
സ്വതവേ ഭക്ഷണത്തിന് കൊതിയാണ് കരടിക്ക് എന്ന് പറയാറുണ്ട്. വിദേശത്ത് പല വീടുകളിലും കയറി ഭക്ഷണം കഴിച്ച് ഇറങ്ങിപ്പോകുന്ന കരടികളുടെ അനേകം വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അങ്ങനെയുള്ള ഒരു കരടിയുടെ ചിത്രമാണ് വൈറലാവുന്നത്. കാലിഫോർണിയയിലെ ഒരു പ്രശസ്തമായ ഐസ്ക്രീം പാർലറിൽ കയറി വിവിധ ഫ്ലേവറിലുള്ള ഐസ്ക്രീം രുചിച്ച് നോക്കുന്ന ഒരു കൂറ്റൻ കരടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഫസി എന്നാണ് ഈ കരടിയെ വിളിക്കുന്നത്. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. ഒരു ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണത്രെ കരടി ഐസ്ക്രീം പാർലറിലെത്തിയത്.
സൗത്ത് ലേക്ക് ടഹോയിലെ ക്യാമ്പ് റിച്ചാർഡ്‌സണിലുള്ള ഐസ്ക്രീം ഷോപ്പിൽ കയറിയ കരടി നേരെ ചെന്നുപെട്ടത് ചെക്ക്ഔട്ട് കൗണ്ടറിന് പിന്നിലാണ്. ഷെരീഫിന്റെ ഓഫീസിൽ നിന്നും പുറത്തുവിട്ട ചിത്രങ്ങളാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഈ കരടി മധുരം കഴിച്ച ശേഷം ഒരുതരം കുറ്റബോധം തോന്നിക്കുന്ന മുഖത്തോടെ ക്യാമറയിലേക്ക് നോക്കുന്നതും കാണാം. കൂടാതെ കരടി അവിടെയിരുന്ന് ഐസ്ക്രീം കഴിക്കുകയും ചെയ്യുന്നുണ്ട്. ഈ കരടി ഇങ്ങനെ ഇരുന്ന് ഐസ്ക്രീം കഴിക്കുന്നത് കണ്ടപ്പോൾ തങ്ങൾക്ക് വിശ്വസിക്കാനായില്ല എന്നാണ് സ്ഥലത്തെത്തിയ പൊലീസുകാർ പറയുന്നത്.
ഒരു പ്രത്യേക ഐസ്ക്രീമാണ് അവന് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്തായാലും, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുറച്ച് കഴിഞ്ഞപ്പോൾ ബഹളമൊന്നും ഉണ്ടാക്കാതെ തന്നെ കരടി പുറത്തിറങ്ങി. എന്നാൽ, അവന് ഏറ്റവും ഇഷ്ടപ്പെട്ടത് സ്ട്രോബറി ഐസ്ക്രീം ആണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മാത്രമല്ല, ഐസ്ക്രീം പാർലറിൽ അവൻ എന്തെങ്കിലും നശിപ്പിച്ചിട്ടോ ഒന്നുമില്ല. പക്ഷേ, ഇവിടെയുള്ള ഐസ്ക്രീം മുഴുവനും മാറ്റേണ്ടി വന്നു. കരടി എന്തിലൊക്കെ സ്പർശിച്ചിട്ടുണ്ട് എന്നതിനെ കുറിച്ചൊന്നും അറിയില്ല. അതിനാൽ ആരോഗ്യകാര്യങ്ങളിലെ മുൻകരുതലെന്നോണം എല്ലാ ഐസ്ക്രീമും മാറ്റിയിരിക്കുകയാണ്.