ഇമ്രാൻ ഹാഷ്മി ചിത്രം 'അവാരാപൻ 2' പ്രദർശനത്തിനിടെ തിയറ്ററിൽ കൂട്ടത്തല്ല്. സിനിമയുടെ കഥ വിളിച്ചുപറഞ്ഞ ദമ്പതികളെ മറ്റു പ്രേക്ഷകർ ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയം വലിയ ചർച്ചയായി.

സിനിമ കാണാനെത്തിയ പ്രേക്ഷകർക്ക് ഏറ്റവും അലോസരപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ് സ്പോയിലർ. എന്നാൽ, ‘അവാരാപൻ 2’ പ്രദർശനത്തിനിടെ ചില പ്രേക്ഷകർക്ക് നേരിട്ട അനുഭവം സ്പോയിലറിൽ ഒതുങ്ങിയില്ല; ഒടുവിൽ തർക്കവും കയ്യാങ്കളിയും എന്തിന് പരസ്പരമുള്ള തമ്മിൽത്തല്ലോളമെത്തി കാര്യങ്ങൾ. ഓഗസ്റ്റ് 14 -നാണ് ഇമ്രാൻ ഹാഷ്മിയും ദിഷ പടാനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം തിയറ്ററുകളിലെത്തിയത്.

സിനിമയ്ക്കിടെ കഥ പറഞ്ഞ് ദമ്പതികൾ

സിനിമയുടെ പ്രദർശനത്തിനിടെ ഒരു ദമ്പതികൾ ചിത്രത്തിലെ നിർണായക സംഭവങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിനിമയുടെ കഥ ആദ്യമായി ആസ്വദിക്കുന്ന പ്രേക്ഷകരെ ഇത് പ്രകോപിപ്പിച്ചു. പ്രത്യേകിച്ച് ഇടവേള സമയത്ത് സ്പോയിലറിനെച്ചൊല്ലി ദമ്പതികളും മറ്റു പ്രേക്ഷകരും തമ്മിൽ വാക്കുതർക്കം ആരംഭിച്ചു. പിന്നീട് വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

Scroll to load tweet…

അടി അടിയോടടി

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തിയറ്റർ ജീവനക്കാർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രശ്നം കൂടുതൽ വഷളാകാതെ രംഗം ശാന്തമാക്കിയെന്നാണ് വിവരം. എന്നാൽ ഇതിനിടെ തീയറ്ററിലെ ബഹളം സഹിക്കാൻ പറ്റാതെ ചിലർ പടം പകുതിയിൽ നിർത്തി ഇറങ്ങിപ്പോഴെയന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതായോ തിയറ്റർ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചതായോ റിപ്പോർട്ടുകളിൽ പരാമർശിക്കുന്നില്ല.

സമ്മിശ്ര പ്രതികരണവുമായി നെറ്റിസെൺസ്

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിനിമ കാണുമ്പോൾ മറ്റുള്ളവരുടെ അനുഭവങ്ങൾ കൂടി മാനിക്കണമെന്ന് നിരവധി പേർ എഴുതി. അതേസമയം സിനിമയുടെ കഥ മുൻകൂട്ടി വെളിപ്പെടുത്തുന്നത് മറ്റുപ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുന്നതിനാൽ സ്പോയിലർ ഒഴിവാക്കണമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. 2007 -ലെ കൾട്ട് ചിത്രമായ അവാരാപന്‍റെ രണ്ടാം ഭാഗമായ അവാരാപൻ 2 റിലീസ് ചെയ്ത ആദ്യദിവസം തന്നെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇമ്രാൻ ഹാഷ്മിയുടെ തിരിച്ചുവരവും പഴയ ചിത്രത്തോടുള്ള ആരാധകരുടെ നൊസ്റ്റാൾജിയയും ചിത്രത്തിന്‍റെ റിലീസിന് വലിയ ആവേശം സൃഷ്ടിച്ചിരുന്നു. അങ്ങനെ സിനിമയിലെ ആക്ഷനും വികാരങ്ങളും ആസ്വദിക്കാനെത്തിയവർക്കിടയിൽ, സിനിമയ്ക്ക് പുറത്തുണ്ടായ തമ്മിലടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയൊരു ചർച്ചാ വിഷയം.