ബാങ്കിൽ വിളിച്ച് 'പെട്ടുപോയി'; മാർപ്പാപ്പയുടെ ഫോൺ കട്ട് ചെയ്ത് കസ്റ്റമർ കെയർ പ്രതിനിധി

Published : May 10, 2026, 08:46 PM IST
Pope Leo XIV

Synopsis

തന്റെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ മാറ്റാനായി കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കുണ്ടായ രസകരമായ അനുഭവം. മാർപ്പാപ്പയാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ കസ്റ്റമർ കെയർ പ്രതിനിധി ഫോൺ കട്ട് ചെയ്യുകയായിരുന്നു. 

കസ്റ്റമർ കെയർ പ്രതിനിധികളുമായി സംസാരിക്കുന്നത് പലപ്പോഴും അത്ര സുഖകരമാകാറില്ല, പ്രത്യേകിച്ച് ചെറിയ കാര്യങ്ങൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുമ്പോൾ. ഈ ബുദ്ധിമുട്ട് സാധാരണക്കാർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ തലവനായ മാർപ്പാപ്പയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നതാണ് കൗതുകകരമായ വാർത്ത. തന്റെ സുഹൃത്തായ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് നേരിടേണ്ടി വന്ന ഇത്തരമൊരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് റവ. ടോം മക്കാർത്തി. ചിക്കാഗോ സ്വദേശിയായ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് 2025 -ൽ ആണ് ലിയോ പതിനാലാമൻ എന്ന പേരിൽ മാർപ്പാപ്പയായി സ്ഥാനമേറ്റെടുത്തത്. സ്ഥാനമേറ്റ് രണ്ട് മാസം കഴിഞ്ഞപ്പോൾ തന്റെ ബാങ്ക് അക്കൗണ്ടിലെ ഫോൺ നമ്പറും വിലാസവും മാറ്റാനായി അദ്ദേഹം ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ചു.

സോഷ്യൽ സെക്യൂരിറ്റി നമ്പറും മറ്റ് സുരക്ഷാ ചോദ്യങ്ങൾക്കുമുള്ള മറുപടിയും നൽകിയെങ്കിലും മറുപടി അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു. 'ക്ഷമിക്കണം സാർ, വിലാസം മാറ്റണമെങ്കിൽ നിങ്ങൾ നേരിട്ട് ബാങ്കിൽ എത്തണം' എന്നായിരുന്നു കസ്റ്റമർ കെയർ പ്രതിനിധിയുടെ മറുപടി. തനിക്ക് നേരിട്ട് വരാൻ കഴിയില്ലെന്നും കാര്യങ്ങൾ ലളിതമാക്കാൻ സാധിക്കുമോ എന്നും മാർപ്പാപ്പ ചോദിച്ചെങ്കിലും അവർ വഴങ്ങിയില്ല.

ഒടുവിൽ തന്റെ പക്കലുള്ള ഏറ്റവും വലിയ 'കാർഡ്' അദ്ദേഹം പുറത്തെടുത്തു. 'ഞാൻ ലിയോ മാർപ്പാപ്പയാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടാകുമോ?' എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ ഇത് കേട്ട പാതി കേൾക്കാത്ത പാതി, ആരോ പറ്റിക്കാൻ വിളിക്കുകയാണെന്ന് കരുതി ആ സ്ത്രീ ഫോൺ കട്ട് ചെയ്യുകയായിരുന്നു! മാർപ്പാപ്പയുടെ ഫോൺ കട്ട് ചെയ്ത സ്ത്രീ എന്നറിയപ്പെടുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. ഒടുവിൽ റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു പുരോഹിതൻ ബാങ്ക് പ്രസിഡന്റുമായി ബന്ധപ്പെട്ടു പ്രശ്നം പരിഹരിക്കുകയായിരുന്നു. ബാങ്കിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വത്തിക്കാന്റെ തലപ്പത്തെത്തുന്നതിന് മുൻപ് ചിക്കാഗോയിലെ ഒരു സാധാരണ ചുറ്റുപാടിൽ വളർന്ന ലിയോ പതിനാലാമൻ മാർപ്പാപ്പ, പെറുവിൽ മിഷനറി ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980 -കൾ മുതൽ മക്കാർത്തിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന അദ്ദേഹം, തന്റെ ലളിതമായ ജീവിതരീതികൊണ്ടും ശ്രദ്ധേയനാണ്.

PREV
Read more Articles on
click me!

Recommended Stories

ഇത് വിനോദമല്ല, കൊടും ക്രൂരത, ദയനീയമായി കരഞ്ഞ് ഒട്ടകം, വലിച്ചെഴുന്നേല്പിച്ച് ഉടമ, ഫോട്ടോ പകർത്തി ടൂറിസ്റ്റ്
വീടിനുള്ളിൽ ആരുമറിയാതെ വളർത്തിയത് 309 മലമ്പാമ്പുകളെ! യുവാവിനെ കുടുക്കിയത് ‌വൈദ്യുതി ബിൽ!