തോട്ടിപ്പണിയിൽ നിന്നും പത്മശ്രീയിലേക്ക്, ഉഷ ചൗമാറിന്റെ ജീവിതം

By Web TeamFirst Published Feb 12, 2021, 9:56 AM IST
Highlights

അങ്ങനെ ഉഷയ്ക്ക് വ്യത്യസ്തമായ ഒരു ജീവിതം ലഭിച്ചു. അപ്പോൾ മുതൽ എല്ലാ ദിവസവും രാവിലെ അവൾക്ക് മറ്റുള്ളവരുടെ മാലിന്യം കോരേണ്ടതായി വന്നില്ല. കുളിച്ച്, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് അവൾ കേന്ദ്രത്തിൽ പോകാൻ തുടങ്ങി.

രാജസ്ഥാനിലെ ഉഷ ചൗമാർ മുൻപ് ഒരു തോട്ടിപ്പണി തൊഴിലാളിയായിരുന്നു. അൽവാറിലെ തന്റെ ഗ്രാമത്തിൽ തീർത്തും അവഗണിക്കപ്പെട്ടു കഴിഞ്ഞിരുന്ന ആ 42 -കാരി എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഇപ്പോൾ സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ പ്രസിഡന്റും പത്മശ്രീ ജേതാവുമായി.  “ഒരു ജന്മത്തിൽ തന്നെ ഞാൻ രണ്ട് ജീവിതങ്ങൾ നയിച്ചു. സമൂഹത്തിലെ തൊട്ടുകൂടായ്മ എന്ന സങ്കൽപ്പത്തിനെതിരെ പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു” ഉഷ ദൃഢനിശ്ചയത്തോടെ പറയുന്നു. 

രാജസ്ഥാനിലെ ഭരത്പൂരിലെ ഒരു ദളിത് കുടുബത്തിലാണ് ഉഷ ജനിച്ചത്.  തോട്ടിപ്പണിചെയ്തിരുന്ന അവരുടെ കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി. തൊട്ടുകൂടാത്തവരായി അവർ അവിടെ ജീവിച്ചു. ആളുകൾ അവരെ തൊട്ടില്ല, ചന്തയിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ അനുവദിച്ചില്ല, ക്ഷേത്രങ്ങളിലും വീടുകളിലും പ്രവേശിക്കുന്നത് വിലക്കി. വെറും ഏഴ് വയസ്സുള്ളപ്പോഴാണ് ഉഷ തന്റെ അമ്മക്കൊപ്പം തോട്ടിപ്പണിയ്ക്ക് പോകാൻ തുടങ്ങിയത്.  അവളുടെ കുടുംബം പാരമ്പര്യമായി ചെയ്ത വന്ന ഈ തൊഴിലിൽ നിന്ന് പുറത്തുപോകാനുള്ള വഴി അവർക്കറിയില്ലായിരുന്നു. കിഴക്ക് വെള്ള കീറുന്നതിന് മുൻപ് തന്നെ എഴുന്നേറ്റ് കൊട്ടയും ബക്കറ്റും ചൂലുമായി ഗ്രാമത്തിലെ ശൗചാലയങ്ങൾ വൃത്തിയാക്കാൻ പുറപ്പെടുന്നത് അവർക്ക് ഇന്നും ഓർമ്മയുണ്ട്. “ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു. ഞങ്ങളുടേത് അക്ഷരാർത്ഥത്തിൽ ഒരു അഴുകിയ ജീവിതമായിരുന്നു” ഉഷ പറഞ്ഞു. വെറും 10 -ാം വയസ്സിൽ അവളുടെ വിവാഹവും കഴിഞ്ഞു.  

