
ചൈനീസ് ബാസ്കറ്റ് ബോൾ താരം ഷൗ ക്വിയും അദ്ദേഹത്തിൻറെ ഇളയ മകനുമൊപ്പമുള്ള മനോഹരമായ ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഈ ദൃശ്യങ്ങളിൽ ഒരു ബാസ്കറ്റ് ബോൾ പ്ലെയർ എന്നതിലുപരി ഒരു അച്ഛൻറെ സ്നേഹത്തിൻറെ മുഖമാണ് തെളിയുന്നത്. ചൈനയുടെ 15 -ാമത് ദേശീയ ഗെയിംസ് സമ്മാന വേദിയിലാണ് ഈ ദൃശ്യങ്ങൾ പിറന്നത്. സ്വർണ്ണ മെഡൽ നേടിയ ശേഷം, ഷൗ ക്വി തന്റെ സഹതാരങ്ങൾക്കൊപ്പം വേദിയിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിൻറെ ഇളയ കുട്ടിയും കൂടെയുണ്ട്. ചടങ്ങിനിടെ, ഓരോ കളിക്കാരനും ഒരു മാസ്‌കോട്ട് അതായത് ഒരു ചിഹ്നം സമ്മാനമായി ലഭിച്ചു. ഷൗവിന് ലഭിച്ചത് വെള്ള നിറത്തിലുള്ള മാസ്‌കോട്ട് ആണ്.
ഷൗവിന്റെ മകൻ ഒരു സഹകളിക്കാരൻ പിടിച്ചിരുന്ന പിങ്ക് നിറത്തിലുള്ള ഭാഗ്യചിഹ്നം കണ്ടു. ആ ചിഹ്നം ആ കൊച്ചു കുട്ടിയുടെ മനസ്സ് കവർന്നു. തൻറെ അച്ഛൻറെ കയ്യിലുള്ള വെള്ള ചിഹ്നത്തിന് പകരം പിങ്ക് നിറത്തിലുള്ള ചിഹ്നം വേണമെന്ന് ആ കുട്ടി ആവശ്യപ്പെട്ടു. ഷൗ തന്റെ സഹകളിക്കാരന്റെ അടുത്തേക്ക് പോയി വെള്ള ചിഹ്നം കൈമാറിയ ശേഷം പിങ്ക്ചിഹ്നം വാങ്ങി. ആവേശഭരിതനായി കാത്തുനിൽക്കുന്ന മകന് പിങ്ക് നിറത്തിലുള്ള ചിഹ്നം സമ്മാനിച്ചു. ക്യാമറയിൽ പതിഞ്ഞ ഈ മനോഹര ദൃശ്യങ്ങൾ അതിവേഗം വൈറലായി.
തന്റെ സമ്മാനം വെച്ച് മാറി മകൻറെ സന്തോഷത്തിന് മുൻഗണന നൽകിയ ഷൗവിൻ്റെ സ്നേഹത്തെ വീഡിയോ കണ്ടവർ പ്രശംസിച്ചു. ഒരു പിതാവിൻറെ സ്നേഹവും സൗഹൃദവും വരച്ചു കാണിക്കുന്ന ഈ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു.