ചെന്നായയെപ്പോലെയുള്ള എന്നാല്‍ ചെന്നായ അല്ലാത്ത ആ നരഭോജി എന്തായിരുന്നു?

Published : Jun 28, 2020, 04:52 PM ISTUpdated : Jun 28, 2020, 05:04 PM IST
ചെന്നായയെപ്പോലെയുള്ള എന്നാല്‍ ചെന്നായ അല്ലാത്ത ആ നരഭോജി എന്തായിരുന്നു?

Synopsis

റിപ്പോർട്ടുകൾ അനുസരിച്ച് ഈ ക്രൂരമൃഗം സ്ത്രീകളെയും ചെറുപ്പക്കാരെയും ആക്രമിക്കുകയും ഭാഗികമായി ഭക്ഷിക്കുകയും ചെയ്‍തു. പക്ഷേ, തനിച്ചു നടന്ന പുരുഷന്മാരും ഇവ ലക്ഷ്യമിട്ടിരുന്നു. 

നരഭോജികളായ ജീവികളെ കുറിച്ച് പലവിധ കഥകളും വാര്‍ത്തകളുമെല്ലാം നാം കേള്‍ക്കാറുണ്ട്. ചോര മരവിച്ചുപോകുന്ന അത്തരം കഥകളിലെ വില്ലന്മാരെ ഭയന്ന് മനുഷ്യര്‍ പുറത്തിറങ്ങാറില്ലായിരുന്നുവെന്നും കേള്‍ക്കാറുണ്ട്. അതുപോലെ 1764 -നും 1767 -നും ഇടയിൽ, ഒരു ജീവി ഫ്രാൻസിലെ Gévaudan ഗ്രാമപ്രദേശത്തെയാകെ ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. നരഭോജിയായ ആ ജീവിയോടുള്ള ഭയംകൊണ്ട് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിച്ചുതുടങ്ങിയത്രെ. നൂറോളം പുരുഷന്മാരും സ്ത്രീകളും കുട്ടികളും Beast of Gévaudan എന്ന് വിളിക്കപ്പെട്ട ഈ ജീവിയുടെ അക്രമണത്തിന് ഇരയായി. അക്കാലത്ത് പല ഫ്രഞ്ചുകാരും ഈ മൃഗത്തെ ചെന്നായയാണെന്ന് കരുതിയിരുന്നെങ്കിലും പല ആധുനിക പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ടെങ്കിലും, ചിലർ അഭിപ്രായപ്പെടുന്നത് അത് ഒരു ചെന്നായയായിരിക്കില്ല എന്നാണ്. അപ്പോൾ എന്തായിരുന്നു അത്?

1764 ജൂൺ 30 -ന് 14 വയസുള്ള ഇടയനായ ജീൻ ബൗലറ്റ് ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിനിടെയാണ് മൃഗത്തിന്‍റെ ആദ്യത്തെ മാരകാക്രമണം നടന്നതെന്നാണ് വ്യാപകമായി കണക്കാക്കിയിരുന്നത്. എന്നാല്‍, ബൗലറ്റ് ഈ ജീവിയുടെ ആദ്യ ഇരയായിരുന്നില്ലെന്ന് ചരിത്രകാരനായ ജയ് എം. സ്‍മിത്ത് 'മോൺസ്റ്റേഴ്‍സ് ഓഫ് ജെവുഡാനി'ൽ എഴുതുന്നു. അതിനും ഏകദേശം രണ്ടുമാസം മുമ്പ്, കന്നുകാലികളെ പരിപാലിക്കുന്ന ഒരു യുവതിയെ 'ചെന്നായയെപ്പോലെയുള്ള, പക്ഷേ ചെന്നായയല്ലാത്ത' ഒരു ജന്തു ആക്രമിച്ചു. പക്ഷേ, കന്നുകാലികൾ അവളെ സംരക്ഷിച്ചതിനാൽ രക്ഷപ്പെട്ടു എന്നെഴുതുന്നുണ്ട്.

ജോർജ്ജ് എം. എബർ‌ഹാർട്ടിന്റെ 2002 -ലെ പുസ്തകം, Mysterious Creatures: A Guide to Cryptozoology പ്രകാരം, വേനൽക്കാലത്തും ശരത്കാലത്തും ഈ ജീവിയുടെ ആക്രമണം തുടർന്നുവെന്ന് എഴുതിയിരിക്കുന്നു. ഏഴ് വർഷത്തെ യുദ്ധത്തിന്‍റെ തുടക്കത്തിൽ ഫ്രാൻസ് ആ സമയത്ത് മാന്ദ്യത്തിലായിരുന്നു. പ്രഷ്യയോടുള്ള യുദ്ധത്തില്‍ രാജ്യം തോല്‍ക്കുകയായിരുന്നു. ആ സമയത്താണ് ഈ ജീവിയുടെയും ഉപദ്രവുമുണ്ടാകുന്നത്. 

