നേന്ത്രവാഴ കൃഷി ചെയ്യാം; പ്രകൃതിക്ഷോഭത്തില്‍ നശിച്ചാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

By Nitha S VFirst Published Nov 22, 2019, 5:19 PM IST
Highlights

'കന്ന് നട്ടുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞാല്‍ വാഴ ഒന്നിന് 3 രൂപ നിരക്കില്‍ പ്രീമിയം അടച്ച് കൃഷിഭവനില്‍ ഇന്‍ഷൂര്‍ ചെയ്യണം. കുലച്ച് കഴിഞ്ഞ് പ്രകൃതി ക്ഷോഭത്തില്‍ വാഴ നശിക്കുകയാണെങ്കില്‍ കുലയൊന്നിന് 300 രൂപ ഏത്തവാഴയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.' പ്രമോദ് പറയുന്നു.

ഈര്‍പ്പമുള്ള കാലാവസ്ഥയാണ് വാഴക്കൃഷിക്ക് അനുയോജ്യമായി കാണപ്പെടുന്നത്. ഞാലിപ്പൂവന്‍, മൊന്തന്‍, റോബസ്റ്റ, ചെങ്കദളി, പാളയംകോടന്‍, കദളി, കര്‍പ്പൂരവള്ളി എന്നിവ നമ്മള്‍ സാധാരണയായി കൃഷി ചെയ്യുന്ന വാഴകളാണ്. കേരത്തില്‍ കൃഷി ചെയ്യുന്ന പ്രധാന നേന്ത്രവാഴ ഇനങ്ങളാണ് മഞ്ചേരി നേന്ത്രന്‍, കരുളായി, ചെങ്ങാലിക്കോടന്‍, സ്വര്‍ണമുഖി, കാളിയേത്തന്‍, ആറ്റുനേന്ത്രന്‍, ചെങ്ങാലിക്കോടന്‍, സ്വര്‍ണമുഖി എന്നിവ. നനയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നവര്‍ മാത്രമേ നേന്ത്രവാഴ കൃഷി ചെയ്യാവൂ.

നേന്ത്രവാഴ കൃഷി ചെയ്യുന്ന വിധം

'നേന്ത്രവാഴ കൃഷി ചെയ്യുമ്പോള്‍ രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം. ഒരടി മേല്‍മണ്ണ് കുഴിയില്‍ തിരിച്ചിട്ട് 200 ഗ്രാം കുമ്മായവും ചേര്‍ത്ത് ഇളക്കി കരിയിലകളിട്ട് രണ്ടാഴ്ച വെക്കണം.' കൊല്ലം ചാത്തന്നൂര്‍ കൃഷി ഓഫീസിലെ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ പ്രമോദ് മാധവന്‍ നേന്ത്രവാഴയുടെ കൃഷിരീതി വിശദമാക്കുന്നു.

'ഒരു കയ്യില്‍ കൊള്ളുന്ന വലിപ്പമുള്ള ഒന്നരക്കിലോഗ്രാം ഭാരമുള്ള വാഴക്കന്നുകള്‍ നന്നായി വൃത്തിയാക്കി 100 ഡിഗ്രി തിളച്ച വെള്ളത്തില്‍ ഇരുപത് സെക്കന്റ് മുക്കി വെക്കണം. അത് ആറിയ ശേഷം പച്ചച്ചാണകവും ചാരവും ചേര്‍ന്ന കുഴമ്പില്‍ മുക്കി 4 ദിവസം വെയിലില്‍ ഉണക്കി സൂക്ഷിക്കാം. 10 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും കാല്‍ക്കിലോ വീതം എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് കന്ന് നന്നായി ചവിട്ടി ഉറപ്പിച്ച് കരിയിലയിട്ട് മൂടാം.' പ്രമോദ് മാധവന്‍ വ്യക്തമാക്കുന്നു.

10 ഗ്രാം വന്‍പയര്‍ തടത്തിന് ചുറ്റുമായി വിതച്ച് 35 ദിവസം കഴിയുമ്പോള്‍ പറിച്ച് തടത്തില്‍ തന്നെയിട്ട് പച്ചച്ചാണകം കലക്കിയൊഴിക്കാം. 

കുലച്ചു കഴിഞ്ഞാല്‍ കൂമ്പ് ഒടിച്ചു കഴിഞ്ഞ് അവസാന വളം ചേര്‍ക്കാവുന്നതാണ്. വളം ചേര്‍ക്കുന്നത് ആറ് തവണകളായാണ്. ആകെ 415 ഗ്രാം യൂറിയ, 575 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് , 600 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കാം. രാസവളം പ്രയോഗിക്കുന്നതിന് മുമ്പ് 100 ഗ്രാം വീതം ഡോളമൈറ്റ് തടത്തില്‍ വിതറി ചേര്‍ക്കാം.

