ബിബിസി വേൾഡ് ന്യൂസിന് ചൈനയിൽ നിരോധനം, ‌‌പ്രതികാര നടപടിയോ?

By Web TeamFirst Published Feb 12, 2021, 12:48 PM IST
Highlights

അടുത്തിടെ സിന്‍ജിയാങ്ങില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തതത്രയും കെട്ടുകഥയാണെന്നും തെറ്റായ വിവരം പരത്തുന്നതിനായി ആളുകളെ വച്ച് നാടകം കളിപ്പിക്കുകയാണ് ബിബിസി ചെയ്തിരിക്കുന്നതെന്നും ചൈന ആരോപിക്കുന്നു. 

ബിബിസി വേള്‍ഡ് ന്യൂസിന് ചൈനയില്‍ നിരോധനം. ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള സിജിടിഎന്നിന് (CGTN) അടുത്തിടെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ പ്രതികാരം ചെയ്യുമെന്ന് ബെയ്ജിംഗ് ഭീഷണിപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ബിബിസി വേൾഡ് ന്യൂസ് ചൈനയിൽ സംപ്രേഷണം ചെയ്യുന്നത് വിലക്കിയത് എന്നതും ശ്രദ്ധേയമാണ്. 

ചൈനയുടെ നാഷണല്‍ റേഡിയോ ആന്‍ഡ് ടെലവിഷന്‍ അഡ്മിനിസ്ട്രേഷന്‍ പറയുന്നത് ചൈനയെ കുറിച്ച് ബിബിസി വേള്‍ഡ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമല്ലെന്നും വസ്തുതയ്ക്ക് നിരക്കാത്തതാണെന്നുമാണ്. ഒപ്പം ചൈനയുടെ ദേശീയ താൽപ്പര്യങ്ങളെയും വംശീയ ഐക്യദാർഢ്യത്തെയും ദുർബലപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് ബിബിസി നൽകുന്നതെന്നും അവർ ആരോപിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഹോങ്കോങ്ങിന്റെ പബ്ലിക് ബ്രോഡ്‌കാസ്റ്ററായ ആർ‌ടി‌എച്ച്‌കെ ഇത് പിന്തുടർന്നു, രാത്രി 11 മുതൽ പിറ്റേന്ന് രാവിലെ ഏഴ് മണി വരെ സംപ്രേഷണം ചെയ്തിരുന്ന ബിബിസി വേൾഡ് സർവീസ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

“ചൈനീസ് അധികൃതരുടെ ഈ നടപടിയിൽ ഞങ്ങൾ നിരാശരാണ്. ഏറ്റവും വിശ്വസനീയമായ അന്താരാഷ്ട്ര വാർത്താസംപ്രേഷകരാണ് ബി‌ബി‌സി, ലോകമെമ്പാടുമുള്ള സംഭവങ്ങള്‍ നേരായും നിഷ്പക്ഷമായും ഭയമോ പ്രത്യേകതാല്‍പര്യമോ ഇല്ലാതെയുമാണ് നാം റിപ്പോര്‍ട്ട് ചെയ്യുന്നത്“ എന്നാണ് ഇതിനോട് ബിബിസി പ്രതികരിച്ചത്. 

പ്രധാന വ്യാപാര പങ്കാളികളിലൊന്നായ ചൈനയുമായുള്ള യുകെയുടെ ബന്ധം വഷളായതിന്റെ മറ്റൊരു അടയാളമാണ് നിരോധനമെന്നാണ് മനസിലാവുന്നത്. മുൻ യുകെ കോളനിയായ ഹോങ്കോങ്ങിൽ പുതിയ ചൈനീസ് സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതും വിമതർക്കെതിരായ വ്യാപകമായ അടിച്ചമർത്തലും മൂലം ബന്ധം തകർന്ന നിലയിലായിരുന്നു. ചൈനീസ് നിക്ഷേപത്തിന് യുകെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, ചൈനയുമായുള്ള നയതന്ത്രബന്ധം പരാജയപ്പെട്ടുവെന്നും യുകെ രാഷ്ട്രീയക്കാർ വാദിക്കുന്നുണ്ട്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഈ നീക്കത്തെ “മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത്” എന്നാണ് വിശേഷിപ്പിച്ചത്. ലോകത്തിന്‍റെ മുന്നില്‍ ചൈനയുടെ അന്തസ് തകര്‍ക്കുന്ന നടപടിയാണ് ഇതെന്നും റാബ് പറഞ്ഞു. 

ചൈനയിലെ കൊവിഡ് 19 -നുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗറുകള്‍ക്കും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന പീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, നിര്‍ബന്ധിതവേല തുടങ്ങിയ കാര്യങ്ങള്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തതിനെ ചൈനീസ് സര്‍ക്കാര്‍ നിശിതമായി വിമര്‍ശിച്ചു. ഒരു വിദേശചാനലെന്ന നിലയില്‍ ചൈനയില്‍ സംപ്രേഷണം ചെയ്യുന്ന രീതിയില്‍ ബിബിസി വേള്‍ഡ് ന്യൂസ് പരാജയപ്പെട്ടുവെന്നും അതിനാല്‍ ഇനിമുതല്‍ സംപ്രേഷണം ചെയ്യാന്‍ അനുമതിയുണ്ടായിരിക്കുന്നതല്ലെന്നും റേഡിയോ ആന്‍ഡ് ടെലവിഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. അടുത്ത വര്‍ഷത്തേക്ക് സംപ്രേഷണത്തിനുള്ള അപേക്ഷ സ്വീകരിക്കില്ല എന്നും ഇവര്‍ അറിയിച്ചിരിക്കുകയാണ്. 