റിപ്പോർട്ടുകൾ അനുസരിച്ച് ഈ ക്രൂരമൃഗം സ്ത്രീകളെയും കുട്ടികളെയും തനിച്ചുനടന്നിരുന്ന പുരുഷന്മാരെയും ആക്രമിക്കുകയും ഭാഗികമായി ഭക്ഷിക്കുകയും ചെയ്‍തു. വളരെയധികം അക്രമം ഈ ജീവിയുടെ ഭാഗത്തുനിന്നുണ്ടായതുകൊണ്ടുതന്നെ ഒന്നില്‍ക്കൂടുതലെണ്ണം ഉണ്ടായിരിക്കാം അവയെന്നും അനുമാനിക്കുന്നുണ്ട്. എന്നാല്‍, പരിഭ്രാന്തരായ ജനത വെറുതെ ഇരുന്നില്ല - ജന്തുവിനെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം വാഗ്ദ്ധാനം ചെയ്യപ്പെട്ടു. ആളുകള്‍ അവയെ പിടിക്കുന്നതിനായി ഒത്തുകൂടി. 1764 ഒക്ടോബർ എട്ടിന്, കന്നുകാലിയെ പിന്തുടരുന്ന ജീവിയെ കുറിച്ച് വിവരം കിട്ടി. എസ്റ്റേറ്റിലെ കാടുകളിലേക്ക് വേട്ടക്കാർ മൃഗത്തെ പിന്തുടർന്നു. അതിന് വെടിയുമേറ്റു. എന്നാല്‍, അത് എഴുന്നേറ്റ് ഓടി. 

1765 ജനുവരി 12 -ന്, ഈ ജീവി 10 വയസ്സുള്ള ജാക്വസ് പോർട്ടെഫെയ്‍ക്സിനെയും എട്ട് മുതൽ 12 വയസ്സുവരെയുള്ള ഏഴ് സുഹൃത്തുക്കളടങ്ങുന്ന ആ സംഘത്തെയും ആക്രമിച്ചു. എന്നിരുന്നാലും, പോർട്ടെഫെയ്ക്സ് തിരിച്ചും അക്രമിച്ചു. ഇതേത്തുടര്‍ന്ന് കുട്ടികൾക്ക് ലൂയി പതിനഞ്ചാമൻ പാരിതോഷികം നൽകി. ഏതായാലും കുട്ടികളുടെ ഈ ധൈര്യം കൂടുതല്‍ വേട്ടക്കാരെ നിയമിക്കാനും അതിനെ കൊല്ലാനും പ്രേരിപ്പിച്ചു. നിരവധി വേട്ടക്കാര്‍ നിയോഗിക്കപ്പെടുകയും ചെയ്‍തു. ഇതില്‍ ഒരാള്‍ ഒരു ജീവിയെ വധിക്കുകയും അതാണ് ആ നരഭോജിയെന്ന് വിശ്വസിക്കപ്പെടുകയും ചെയ്‍തിരുന്നു. ഇതിന് പ്രത്യുപകാരമായി പണവും നല്‍കി.

എന്നാല്‍, കുറച്ചുനാളുകള്‍ക്കുശേഷം വീണ്ടും അക്രമം തുടങ്ങി. ആളുകള്‍ കൊല്ലപ്പെടുകയും ചെയ്‍തു. അതോടെ ജനങ്ങള്‍ വീണ്ടും പരിഭ്രാന്തരായി. എന്തിരുന്നാലും 1767 -ല്‍ പ്രദേശത്തെ വേട്ടക്കാരനായ ജീന്‍ ചാസ്റ്റല്‍ ഒരു ചെന്നായയെ വെടിവെച്ചുകൊന്നു. ആ ജീവിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ വയറിനകത്ത് അത് കൊന്നുതിന്ന മനുഷ്യരുടെ അവശിഷ്‍ടങ്ങള്‍ കണ്ടെത്തി. ആ ജീവിക്ക് ചെന്നായയുടേതല്ലാത്ത ചില പ്രത്യേകതകളുണ്ടെന്ന് ദൃസാക്ഷികളും പറഞ്ഞു. ഏതായാലും അത് കൊല്ലപ്പെട്ടതോടെ പ്രദേശത്തെ അക്രമണങ്ങള്‍ ഇല്ലാതായി. ഈ ജീവി ചെന്നായകള്‍ തന്നെയാണെന്നും ചെന്നായയുടെ വകഭേദമാണെന്നും അല്ലെന്നുമുള്ള വാദങ്ങളുണ്ട്. അതുപോലെ തന്നെ സിംഹവുമായടക്കം ആളുകള്‍ ഇതിനെ താരതമ്യപ്പെടുത്തിയിട്ടുമുണ്ട്. ഏതായാലും ചെന്നായയെ പോലിരിക്കുന്ന ഈ ജീവി ചെറിയ തലവേദനയല്ല അന്ന് ഒരു ഗ്രാമത്തിന് നല്‍കിയതെന്നാണ് പറയപ്പെടുന്നത്.  

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്