനരികിലേക്ക് എത്തിയത്. പച്ചമീനിനെ കഴിച്ചാണ് അയാൾ ​ഗുഹയിൽ അതിജീവിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. രക്ഷപ്പെട്ട് പുറത്തെത്തിയ ഉടനെ അദ്ദേഹം രക്ഷാപ്രവർത്തകരോട് ചോദിച്ചത് ‘ഒരു സി​ഗരറ്റുണ്ടോ എടുക്കാൻ’ എന്നാണത്രെ.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