അടുത്തിടെ സിന്‍ജിയാങ്ങില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തതത്രയും കെട്ടുകഥയാണെന്നും തെറ്റായ വിവരം പരത്തുന്നതിനായി ആളുകളെ വച്ച് നാടകം കളിപ്പിക്കുകയാണ് ബിബിസി ചെയ്തിരിക്കുന്നതെന്നും ചൈന ആരോപിക്കുന്നു. ഇതിനകം തന്നെ ചില ഹോട്ടലുകള്‍, വിദേശികള്‍ക്കായുള്ള റെസിഡന്‍ഷ്യല്‍ കോംപൌണ്ടുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊന്നും ബിബിസി ലഭ്യമല്ല. ഇത് ഏത് രീതിയില്‍ രാജ്യത്തെ ബാധിക്കുമെന്നത് വ്യക്തമല്ല. 

വായിക്കാം: കൈകൾ കെട്ടിയിടും, ശരീരമാസകലം കടിക്കും; ചൈനയിലെ തടങ്കൽ പാളയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്നത്

ഏതായാലും സിജിടിഎന്നിനായുള്ള സംപ്രേഷണ ലൈസൻസ് റദ്ദാക്കാന്‍ ബ്രിട്ടന്റെ കമ്മ്യൂണിക്കേഷൻ വാച്ച്ഡോഗ് ഓഫ്‌കോം ഈ മാസം എടുത്ത തീരുമാനത്തോടുള്ള പ്രതികരണമാണ് ചൈനീസ് നടപടിയെന്ന് വേണം കരുതാന്‍. ചാനലും ചൈനയിലെ ഭരണപാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഓഫ്കോം ചൂണ്ടിക്കാണിച്ചിരുന്നു. ചൈനയിലെ ഒരു ബ്രിട്ടീഷ് തടവുകാരനെക്കൊണ്ട് നിര്‍ബന്ധിത കുറ്റസമ്മതം നടത്തിച്ചതിനും ഹോംകോങ്ങില്‍ നടന്ന ജനാധിപത്യപ്രക്ഷോഭങ്ങള്‍ പക്ഷപാതപരമായി റിപ്പോര്‍ട്ട് ചെയ്തതിനും ഓഫ്കോം നേരത്തെ ചാനലിനെ ശാസിച്ചിരുന്നു. 

എന്നാല്‍, ഓഫ്‌കോം വിധി വന്ന ദിവസം, ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ്, വ്യക്തമായ രാഷ്ട്രീയതാൽപര്യമാണ് ഈ വിധിക്ക് പിന്നിലെന്ന് ആരോപിക്കുകയും ചൈനീസ് മാധ്യമങ്ങളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി പ്രതികരിക്കാനുള്ള അവകാശം ചൈനയിൽ നിക്ഷിപ്തമാണെന്നും മുന്നറിയിപ്പ് നൽകി. തീവ്ര വലതുപക്ഷ സംഘടനകളും ചൈന വിരുദ്ധ സേനയും ഓഫ്കോമിനെ സ്വാധീനിച്ചിരിക്കുന്നുവെന്നാണ് സിജിടിഎൻ പറഞ്ഞത്. ബ്രിട്ടീഷ് സംപ്രേഷണ ലൈസന്‍സ് നഷ്ടപ്പെട്ടത് ചൈനയ്ക്ക് തിരിച്ചടിയായി എന്നുവേണം കരുതാന്‍. അതിനാലാവണം പ്രതികാരനടപടിയായി ബിബിസി നിരോധിച്ചിരിക്കുന്നതും. 

ഏതായാലും ബിബിസി നിരോധിച്ചതിനെ ചൊല്ലി വലിയ ചര്‍ച്ചകള്‍ക്ക് യുകെയില്‍ തുടക്കമായിട്ടുണ്ട്. 'ലോകമെമ്പാടുമുള്ള സംഭവങ്ങളുടെ ഉയർന്ന നിലവാരമുള്ള റിപ്പോർട്ടിംഗ് ഉറപ്പാക്കുന്നതിന് ബിബിസി പോലുള്ള മാധ്യമങ്ങളുടെ പങ്ക് നിർണായകമാണെ'ന്ന് ലിബറൽ ഡെമോക്രാറ്റുകളുടെ വിദേശകാര്യ വക്താവ് ലെയ്‌ല മൊറാൻ പറഞ്ഞു. 'സിൻജിയാങ്ങിലെ ഉയ്ഗറുകൾക്ക് നേരെനടക്കുന്നത് വംശഹത്യയാണ്. ഇത് റിപ്പോർട്ട് ചെയ്തതിന് ബിബിസിയെ നിശബ്ദരാക്കുന്നത് ചൈനീസ് സർക്കാര്‍ തങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങൾ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കാണിക്കുന്നതാണ്' എന്നും മൊറാന്‍ പറയുന്നു. 

ചൈന യുകെ ഇന്‍റർ പാർലമെന്‍ററി അലയൻസ് അംഗം യാസ്മിൻ ഖുറേഷി പറഞ്ഞതിങ്ങനെയാണ്, “ബിബിസിയെ ചൈനയിൽ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് വിലക്കാനുള്ള തീരുമാനം ചൈനീസ് സർക്കാരിൻറെ സ്വേച്ഛാധിപത്യ ഭരണത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നവരോട് കാണിക്കുന്ന അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണമാണ്.”

click me!