ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പ്രണയവും ഡേറ്റിംഗും തികച്ചും വ്യത്യസ്തമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ  വെച്ചുപുലർത്തുന്ന കടുംപിടുത്തങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുതിയൊരു ട്രെൻഡ് ഇപ്പോൾ ശ്രദ്ധ നേടുകയാണ് 6-7' ഡേറ്റിംഗ് ട്രെൻഡ്.

ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ പലതരം ട്രെൻഡുകൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഈയിടെ ഡേറ്റിംഗ് ലോകത്ത് ചർച്ചയാകുന്ന ഒരു പുതിയ ട്രെൻഡണ് '6-7'. പലർക്കും ഇതൊരു പുതിയ അറിവാണെങ്കിലും, ബന്ധങ്ങളിലെ പ്രായോഗികതയും വികാരങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.

എന്താണ് 6-7 ഡേറ്റിംഗ് ട്രെൻഡ്?

ലളിതമായി പറഞ്ഞാൽ, നൂറു ശതമാനം തികഞ്ഞ ഒരാളെ തേടിപ്പോകാതെ, ഒരു 60-70 ശതമാനം അഥവാ 10-ൽ 6 അല്ലെങ്കിൽ 7 മാർക്ക് നൽകാവുന്ന ഒരാളെ പങ്കാളിയായി തിരഞ്ഞെടുക്കുന്ന രീതിയാണിത്. അതായത്, അമിതമായ ആകർഷണമോ ആവേശമോ ഇല്ലെങ്കിലും വൈകാരികമായി സ്ഥിരതയുള്ള, ദയയുള്ള, വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെ ജീവിതപങ്കാളിയായി സ്വീകരിക്കുക എന്നതാണ് ഈ ട്രെൻഡിന്റെ കാതൽ.

ഇതൊരു പോസിറ്റീവ് മാറ്റമാണോ? റിയലിറ്റി ചെക്ക്

പലരും ഇതിനെ ഒരു 'റിയാലിറ്റി ചെക്ക്' ആയിട്ടാണ് കാണുന്നത്. അതിനുള്ള കാരണങ്ങൾ ഇവയാണ്:

  • യാഥാർത്ഥ്യബോധം: സിനിമകളിലും കഥകളിലും കാണുന്നതുപോലെ എല്ലാ കാര്യത്തിലും തികഞ്ഞ ഒരാളെ യഥാർത്ഥ ജീവിതത്തിൽ കണ്ടെത്തുക പ്രയാസമാണ്. അതിനാൽ 'നല്ലൊരു പങ്കാളി' എന്ന നിലപാടിലേക്ക് മാറുന്നത് അനാവശ്യ സമ്മർദ്ദം കുറയ്ക്കും.
  • സമാധാനത്തിന് മുൻഗണന: ഡേറ്റിംഗ് ആപ്പുകളുടെയും മറ്റും കാലത്ത് പലർക്കും ബന്ധങ്ങളിൽ പെട്ടെന്ന് മടുപ്പ് തോന്നറുണ്ട്. അമിതമായ ആവേശത്തേക്കാൾ വൈകാരിക സുരക്ഷിതത്വത്തിനും സമാധാനത്തിനും മുൻഗണന നൽകുന്നവർ ഈ ട്രെൻഡിനെ സ്വാഗതം ചെയ്യുന്നു.
  • സ്ഥിരതയുള്ള ബന്ധങ്ങൾ: ആവേശം കുറവാണെങ്കിലും പരസ്പര ബഹുമാനവും കരുതലും നൽകുന്ന പങ്കാളി ദീർഘകാല ബന്ധങ്ങൾക്ക് കൂടുതൽ അനുയോജ്യമാണെന്ന് ഇക്കൂട്ടർ വാദിക്കുന്നു.

ഇതൊരു റെഡ് ഫ്ലാഗ് ആണോ ?

മറുഭാഗത്ത്, ഈ ട്രെൻഡിനെ ഒരു 'റെഡ് ഫ്ലാഗ്' ആയി കാണുന്നവരുമുണ്ട്. അവരുടെ ആശങ്കകൾ ഇവയാണ്:

  • വിട്ടുവീഴ്ച : മികച്ച ഒരാളെ കണ്ടെത്താൻ കഴിയില്ലെന്ന ഭയത്താൽ നമ്മൾ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
  • താൽപ്പര്യക്കുറവ്: പങ്കാളിയോട് വേണ്ടത്ര ആകർഷണമോ താൽപ്പര്യമോ ഇല്ലാതെ ഒരു ബന്ധം തുടങ്ങുന്നത് പിന്നീട് മടുപ്പിനും അകൽച്ചയ്ക്കും കാരണമായേക്കാം.
  • അവഗണന: പങ്കാളിയെ വെറുമൊരു 'നമ്പർ' ആയി കാണുന്നതും അവർക്ക് നമ്മളിലുള്ള താൽപ്പര്യം തിരിച്ചറിയാതെ പോകുന്നതും ബന്ധത്തെ തകർക്കും.

ചുരുക്കത്തിൽ '6-7' ട്രെൻഡ് ഓർമ്മിപ്പിക്കുന്നത് ബന്ധങ്ങളിൽ അമിതമായ പ്രതീക്ഷകൾ വെക്കാതിരിക്കാനാണ്. എന്നാൽ അതേസമയം, വെറുമൊരു വിട്ടുവീഴ്ചയായി ഡേറ്റിംഗിനെ കാണുന്നത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. പരസ്പര ബഹുമാനവും വൈകാരികമായ ഒത്തുചേരലും ഉണ്ടെങ്കിൽ മാത്രമേ ഏത് ബന്ധവും വിജയകരമാകൂ.