“ഞാൻ ഒരു ബാലവധുവായിരുന്നു. പതിനാലാമത്തെ വയസ്സിൽ എന്നെ എന്റെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. എന്റെ വീട് മാത്രം മാറി, ജോലി മാറിയില്ല," അവർ പറഞ്ഞു. ഉഷയുടെ ഭർത്താവ് അൽവാറിലെ പ്രാദേശിക മുനിസിപ്പാലിറ്റിയിൽ ക്ലീനർ ആയിരുന്നു. അമ്മായിയമ്മ ഒരു തോട്ടിപ്പണിക്കാരിയും, സ്വാഭാവികമായും ഉഷയ്ക്കും ഇതേ ജോലി തുടരേണ്ടിവന്നു. എത്രയെല്ലാം ത്യാഗങ്ങൾ സഹിച്ച് ജോലി ചെയ്താലും കൈയിൽ കിട്ടുന്നത് തുച്ഛമായ വരുമാനമായിരിയ്ക്കും. ജോലി പൂർത്തിയാക്കിക്കഴിഞ്ഞാൽ വെറും 10 മുതൽ 20 രൂപ വരെ ദൈനംദിന വേതനമാണ് അവർക്ക് ലഭിച്ചിരുന്നത്. വസ്ത്രങ്ങൾ വാങ്ങാൻ പണമില്ലാതിരുന്ന അവർക്ക് ആ കുടുംബങ്ങൾ കൈമാറിയ പഴയ വസ്ത്രങ്ങളായിരുന്നു ഏക ആശ്രയം.    

ഉഷയെ സംബന്ധിച്ചിടത്തോളം, ആ ഇരുണ്ട ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ മാർഗ്ഗമൊന്നും കാണാതിരുന്ന സമയത്താണ് ഒരു വഴിത്തിരിവ് ഉണ്ടാകുന്നത്. 2003 -ൽ, അവർ ഇതിനകം തന്നെ ഒരു അമ്മയായിരുന്നു. സുലഭ് ഇന്റർനാഷണലിൽ നിന്നുള്ള ഡോ. ബിന്ദേശ്വർ പഥക് അവരുടെ ഗ്രാമത്തിലെത്തി. തോട്ടിപ്പണിക്കാരുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹം ആഗ്രഹിച്ചു. "അതിനുമുമ്പ്, എന്റെ ഭർത്താവല്ലാതെ മറ്റൊരാണുമായി സംസാരിക്കാൻ ഞാൻ ഒരിക്കലും ധൈര്യപ്പെട്ടിരുന്നില്ല. എന്തുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും ഈ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം ഞങ്ങളോട് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം നൽകേണ്ടി വന്നു," ഉഷ പറഞ്ഞു. തന്നെപ്പോലുള്ള സ്ത്രീകൾക്ക് മറ്റ് ജോലികൾ ചെയ്യാൻ അനുവാദമില്ലെന്ന് സുലഭ് ഇന്റർനാഷണൽ സ്ഥാപകൻ ഡോ. പതക്കിനോട് ഉഷ പറഞ്ഞു. അവർക്ക് കിട്ടുന്ന പ്രതിമാസ വരുമാനം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ  മുഖത്തെ ആശ്ചര്യവും ഞെട്ടലും ഉഷ ഇപ്പോഴും ഓർക്കുന്നു.

അൽവാറിലെ തന്റെ ചേരിയിലേക്ക് ഉഷ സാമൂഹിക പ്രവർത്തകരെ കൊണ്ടുപോയി. മറ്റ് തൊഴിലുകളെക്കുറിച്ച് തങ്ങൾക്ക് ചിന്തിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ അവർ ശ്രമിച്ചു. “ഞങ്ങൾ ടൈലറിംഗ് ചെയ്താൽ ആരാണ് ഞങ്ങളുടെ വസ്ത്രങ്ങൾ വാങ്ങുക? ഞങ്ങൾ പച്ചക്കറികൾ വിൽക്കുകയാണെങ്കിൽ ആരാണ് അവ കഴിക്കുക? ” ഉഷ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. അവരുടെ ഉത്പന്നങ്ങൾ വാങ്ങാൻ ആളുകളെ കണ്ടെത്തുമെന്ന് ഉറപ്പ് നൽകിയ ഡോ. പതക് പ്രതിമാസം 1500 രൂപ വരുമാനം വാഗ്ദാനം ആ സ്ത്രീകൾക്ക് ചെയ്തു. ഭയവും, അരക്ഷിതാവസ്ഥവും മറികടന്ന് ഉഷ പദ്ധതിയിൽ ചേരാൻ തന്നെ തീരുമാനിച്ചു. മറ്റ് സ്ത്രീകളും ഇത് പിന്തുടർന്നു. താമസിയാതെ, മുൻ തോട്ടിപ്പണിക്കാർക്കായി സുലഭ് പ്രാദേശിക എൻ‌ജി‌ഒ നായ് ദിശ സ്ഥാപിച്ചു, അവിടെ അവർക്ക് വിവിധ നൈപുണ്യ വികസന പരിശീലനം നൽകി.

