
സ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും സ്ത്രീഉന്നതിയും പിന്നെ പ്രണയം, പ്രണയത്തകര്‍ച്ച, 'ടോക്‌സിക്' ബന്ധങ്ങള്‍ ഇവയെല്ലാമാണ് മിക്കപ്പോഴും പാട്ടിലെ വരികളാവുക. ആഗോളപര്യടനങ്ങളിലും വിവിധ കലാകാരന്‍മാരുമായി സഹകരിച്ച് ആല്‍ബങ്ങള്‍ ഇറക്കുമ്പോഴും തനത് കലാവ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവരാണ് നാലംഗസംഘം
തെക്കന്‍ കൊറിയയില്‍ നിന്നുള്ള ബോയ്ബാന്‍ഡ് മാത്രമല്ല ലോകപ്രശസ്തം. പേരും പെരുമയുള്ള സംഘമാണ് പെണ്‍കുട്ടികള്‍ മാത്രമുള്ള ബ്ലാക്ക് പിങ്ക്. ഒന്നിച്ചുള്ള പുതിയ പാട്ടുകളിറക്കാന്‍ ഒരിടവേള എടുത്തിരിക്കുന്ന നാലംഗപെണ്‍സംഘം ഇക്കൊല്ലം തിരിച്ചെത്തുമെന്ന വാര്‍ത്തകളില്‍ സന്തോഷിച്ചിരിക്കുകയായിരുന്നു ആരാധകസംഘം. അപ്പോഴാണ് ബിടിഎസ് ഇനി കുറച്ചുകാലം ഒറ്റക്കൊറ്റക്കുള്ള പാട്ടില്‍ ശ്രദ്ധിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയെത്തിയത്. ബ്ലാക്ക്പിങ്കിന് 'മാസ്' ആയി തിരിച്ചെത്താന്‍ ഇത് നല്ല അവസരമാണെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു. ഒന്നിച്ചെത്തി കെ പോപ് രംഗം പൊളിച്ചടുക്കാന്‍ പറ്റിയ സമയമെന്നും.
കൊറിയന്‍ അന്താരാഷ്ട്ര സാംസ്‌കാരികവിനിമയഏജന്‍സിയുടെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം കെ പോപ് രംഗത്ത് ബിടിഎസിന് തൊട്ടുപിന്നിലാണ് ബ്ലാക്ക് പിങ്കിന്റെ സ്ഥാനം. 74.7 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ബ്ലാക്ക് പിങ്കിന്റെ യുട്യൂബ് ചാനലിന് ഉള്ളത്. സ്‌പോട്ടിഫൈയില്‍ പിന്തുടരുന്നത് 29ദശലക്ഷം പേര്‍. 2016-ല്‍ തുടക്കം കുറിച്ചപ്പോള്‍ മുതല്‍ തന്നെ ആരാധകരുടെ പ്രിയം നേടിയ പെണ്‍പടയാണ് ബ്ലാക്ക് പിങ്ക്. 2018ല്‍ യൂണിവേഴ്‌സല്‍ മ്യൂസിക്കിന്റെ ഇന്റര്‍സ്‌കോപ് റെക്കോഡ്‌സുമായി കരാറൊപ്പിട്ടു. ലോകപ്രശസ്തരായ ലേഡി ഗാഗ, സെലേന ഗോമസ്, കാര്‍ഡി ബി തുടങ്ങിയവരുമായി ആല്‍ബങ്ങളില്‍ സഹകരിച്ചതോടെ നാലംഗസംഘത്തിന്റെ അന്താരാഷ്ട്രപശസ്തി വാനോളം ഉയര്‍ന്നു. പല സ്ഥലത്ത് പഠിച്ചുവളര്‍ന്നവര്‍ എന്നത് നാലുപേര്‍ക്കും ഭാഷാ, സാംസ്‌കാരിക, ശൈലീവ്യതിയാനങ്ങള്‍ മാറ്റിമറിച്ചുള്ള ഗാനരീതിക്ക് തുണയായി. ജിസു കൊറിയയില്‍ തന്നെയായിരുന്നു. റോസ് ജനിച്ചത് ന്യൂസിലാന്‍ഡിലും വളര്‍ന്നത് ഓസ്‌ട്രേലിയിയലുമാണ്. ലീസ തായ്‌ലനന്‍ഡില്‍ നിന്നാണ്. ജെന്നി ജനിച്ചത് കൊറിയയില്‍, പഠിച്ചത് ന്യൂസിലാന്‍ഡില്‍.