'വാഴ കുലച്ച് അവസാന പടല വിരിഞ്ഞു കഴിഞ്ഞാല്‍ ഉടനെ കൂമ്പ് ഒടിക്കണം. കുല വന്ന് രണ്ടാഴ്ച കഴിഞ്ഞാലും ഒരു മാസം കഴിഞ്ഞാലും ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം പൊട്ടാസ്യം സള്‍ഫേറ്റ് കലക്കി കുലയിലും അവസാനം വന്ന ഇലകളിലും തളിച്ചുകൊടുക്കണം. കുലയ്ക്ക് നല്ല നിറവും തൂക്കവും ലഭിക്കാന്‍ ദ്വാരങ്ങളിട്ട പ്ലാസ്റ്റിക് കവറോ തുണിസഞ്ചിയോ ചാക്കോ ഉണങ്ങിയ ഇലകളോ ഉപയോഗിച്ച് പൊതിയാം' വാഴയെ പരിചരിക്കുന്ന വിധമാണ് പ്രമോദ് വ്യക്തമാക്കുന്നത്.

കുല വന്ന് കഴിഞ്ഞാലും വാഴയെ ശരിയായ രീതിയില്‍ പരിചരിക്കണം. വശങ്ങളില്‍ നിന്നും മുളയ്ക്കുന്ന കന്നുകള്‍ ചവിട്ടി ഒടിച്ചിടണം. തടതുരപ്പന്‍ പുഴുവിന്റെ ആക്രമണമാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്.

'കന്ന് നട്ടുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞാല്‍ വാഴ ഒന്നിന് 3 രൂപ നിരക്കില്‍ പ്രീമിയം അടച്ച് കൃഷിഭവനില്‍ ഇന്‍ഷൂര്‍ ചെയ്യണം. കുലച്ച് കഴിഞ്ഞ് പ്രകൃതി ക്ഷോഭത്തില്‍ വാഴ നശിക്കുകയാണെങ്കില്‍ കുലയൊന്നിന് 300 രൂപ ഏത്തവാഴയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.' പ്രമോദ് പറയുന്നു.

നവംബര്‍ രണ്ടാമത്തെ ആഴ്ചയോടെയാണ് അടുത്ത ഓണത്തിനുള്ള വാഴക്കൃഷി തുടങ്ങുന്നത്. ഒരുമിച്ച് വാഴ കുലയ്ക്കാന്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ ചില വഴികള്‍ പ്രമോദ് സൂചിപ്പിക്കുന്നു.

1. ഓരേ ബാച്ചില്‍പ്പെട്ട ഒരേ വലിപ്പമുള്ള ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍ നട്ടാല്‍  ഒരുമിച്ച് കുലയ്ക്കും

2. വാഴക്കന്ന് നടാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരേ വലിപ്പമുള്ള കന്നുകള്‍ ഒരേ പ്രായത്തിലുള്ളത് എടുക്കുക.

3. വലിപ്പത്തിന്റെ അടിസ്ഥാനത്തിലും വാഴക്കന്നുകള്‍ നാടം. ഇടത്തരം വലിപ്പമുള്ളവ, അതിന് മുകളില്‍ വലിപ്പമുള്ളവ, അതിന് താഴെ വലിപ്പമുള്ളവ എന്നിങ്ങനെ ഓരേ രീതിയില്‍ ഒരേ വരിയില്‍ നട്ടാല്‍ ഒരേ സമയത്ത് കുലയ്ക്കും.

4. മാണപ്പുഴു മുട്ടകളെയും നിമാവിരകളെയും നശിപ്പിക്കാന്‍ നന്നായി ചെത്തിയൊരുക്കിയ വാഴക്കന്നുകള്‍ നന്നായി തിളയക്കുന്ന വെള്ളത്തില്‍ ഇരുപത് സെക്കന്റ് അല്ലെങ്കില്‍ പകുതി തിളച്ച് വെള്ളത്തില്ഡ 20-25 മിനിറ്റ് മുക്കിവെച്ച ശേഷം നടാം

5. അടിവളമായി 10 കിലോജൈവവളവും ഓരോ നാലിലയ്ക്കും ഒന്ന് എന്ന രീതിയില്‍ നൈട്രജന്‍-ഫോസ്ഫറസ്-പൊട്ടാസ്യം വളപ്രയോഗത്തിലൂടെയും വാഴയ്ക്ക് കൂമ്പ് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

click me!