അങ്ങനെ ഉഷയ്ക്ക് വ്യത്യസ്തമായ ഒരു ജീവിതം ലഭിച്ചു. അപ്പോൾ മുതൽ എല്ലാ ദിവസവും രാവിലെ അവൾക്ക് മറ്റുള്ളവരുടെ മാലിന്യം കോരേണ്ടതായി വന്നില്ല. കുളിച്ച്, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് അവൾ കേന്ദ്രത്തിൽ പോകാൻ തുടങ്ങി. ചിരിയ്ക്കും സംസാരത്തിനുമിടയിൽ, അവർ ബാഗുകൾ തുന്നാനും, വിളക്കുകൾ ഉണ്ടാക്കാനും, ജാം തയ്യാറാക്കാനും പഠിച്ചു. ഗ്രാമത്തിൽ ശരിയായ ശുചിത്വമില്ലായ്മയാണ് പ്രശ്നത്തിന്റെ മൂലകാരണമെന്ന് ഉഷ തിരിച്ചറിഞ്ഞു. കൂടാതെ, ദലിതരെ പാർശ്വവത്കരിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം അവരുടെ ദുരവസ്ഥയും നിരാശയും വർദ്ധിപ്പിച്ചു. ഗ്രാമത്തിലെ എല്ലാ വീടുകളിലും ടോയ്‌ലറ്റുകൾ പണിയണമെന്ന് സുലഭ് വാദിച്ചതപ്പോഴാണ്. പതുക്കെ തോട്ടിപ്പണി ചെയ്യേണ്ടതിന്റെ ആവശ്യകതയെ മൊത്തത്തിൽ ഇല്ലാതാക്കാൻ അവർക്ക് കഴിഞ്ഞു.  പെട്ടെന്നുതന്നെ അവർ ശക്തയായ ഒരു പൊതുപ്രഭാഷകയായിത്തീർന്നു, തോട്ടിപ്പണി ചെയ്യുന്നതിനെതിരെ അവർ ശബ്ദമുയർത്തി. തന്നെപ്പോലുള്ള നൂറുകണക്കിന് സ്ത്രീകൾക്ക് പ്രചോദനം നൽകിയ ഉഷ ലോകമെമ്പാടും സഞ്ചരിച്ചു. മാത്രമല്ല, സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷനിൽ പ്രസിഡന്റ് സ്ഥാനം അഭിമാനത്തോടെ വഹിക്കുന്നു.

ഒരുകാലത്ത് സ്വന്തം ജീവിതം പോലും നന്നാക്കാൻ സാധിക്കാതിരുന്ന ഉഷ ഇപ്പോൾ രാജ്യത്തെ മറ്റ് നൂറുകണക്കിന് തോട്ടിപ്പണിക്കാരുടെ ശബ്ദമാണ്. ബലഹീനയും ദുർബലയും “തൊട്ടുകൂടാത്ത” സ്ത്രീയുമായിരുന്ന അവർ ഇന്ന് ആത്മവിശ്വാസത്തിന്റെയും, ഇച്ഛാശക്തിയുടെയും, ശാക്തീകരണത്തിന്റെയും യഥാർത്ഥ ഉദാഹരണമാണ്. “എനിക്ക് മുമ്പ് മരിക്കാനായിരുന്നു ആഗ്രഹം. പക്ഷേ, ഇന്ന് ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇതിലും മെച്ചപ്പെട്ട ഒരു ജീവിതം എനിക്കിനി കിട്ടാനില്ല” അവർ പറഞ്ഞു.  

click me!