India@75 : റോസാപ്പൂ ദുരൈ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട ബാരിസ്റ്റർ ജോർജ്ജ് ജോസഫ് എന്ന ചെങ്ങന്നൂർക്കാരൻ

By Web TeamFirst Published Jul 28, 2022, 11:37 AM IST
Highlights

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ബാരിസ്റ്റർ ജോർജ്ജ് ജോസഫ്.
 

തമിഴ്‌നാട്ടിലെ മധുരയിൽ റോസാപ്പൂ ദുരൈ എന്ന നാട്ടുകാർ സ്നേഹപൂർവ്വം വിളിക്കുന്ന ഒരു മലയാളി ഉണ്ടായിരുന്നു. അദ്ദേഹമാണ് ബാരിസ്റ്റർ ജോർജ്ജ് ജോസഫ് എന്ന ചെങ്ങന്നൂർ സ്വദേശി. പ്രശസ്ത അഭിഭാഷകൻ, ദേശീയപ്രസ്ഥാനനായകൻ, പത്രാധിപർ, ഗാന്ധിജിയുടെ പ്രിയ സഖാവ്. 

1887 -ൽ സിഐ ജോസഫിന്റെയും സാറാമ്മയുടെയും മകനായി ജനനം. മദിരാശിയിൽ ബിരുദ പഠനത്തിനു ശേഷം ഇംഗ്ലണ്ടിൽ എഡിൻബറയിൽ ഉപരിപഠനം. പ്രശസ്തമായ മിഡിൽ ടെംപിളിൽ നിന്ന് ബാരിസ്റ്റർ ബിരുദം. ലണ്ടനിലെ ഇന്ത്യൻ ദേശീയവാദികളായ മാഡം കാമ, വിഡി സവർക്കർ, ശ്യാമ കൃഷ്ണവർമ്മ എന്നിവരുമായി ബന്ധപ്പെട്ട് ദേശീയ പ്രവർത്തനത്തില്‍ ഭാഗമായി. ഇന്ത്യയിലെത്തി ആദ്യം ചെന്നൈയിലും പിന്നീട് മധുരയിലും അഭിഭാഷകവൃത്തി ആരംഭിച്ചപ്പോൾ അദ്ദേഹം ഹോം റൂൾ പ്രസ്ഥാനത്തിൽ സജീവമായി. ഹോം റൂള്‍ പ്രസ്ഥാനത്തിന്‍റെ നായിക ആനി ബസന്തിന്‍റെ ക്ഷണപ്രകാരം ഇംഗ്ലണ്ടിലേക്ക് തിരിച്ച ജോര്‍ജ് ജോസഫിനെ ജിബ്രാൾട്ടറിൽ വെച്ച് ബ്രിട്ടീഷ് അധികാരികൾ തടഞ്ഞ് ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുകയുണ്ടായി.

1920 ഏപ്രില്‍ 3 -ന് മധുര ജില്ലയിലെ ഉസിലാംപെട്ടിക്കടുത്ത് പെരുങ്ക മണല്ലൂർ ഗ്രാമത്തിൽ ബ്രിട്ടീഷ് പൊലീസ് ഒരു നരനായാട്ട് നടത്തി. വിവിധ സമുദായങ്ങളെ മുഴുവൻ കുറ്റവാളികളാക്കി മുദ്രകുത്തുന്ന ക്രിമിനൽ ട്രൈബ്സ് എന്ന നിയമത്തിനെതിരെ പിരമലൈ കള്ളർ എന്ന ഗോത്ര വിഭാഗം നടത്തിയ പ്രക്ഷോഭത്തിനു നേരെ വെടിവെയ്പ്പുണ്ടായി. 17 പേർ കൊല്ലപ്പെട്ടു. നൂറു കണക്കിന് പേരെ ചങ്ങലയ്ക്കിട്ട് കൊണ്ടുപോയി തുറുങ്കിലടച്ചു. അനേകം പേരെ മർദ്ദിച്ച് ജീവശ്ശവങ്ങളാക്കി. ഒരു വർഷം മുമ്പ്  ജാലിയൻവാലാബാഗിൽ നടന്ന കൂട്ടക്കൊലയ്ക്ക് സമാനം. തെക്കേ ഇന്ത്യയിലെ ജാലിയൻവാലാബാഗ് എന്ന് പെരുങ്കമണല്ലൂര്‍ അറിയപ്പെട്ടു. 

