
അടിമത്തത്തിൽ നിന്ന് ഭാരതീയ ജനതയെ ആത്മാഭിമാനത്തിലേക്കും വിദേശാധിപത്യത്തിനെതിരെ പ്രതിരോധത്തിലേക്കും ഉണർത്തിയ പ്രതിഭാസങ്ങളിൽ പ്രധാനമാണ് സാഹിത്യസൃഷ്ടികൾ. ഇന്ത്യൻ ദേശീയബോധസൃഷ്ടിയിൽ ആദ്യപങ്ക് വഹിച്ച സാഹിത്യകാരന്മാരിൽ പെടുന്നു ബങ്കിംചന്ദ്ര ചതോപാധ്യായ (1838-1894).
ആധുനിക ബംഗാളി സാഹിത്യത്തിന്റെ തന്നെ സൃഷ്ടാക്കളിൽ മുന്നിലാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ബങ്കിം ചന്ദ്രനും അദ്ദേഹത്തിന്റെ നോവലായ ആനന്ദ മഠവും. ബംഗാളി നവോഥാനത്തിന്റെയും ദേശീയബോധത്തിന്റെയും പ്രചോദനമായിത്തീർന്നു 1882 -ൽ പ്രസിദ്ധീകരിച്ച ആനന്ദമഠം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പതിനെട്ടാം നൂറ്റാണ്ടിൽ ഉയർന്ന സന്യാസി -ഫക്കീർ കലാപമായിരുന്നു നോവലിന്റെ പ്രമേയം. ഈ നോവലിൽ അവതരിപ്പിക്കപ്പെടുന്നതാണ് ഇന്ത്യയുടെ ദേശീയഗീതമായി തീർന്ന വിഖ്യാതമായ വന്ദേ മാതരം. ഈ ഗീതത്തിനു സംഗീതം പകർന്നത് രവീന്ദ്രനാഥ് ടാഗോർ. ഇന്ത്യയുടെ ഭൗതികവും ആത്മീയവുമായ എല്ലാ മുഖമുദ്രകളെയും പ്രകീർത്തിക്കുന്ന ഈ ഗീതം ദേശീയപ്രസ്ഥാനത്തിനു വലിയ ആവേശവും ആത്മാഭിമാനവും പകർന്നു.
1838 -ൽ 24 പർഗാനയിലെ കാന്താൽപാറയിൽ ജനിച്ച ബങ്കിം ചന്ദ്രൻ കൽക്കത്താ പ്രസിഡൻസി കോളേജിൽ നിന്നുള്ള ആദ്യ ബിരുദധാരികളിൽ പെടുന്നു. നിയമം പഠിച്ച് ജെസോറിലെ ജില്ലാ മജിസ്‌ട്രേറ്റായ ബങ്കിം ചന്ദ്രന്റെ സാഹിത്യജീവിതത്തിന്റെ ആരംഭം കവിതയിലായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ സുഹൃത്തായ ബങ്കിംചന്ദ്രൻ ഉണരുന്ന ആധുനിക ഇന്ത്യൻ ദേശീയതയുടെ വക്താവായി. ക്രമേണ ഗദ്യസാഹിത്യ രചനയിലേക്ക് വന്ന ബങ്കിംചന്ദ്രന്റെ മറ്റു നോവലുകൾ ദുർഗേശ നന്ദിനി, കപാൽ കുണ്ടല എന്നിവ ഉൾപ്പെടുന്നു.
തീവ്രദേശീയതയോട് അനുഭാവം പുലർത്തിയ ബങ്കിം ആയിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ബ്രിട്ടീഷുകാർക്കെതിരെ സായുധസമരത്തിനു വാദിച്ച അരവിന്ദഘോഷിന്റെയും അനുശീലൻ സമിതിയുടെയും പ്രചോദനം. ടാഗോർ അദ്ദേഹത്തെ സവ്യസാചി എന്ന വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ ആഖ്യായികയായ അനുശീലൻ തത്വ ആണ് പ്രമതനാഥ് മിത്ര സ്ഥാപിച്ച തീവ്രദേശീയപ്രസ്ഥാനമായ അനുശീലൻ സമിതിക്ക് ബീജാവാപം ചെയ്തത്.
അതേസമയം ബങ്കിംചന്ദ്രന്റെ ദർശനവും കൃതികളും വന്ദേമാതരവും മാത്രമല്ല ബംഗാളി നവോഥാനത്തിന്റെ ഒരു ധാരയും സവർണ ഹൈന്ദവമതദേശീയതയുടെ മുദ്രകൾ വഹിക്കുന്നെന്നുവെന്ന ദൗർബല്യം നേരിടുന്നു. മുസ്ലിം മതവികാരത്തിനു വിരുദ്ധമാണെന്ന ആക്ഷേപം മൂലം
വന്ദേമാതരത്തിന്റെ ചില ഭാഗങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 1937 -ൽ കൽക്കത്താ സമ്മേളനത്തിൽ നിന്ന് ആലപിക്കേണ്ടെന്നും ജവഹർ ലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ തീരുമാനമുണ്ടായി.