
അനുനിമിഷം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഫാഷൻ സെക്ടർ. പലപ്പോഴും ഫാഷൻ മേഖലയിലെ അധികായന്മാരായ വൻകിട കമ്പനികൾ പുറത്തിറക്കുന്ന പുത്തൻ ട്രെൻഡുകൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിൽ ആയാലും ആഭരണങ്ങളുടെ കാര്യത്തിൽ ആയാലും മറ്റ് ആക്സസറീസുകളുടെ കാര്യത്തിലായാലും ഓരോ നിമിഷവും പുറത്തുവന്നുകൊണ്ടിരിക്കുന്നത് അതിശയിപ്പിക്കുന്ന മോഡലുകളാണ്. സമാനമായ രീതിയിൽ ഇപ്പോഴിതാ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് തന്നെ ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഒരു ഉൽപ്പന്നവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് ബ്രാൻഡായ കോപ്പർണി. ഉൽക്കാശില ഉപയോഗിച്ചാണ് ഇവർ തങ്ങളുടെ പുതിയ ബാഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉൽക്കാശില ഉപയോഗിച്ച് രൂപകല്പന ചെയ്ത ഈ ബാഗ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. മിനി മെറ്റിയോറൈറ്റ് സ്വൈപ്പ് ബാഗ് എന്നാണ് ഈ ബാഗിന്റെ പേര്. പൂർണ്ണമായും ഉൽക്കാശിലയിൽ നിർമ്മിക്കുന്ന ഈ ലിമിറ്റഡ് എഡിഷൻ ബാഗിന് 40,000.00 യൂറോയാണ് (35.51 ലക്ഷം രൂപ) വില. ഉൽക്കാ ശിലയുടെ നിറത്തിന് അനുസരിച്ച് കറുപ്പ് നിറത്തിലും കടും ചാര നിറത്തിലും ബാഗ് ലഭ്യമാണ്.
കോപ്പർണിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇൻസ്റ്റാ പേജിലും മെറ്റിയോറൈറ്റ് സ്വൈപ്പ് ബാഗിന്റെ ചിത്രവും കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാഗ് പൂർണമായും കൈകൊണ്ട് നിർമ്മിക്കുന്നതിനാൽ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ആകൃതിയിൽ നിന്നും ചെറിയ മാറ്റങ്ങൾ വന്നേക്കാം എന്നും ബാഗിന്റെ നിർമ്മാണത്തിനായി വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഉൽക്കാശിലകൾ ശേഖരിക്കുന്നത് എന്നുമാണ് കോപ്പർണി വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. രണ്ടു കിലോയാണ് ഇതിൻറെ ഭാരം. ബാഗിന്റെ വലിപ്പത്തിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം എങ്കിലും വെബ്സൈറ്റിൽ ശരാശരി വലിപ്പം ആയി പറയുന്നത് 9x12x23 സെന്റീമീറ്റർ ആണ് . കോപ്പർണിയുടെ ഫാൾ- വിന്റർ 2023-2024 ഫാഷൻ ഷോയുടെ ഭാഗമായാണ് ബാഗ് അവതരിപ്പിച്ചത്.