ആരും തുണയ്ക്കാനില്ലാത്ത ഈ ദരിദ്ര സമുദായത്തിനായി ഒരു രക്ഷകൻ വന്നു. അതായിരുന്നു ബാരിസ്റ്റര്‍ ജോർജ്ജ് ജോസഫ്. അദ്ദേഹം ഇവർക്ക് വേണ്ടി വർഷങ്ങളോളം നിരന്തരം കേസുകൾ നടത്തി, ഒട്ടേറെ പേരെ ജയില്‍ മോചിതരാക്കി. ബ്രിട്ടീഷ് സർക്കാരിന്റെ കരിനിയമത്തിനെതിരെ  അദ്ദേഹം ഒരു പ്രതിഷേധപ്രക്ഷോഭം സംഘടിപ്പിച്ചു. കള്ളർ സമുദായം ജോർജ്ജ് ജോസഫിനെ റോസാപ്പൂ ദുരൈ എന്ന ഓമനപ്പേരില്‍ വിളിച്ചു. ഇന്നും ജോർജ്ജ് ജോസഫിനെ ഓർമ്മിക്കാൻ മധുരയിൽ കുട്ടികൾക്ക് റോസാപ്പൂ എന്ന് പേരിടുന്നുണ്ട്. മധുരയിൽ ഇന്ത്യയിലെ ആദ്യത്തെ മിൽ തൊഴിലാളി സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. 

കള്ളര്‍ ഗോത്ര വിഭാഗത്തിന്റെ റോസാപ്പൂ ദുരൈ - ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് pic.twitter.com/DMEXV4zMCb

— Asianet News (@AsianetNewsML)

 

ഇതേ തുടർന്ന് ദേശീയപ്രസ്ഥാനത്തിലേക്ക് കൂടുതൽ മുഴുകി ജോർജ്ജ് ജോസഫ്. 1919 -ൽ ഗാന്ധിജിയെ കണ്ടു. നിസ്സഹകരണസമരത്തിൽ പങ്കെടുത്ത് തന്റെ വിജയകരമായ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. മുഴുവൻ സമയം ദേശീയപ്രസ്ഥാനത്തില്‍ സജീവം. മധുരയിലെ അദ്ദേഹത്തിന്റെ വസതി ദേശീയനേതാക്കളായ ഗാന്ധിജിയ്ക്കും, രാജാജിയ്ക്കുമൊക്കെ താവളമൊരുക്കി. അദ്ദേഹത്തിന്റെ ഈ വീട്ടിൽ കഴിയുമ്പോഴാണത്രെ സുബ്രഹ്മണ്യഭാരതി തന്റെ പ്രശസ്തമായ വിടുതലൈ എന്ന ദേശസ്നേഹ കവിത രചിച്ചത്.  

ജോസഫും ഭാര്യ സൂസനും ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ അന്തേവാസിയായി മാറി. സമരങ്ങളും തടവും തുടർക്കഥയായി. അലഹബാദിൽ തന്‍റെ ഇൻഡിപെൻഡന്റ് പത്രത്തിന്‍റെ പത്രാധിപരായി ജോര്‍ജ് ജോസഫിനെ മോത്തിലാൽ നെഹ്രു നിയമിച്ചു . ബ്രിട്ടനെ വിമർശിച്ച് ലേഖനങ്ങള്‍ എഴുതിയതിന് ദേശദ്രോഹക്കുറ്റത്തിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. പിന്നീട് ഗാന്ധിജിയുടെ യങ് ഇന്ത്യയുടെയും പത്രാധിപരായി ജോര്‍ജ് ജോസഫ്. 1924 ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിനും മിശ്രവിവാഹത്തിനും ഒക്കെ ശബ്ദമുയർത്തി.1938 ൽ അൻപതാം വയസ്സിൽ മധുരയിൽ അന്തരിച്ച ജോർജ്ജ് ജോസഫിന്റെ സഹോദരനാണ് വിഖ്യാത പത്രാധിപർ പോത്തൻ ജോസഫ്. 

click me!