കൊറോണക്കാലത്തും കുട്ടി ഒറാങ്ങ്ഉട്ടാനുകളെ മരംകയറ്റം പഠിപ്പിച്ച് ഈ അമ്മമാര്‍

By Web TeamFirst Published May 18, 2020, 9:52 AM IST
Highlights

പലയിടത്തുനിന്നും കണ്ടെത്തി സംരക്ഷിക്കപ്പെടുന്നവയാണ് ഈ പുനരധിവാസകേന്ദ്രത്തിലെ ഒറാങ്ങ്ഉട്ടാനുകള്‍. കണ്ടെത്തിയ ഉടനെ അവയെ ക്വാറന്‍റൈനിലാക്കുന്നുണ്ട്. ക്വാറന്‍റൈന്‍ കാലത്തിനുശേഷമാണ് അവയെ വനത്തിലേക്ക് ഇറക്കിവിടുന്നതും പരിസ്ഥിതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കാന്‍ പരിചയപ്പെടുത്തുന്നതും.

ലോക്ക് ഡൗണാണ് ലോകമെങ്ങും. സാധാരണ പരിചിതമല്ലാത്ത തരത്തിലുള്ള ക്ലാസുകളാണ് ഇപ്പോള്‍ കുട്ടികള്‍ക്ക് കിട്ടുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ സാധാരണയായി മാറുന്ന കാലത്തിലേക്കുള്ള തുടക്കമായിരിക്കാം ഇപ്പോള്‍ കാണുന്നത്. ബോര്‍ണിയോയിലെ ഈ ഫോറസ്റ്റ് സ്കൂളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയുള്ള കുട്ടി ഒറാങ്ങ്ഉട്ടാനുകള്‍ മരംകയറ്റം പഠിക്കുകയാണ്. പക്ഷേ, ഓണ്‍ലൈനില്‍ അല്ല കേട്ടോ. അവരുടെ രക്ഷിതാക്കളായ മനുഷ്യരാണ് അവരെ നേരിട്ട് മരംകയറ്റം പഠിപ്പിക്കുന്നത്. 

കാട്ടില്‍ ജീവിക്കുന്നതിനനുസരിച്ച് മരം കയറ്റമടക്കം പഠിച്ചേ മതിയാവൂ ഈ ഒറാങ്ങ്ഉട്ടാന്മാര്‍ക്ക്. അനാഥരായ അവയെ സംരക്ഷിക്കുന്നത് ഇവിടെയുള്ള സ്റ്റാഫുകളാണ്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇവയുടെ അടുത്തേക്ക് ആളുകളെത്തുന്നത് ചുരുക്കിയിരിക്കുകയാണ്. മുന്‍കരുതലെന്ന നിലയില്‍ സ്റ്റാഫുകളുടെ ടെമ്പറേച്ചര്‍ പരിശോധിക്കുക, ഫേസ് മാസ്ക് ധരിക്കുക, കൃത്യമായ യൂണിഫോം ധരിക്കുക എന്നിവയെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. 

ലോകത്തിലാകെ തന്നെ മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൊവിഡ് 19 അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. എന്നാല്‍, ഈ ഒറാങ്ങ്ഉട്ടാന്മാരുടെ പുനരധിവാസകേന്ദ്രം തലപ്പത്തുള്ള ഡോ. സിഗ്നേ റിഷോഫ്റ്റ് പറയുന്നത് ഇത് ഒരുപക്ഷേ പൊസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരമായി മാറിയേക്കും എന്നാണ്. മാംസങ്ങള്‍ക്കും മറ്റും വേണ്ടി വന്യജീവികളെ നിയമവിരുദ്ധമായി കടത്തുന്നതില്‍ നിന്നും അവയെ സംരക്ഷിക്കാനുള്ള അവസരമുണ്ട്. അതിന് വേണ്ടത് ബോധവല്‍ക്കരണമാണെന്നും അവര്‍ പറയുന്നു. 

