മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് ഒരു കൈവിരലും കാൽവിരലും മാത്രം ചലിപ്പിക്കാൻ കഴിയുന്ന ചൈനീസ് യുവാവായ ലീ സിയ, വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവിക്കുന്നത്. ഈ പരിമിതികളെല്ലാം മറികടന്ന്, സാങ്കേതിക വിദ്യ ഉപയോഗിച്ച് അദ്ദേഹം ഒരു ‘സ്മാർട്ട് ഫാം’ നിർമ്മിച്ചു.
വിധിയെ തോൽപ്പിക്കാൻ ശരീരത്തിന്‍റെ കരുത്തല്ല, മനസ്സിന്‍റെ ഉറപ്പാണ് വേണ്ടതെന്ന് തെളിയിക്കുകയാണ് ലീ സിയ എന്ന 36 കാരനായ ചൈനീസ് യുവാവ്. ശ്വസിക്കാൻ വെന്‍റിലേറ്ററിന്‍റെ സഹായം വേണം, ചലിപ്പിക്കാൻ ആകെയുള്ളത് ഒരു കൈ വിരലും ഒരു കാൽവിരലും മാത്രം. എന്നാൽ, ഈ പരിമിതികളെല്ലാം മറികടന്ന് അത്യാധുനികമായ ഒരു 'സ്മാർട്ട് ഫാം' (Smart Farm) നിർമ്മിച്ച് ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഈ യുവാവ്.
ഒരു കൈ വിരലും ഒരു കാൽവിരലും മാത്രം ചലിക്കും
ചൈനയിലെ ചോങ്കിങ് സ്വദേശിയായ ലീ സിയയ്ക്ക് അഞ്ചാം വയസ്സിലാണ് പേശികളെ ബാധിക്കുന്ന മസ്കുലർ ഡിസ്ട്രോഫി (Muscular dystrophy) ബാധിച്ചത്. രോഗം കൂടിയതോടെ അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. എന്നാൽ, വായനയും പഠനവും അദ്ദേഹം ഉപേക്ഷിച്ചില്ല. അനിയത്തി സ്കൂളിൽ നിന്ന് കൊണ്ടുവരുന്ന കമ്പ്യൂട്ടർ പുസ്തകങ്ങളിലൂടെയാണ് ലീ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് എത്തിയത്. 25-ാം വയസ്സിൽ ഇന്‍റർനെറ്റിന്‍റെ സഹായത്തോടെ സ്വന്തമായി പ്രോഗ്രാമിംഗ് പഠിച്ചെടുത്തു.
ശ്വസിക്കുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്താൽ
രോഗം മൂർച്ഛിച്ചതോടെ ലീയുടെ ശാരീരികാവസ്ഥ വഷളായി. നടക്കാനും ആഹാരം കഴിക്കാനും ശ്വസിക്കാൻ പോലും ബുദ്ധിമുട്ടായി. 2020 -ൽ അദ്ദേഹം കോമയിലായി. ഡോക്ടർമാർ പോലും പ്രതീക്ഷ കൈവിട്ട ഘട്ടത്തിൽ നിന്നാണ് ലീ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇന്ന് ഒരു വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ലീ ശ്വസിക്കുന്നത് തന്നെ.
അമ്മയുടെ സഹായത്തോടെ സ്വന്തം കമ്പനി
2021 -ലാണ് മണ്ണില്ലാ കൃഷിരീതിയെക്കുറിച്ച് (Soilless farming) ലീ പഠിക്കുന്നത്. ഇന്‍റർനെറ്റ് ഓഫ് തിങ്‌സ് (IoT) സാങ്കേതികവിദ്യ കൃഷിയിൽ പ്രയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. വെർച്വൽ കീബോർഡിന്‍റെ സഹായത്തോടെ ഒരു കൈ വിരലും കാൽവിരലും മാത്രം ചലിപ്പിച്ച് അദ്ദേഹം ഒരു സ്മാർട്ട് ഫാം കൺട്രോൾ സിസ്റ്റം വികസിപ്പിച്ചെടുത്തു. ലീയുടെ അമ്മ വു ദിമെയ് ആണ് മകന്‍റെ ആശയങ്ങൾക്ക് കൈകളായി പ്രവർത്തിച്ചത്. മകന്‍റെ നിർദ്ദേശപ്രകാരം അമ്മ സർക്യൂട്ടുകൾ യോജിപ്പിക്കാനും വയറിങ് ചെയ്യാനും പഠിച്ചു. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ വാഹനം പോലും ഇവർ നിർമ്മിച്ചു. സാധനങ്ങൾ എത്തിക്കാനാണ് ഈ വാഹനം ഇപ്പോൾ ഉപയോഗിക്കുന്നത്. ഇന്ന് ലീയുടെ സ്മാർട്ട് ഫാം വലിയ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി ഒരു കമ്പനിയും അദ്ദേഹം ഇതിനിടെ ആരംഭിച്ചു. സാങ്കേതിക വിദ്യയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏതൊരു തടസ്സത്തെയും മറികടക്കാമെന്ന് ലീ സിയ തെളിയിക്കുന്നു. ചൈനയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയൊരു പ്രചോദനമാണ് ഇന്ന് ഈ യുവാവ്.