സംഗീതരംഗത്ത് ബ്ലാക്ക്പിങ്കിന്റേതായി ഒട്ടേറെ നേട്ടങ്ങളുണ്ട്. ബില്‍ബോര്‍ഡിന്റെ എമേര്‍ജിങ് ആര്‍ട്ടിസ്റ്റ് പട്ടികയിലിടം പിടിച്ച ആദ്യത്തെ കെ പോപ് ഗേള്‍ ബാന്‍ഡ്. അമേരിക്കന്‍ റെക്കോഡിങ് ഇന്‍ഡസ്ട്രി അസോസിയേഷന്റെയും ഓസ്‌ട്രേലിയന്‍ റെക്കോഡിങ് ഇന്‍ഡസ്ട്രി അസോസിയേഷന്റെയും ബ്രിട്ടീഷ് ഫോണോഗ്രാഫിക് ഇന്‍ഡസ്ട്രിയുടേയും സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ആദ്യ കെ പോപ് ഗേള്‍ ബാന്‍ഡ്. MTV മ്യൂസിക് വീഡിയോ പുരസ്‌കാരം നേടുന്ന ആദ്യ കെ പോപ് ഗേള്‍ ബാന്‍ഡ്. പത്ത് ലക്ഷത്തിലധികം ആല്‍ബം വിറ്റ ആദ്യ കെ പോപ് ഗേള്‍ ബാന്‍ഡ് (2020ലെ ആല്‍ബം) തീര്‍ന്നില്ല. ആല്‍ബവും ഐസ്‌ക്രീമും ബില്‍ബോര്‍ഡ് പട്ടികയിലിടം നേടി. യുട്യൂബ് കാഴ്ചാകണക്കുകളിലും ബ്ലാക്ക് പിങ്കിന്റെ നേട്ടം അസൂയാവഹമാണ്.
2019-ലെ KILL THIS LOVE, 2020-ലെ HOW YOU LIKE THAT രണ്ട് മ്യൂസിക് വീഡിയോയും പുറത്തിറങ്ങി 24 മണിക്കൂറിനകം കണ്ടവരുടെ കണക്കില്‍ റെക്കോഡിട്ടു. HOW YOU LIKE THAT ഗിന്നസ് ബുക്കിലിടം നേടി. പുരസ്‌കാരങ്ങളുടെ പട്ടികയും ചെറുതല്ല. ബ്രാന്‍ഡ് വാല്യൂ നോക്കിയാലും മുന്നില്‍ തന്നെ. ലോകപ്രശസ്തമായ ആഗോളഫാഷന്‍ ഗ്രൂപ്പുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് നാലുപേരും. ഫാഷന്‍ ലോകത്ത് സ്വന്തം നിലക്ക് തരംഗങ്ങളുണ്ടാക്കാന്‍ പോന്നവര്‍.ആധുനിക വസ്ത്രങ്ങളുടെ വിശാലസാധ്യതകള്‍ തേടുമ്പോഴും പരമ്പരാഗത കൊറിയന്‍ വസ്ത്രമായ ഹാന്‍ബുക്കിന് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്തിട്ടുണ്ട് ഈ പെണ്‍പട. കൊറിയയിലെ പ്രമുഖ വിനോദവ്യാപാര കമ്പനിയായ YG Entertainment ആണ് ബ്ലാക്ക് പിങ്കിന്റെ സ്വന്തക്കാര്‍. അവരുടെ വിജയത്തിന്റെ പ്രധാന ആണിക്കല്ലും പ്രധാന വരുമാനസ്രോതസ്സും ബ്ലാക്ക് പിങ്ക് ആണ്.
സ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും സ്ത്രീഉന്നതിയും പിന്നെ പ്രണയം, പ്രണയത്തകര്‍ച്ച, 'ടോക്‌സിക്' ബന്ധങ്ങള്‍ ഇവയെല്ലാമാണ് മിക്കപ്പോഴും പാട്ടിലെ വരികളാവുക. ആഗോളപര്യടനങ്ങളിലും വിവിധ കലാകാരന്‍മാരുമായി സഹകരിച്ച് ആല്‍ബങ്ങള്‍ ഇറക്കുമ്പോഴും തനത് കലാവ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവരാണ് നാലംഗസംഘം. സംഗീതത്തിലൂടെ അവനവനെ പ്രതിഫലിപ്പിക്കുന്ന പെണ്‍പട. അതാണ് ബ്ലാക്ക് പിങ്ക്.
കുറച്ചുകാലമായി, ഏതാണ്ട് രണ്ട് കൊല്ലമായി ഒറ്റയ്‌ക്കൊറ്റക്കുള്ള പാട്ടുകളാണ് ബ്ലാക്ക് പിങ്ക് വക ഉണ്ടായിട്ടുള്ളത്. വിവിധ ടെലിവിഷന്‍ പരിപാടികളിലും അവരെത്തിയിരുന്നു. നാലുപേരും കൂടി ചേര്‍ന്നുള്ള പാട്ടിനും ആല്‍ബത്തിനും വീഡിയോക്കുമായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടയിലാണ് ബിടിഎസ് ഇടവേളയെടുക്കുന്ന വാര്‍ത്ത എത്തിയിരിക്കുന്നത്. ആരാധകകൂട്ടായ്മയായ ബ്ലിങ്കിന്റെ കാത്തിരിപ്പിന് ആവേശം കൂടാന്‍ വേറെ എന്ത് വേണം?
വാല്‍ക്കഷ്ണം: BTS-ലെ വിയും ബ്ലാക്ക് പിങ്കിലെ ജെന്നിയും പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ട്. ആര്‍മിയും ബ്ലിക്കും രണ്ടുകൂട്ടരും കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്, ഉള്ളതാണോ എന്നുറപ്പിക്കാന്‍.