
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനമാണ് ബെംഗളൂരു. എന്നിരുന്നാലും ബെംഗളൂരുവിലെ തിരക്ക് പിടിച്ച ജീവിതത്തെ ഈസിയാക്കാനായി സ്വിഗി, സെപ്റ്റോ തുടങ്ങി വിവിധ ആപ്പുകളും ഇവിടെ സജീവമാണ്. എന്നാൽ, അവിടം കൊണ്ടൊന്നും തീർന്നില്ല. മറ്റൊരു ആപ്പിനെ കുറിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സ്നാബിറ്റ് (Snabbit) എന്ന ആപ്പിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. വിഡിയോ ഷെയർ ചെയ്തിരിക്കുന്ന യുവാവ് പറയുന്നത്, സ്നാബിറ്റിലൂടെ അവർ സേവനം ആവശ്യപ്പെട്ടിരിക്കുന്നത് പച്ചക്കറി അരിയാൻ വേണ്ടിയാണ് എന്നാണ്.
വീഡിയോയിൽ ഒരു യുവാവ് അടുക്കളയ്ക്കടുത്തായി ഇരിക്കുന്നത് കാണാം. യുവാവിന്റെ റൂം മേറ്റാണ് വീഡിയോ എടുക്കുന്നത്. ആള് പറയുന്നത്, വീട്ടിലെ ജോലികൾ താനും റൂംമേറ്റും കൂടി ഷെയർ ചെയ്താണ് ചെയ്യാറുള്ളത് എന്നാണ്. ഒരാൾ ഭക്ഷണം പാകം ചെയ്യുമെങ്കിൽ അതിനുള്ള സാധനങ്ങളൊക്കെ അരിയുക തുടങ്ങിയ ജോലികൾ മറ്റേയാൾ ചെയ്യണം. താനാണ് ഭക്ഷണം പാകം ചെയ്യുന്നത് എന്നാണ് യുവാവ് പറയുന്നത്. റൂംമേറ്റാണ് പച്ചക്കറികളും മറ്റും അരിയുകയൊക്കെ വേണ്ടത്.
എന്നാൽ, അത് സ്വയം ചെയ്യുന്നതിന് പകരം റൂംമേറ്റ് സ്നാബിറ്റിന്റെ സേവനം ഉപയോഗപ്പെടുത്തി. അങ്ങനെ എത്തിയ ഒരു യുവതി പച്ചക്കറി അരിയുന്നതും വീഡിയോയിൽ കാണാം. അതുകൊണ്ടെന്താ, ആ സമയം റൂംമേറ്റിന് വിശ്രമിക്കാം. വീഡിയോ എടുക്കുന്ന യുവാവിന്റെ റൂംമേറ്റ് പച്ചക്കറി അരിയുന്നതിന്റെ തൊട്ടിപ്പുറത്തായി ഇരിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
ഇതുപോലെ വിവിധ സേവനങ്ങൾ നൽകുന്ന ആപ്പാണ് സ്നാബിറ്റ്. എന്തായാലും യുവാവ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റ് നൽകിയിരിക്കുന്നത്. മടിയുടെ മറ്റൊരു ഭീകരമായ മുഖമാണ് ഇത് എന്നാണ് ഒരുപാടുപേർ കമന്റ് നൽകിയിരിക്കുന്നത്. മറ്റ് ചിലർ ചോദിച്ചത് അരിഞ്ഞ പച്ചക്കറികൾ തന്നെ ഓൺലൈനായി വാങ്ങാൻ സാധിക്കുമെന്നിരിക്കെ അത് വാങ്ങിയാൽ പോരേ എന്നാണ്.