
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാനായി ഓരോ വ്യക്തികളും ചെയ്യുന്ന കാര്യങ്ങൾ കേട്ടാൽ ചിലപ്പോൾ അത്ഭുതം തോന്നും. ഇങ്ങനെയൊക്കെ ചെയ്ത് ലോക റെക്കോർഡ് നേടാമോ എന്ന് പോലും തോന്നിപ്പോകും. അത്തരത്തിൽ വളരെ കൗതുകകരമായ ഒരു ലോക റെക്കോർഡ് കഴിഞ്ഞ ദിവസം നേടി എന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം മീശക്കാർ. വെള്ളിയാഴ്ച വ്യോമിംഗിൽ നടന്ന ഒരു പരിപാടിയിൽ താടിരോമങ്ങൾ തമ്മിൽ പരസ്പരം കൂട്ടിക്കെട്ടി ഏറ്റവും നീളമുള്ള ശൃംഖല രൂപപ്പെടുത്തിയാണ് ഒരുകൂട്ടം ആളുകൾ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്.
കാസ്‌പറിലെ ഗാസ്‌ലൈറ്റ് സോഷ്യൽ എന്ന ബാറിൽ ഒത്തുകൂടിയാണ് മീശപ്രേമികളായ ചിലർ ഈ ചങ്ങല സൃഷ്ടിച്ചത്. പരസ്പരം അടുത്തടുത്ത് നിന്ന് ഇവർ താടികൾ തമ്മിൽ കൂട്ടിക്കെട്ടിയാണ് ഈ ചങ്ങല ഉണ്ടാക്കിയത്. ഇത്തരത്തിൽ 150 അടി നീളമുള്ള ചങ്ങലയാണ് ഇവർ സൃഷ്ടിച്ചത്. മുമ്പും സമാനമായ രീതിയിൽ ലോക റെക്കോർഡുകൾ ആളുകൾ നേടിയിട്ടുണ്ട്. 2007 -ൽ ജർമ്മനിയിൽ ഒത്തുകൂടിയ ചില മീശപ്രേമികൾ 62 അടി 6 ഇഞ്ച് ഉള്ള ചങ്ങലയാണ് സൃഷ്ടിച്ചത്. അന്നത്തെ ചങ്ങലയുടെ ഇരട്ടി വലിപ്പമുള്ള ചങ്ങലയാണ് ഈ വർഷം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാനായി സൃഷ്ടിച്ചത്.
ഈ മത്സരത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞത് 8 ഇഞ്ച് നീളമുള്ള താടി വേണമെന്നായിരുന്നു നിയമം. ഫോർഡ് വ്യോമിംഗ് സെന്ററിൽ നടന്ന ദേശീയ താടി, മീശ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു വേൾഡ് റെക്കോർഡ് ഇവൻറ് സംഘടിപ്പിച്ചത്. ഏതായാലും സംഗതി വിജയമായതോടെ സ്വന്തം പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിന്റെ സന്തോഷത്തിലാണ് ഇവന്റിൽ പങ്കാളികളായ മീശ പ്രേമികൾ.