 

പുനരധിവാസകേന്ദ്രത്തിലെ സംരക്ഷകരാണ് രക്ഷിതാക്കളായി ഈ അനാഥരായ ഒറാങ്ങ്ഉട്ടാന്മാരെ പരിചരിക്കുന്നത്. അതുകൊണ്ടുതന്നെ മരം കയറാനടക്കം ഇവരെ പഠിപ്പിക്കുന്നതും ഇവരാണ്. മിക്കവാറും ഈ ഒറാങ്ങ്ഉട്ടാന്മാര്‍ക്ക് സമയം ചെലവഴിക്കേണ്ടി വരിക മരത്തിലാകും. അതിനാല്‍ത്തന്നെ മരം കയറ്റം പഠിക്കുക എന്നത് ഒരു മനുഷ്യന്‍ നടക്കാന്‍ പഠിക്കുന്നതുപോലെ തന്നെ പ്രധാനമാണ്. പരിചാരകര്‍ ഇവരെ അമ്മമാരെപ്പോലെയാണ് സംരക്ഷിക്കുന്നത്. ഈ അമ്മമാര്‍ തങ്ങളെ പുതിയൊരു കാര്യം പഠിപ്പിക്കുന്നതിലും തങ്ങള്‍ക്ക് മരത്തിന്‍റെ മുകളിലെത്താനാവുമെന്നതുമെല്ലാം ഈ കുഞ്ഞ് ഒറാങ്ങ്ഉട്ടാനുകളെ ആകെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. 

പലയിടത്തുനിന്നും കണ്ടെത്തി സംരക്ഷിക്കപ്പെടുന്നവയാണ് ഈ പുനരധിവാസകേന്ദ്രത്തിലെ ഒറാങ്ങ്ഉട്ടാനുകള്‍. കണ്ടെത്തിയ ഉടനെ അവയെ ക്വാറന്‍റൈനിലാക്കുന്നുണ്ട്. ക്വാറന്‍റൈന്‍ കാലത്തിനുശേഷമാണ് അവയെ വനത്തിലേക്ക് ഇറക്കിവിടുന്നതും പരിസ്ഥിതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കാന്‍ പരിചയപ്പെടുത്തുന്നതും. വനത്തിനകത്ത് അതിജീവിക്കാന്‍ പ്രാഥമികമായി വേണ്ട കഴിവുകളാണ് അമ്മമാര്‍ ഈ കൊച്ച് ഒറാങ്ങ്ഉട്ടാന്മാരെ പഠിപ്പിക്കുന്നത്. ഈ പുനരധിവാസകേന്ദ്രത്തിന്‍റെ ലക്ഷ്യം എല്ലാത്തരം ഭീക്ഷണികളില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും അനാഥരായ ഒറാങ്ങ്ഉട്ടാനെ സംരക്ഷിക്കുക, പുനരധിവസിപ്പിക്കുക എന്നതാണ്. വനത്തില്‍ ജീവിക്കാനാവുമെന്ന ഘട്ടമെത്തിയാല്‍ ഇവയെ തിരികെ വനത്തിലേക്ക് തന്നെ അയക്കും. 

 

ലോകത്തിലാകെയായി 50,000 ബോര്‍ണിയന്‍ ഒറാങ്ങ്ഉട്ടാന്മാര്‍ മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്. കല്‍ക്കരി ഖനനത്തിനായടക്കം മഴക്കാടുകള്‍ ഇല്ലാതാക്കുന്നതും മറ്റും അവയുടെ നാശത്തിന് വഴിതെളിച്ചിട്ടുണ്ട്. ഒപ്പം തന്നെ മനുഷ്യരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവയെ ഇല്ലാതാക്കുന്നതിന് കാരണമായിത്തീര്‍ന്നു. മനുഷ്യരുടെ വേട്ടയാടലില്‍ പലപ്പോഴും അമ്മമാര്‍ കൊല്ലപ്പെടുകയും കുട്ടി ഒറാങ്ങ്ഉട്ടാന്മാരെ വില്‍ക്കപ്പെടുകയോ ആണ് ചെയ്യുന്നത്. അതില്‍ നിന്നും രക്ഷപ്പെടുന്നവരെയാണ് ഇവിടെ സംരക്ഷിക്കുന്നത്. 

(കടപ്പാട്: ബിബിസി)

click me!