
ഓരോ ദിവസം ചെല്ലുന്തോറും വെന്തുരുകുന്ന അവസ്ഥയിലാണ് നമ്മൾ ഇപ്പോൾ. വേനൽചൂടിന്റെ കടുപ്പം ഓരോ ദിവസം ചെല്ലുന്തോറും കൂടി വരുന്നതോടെ എസി ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട് കാര്യങ്ങൾ. എന്നാൽ, എത്ര കഠിനമായ വേനൽ ചൂടാണെങ്കിലും അതിനെ പ്രതിരോധിക്കാൻ എസി വേണ്ട ഒരു പൈസ പോലും ചിലവില്ലാത്ത മറ്റൊരു മികച്ച മാർഗം ഉണ്ട് എന്ന് തെളിവ് സഹിതം കാണിച്ചു തരികയാണ് ഒരു യുവതി.
സുഭാഷിണി ചന്ദ്രമണി എന്ന ട്വിറ്റർ അക്കൗണ്ട് ഉടമയായ യുവതിയാണ് ട്വിറ്ററിലൂടെ തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തെർമോമീറ്റർ ഉപയോഗിച്ച് ചൂട് അളക്കുന്ന വീഡിയോയാണ് ഇവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ മരങ്ങളുടെയോ മറ്റു കെട്ടിടങ്ങളുടെയോ ഒന്നും യാതൊരുവിധ മറയുമില്ലാത്ത ഒരു സ്ഥലത്ത് നിന്ന് ചൂട് അളക്കുന്നു. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന ആ ഭാഗത്തെ ചൂട് 42 ഡിഗ്രി സെൽഷ്യസ് ആണ്. പിന്നീട് അവിടെ നിന്നും പതിയെ മരങ്ങളുടെ തണലുള്ള ഒരു ഭാഗത്തേക്ക് നീങ്ങുന്നു അവിടുത്തെ ചൂട് പരിശോധിക്കുമ്പോൾ കിട്ടുന്നത് ആകട്ടെ വെറും 27 ഡിഗ്രി സെൽഷ്യസും.
ചൂടിനെ മറികടക്കാനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പരിഹാരം കണ്ട് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ വീഡിയോയ്ക്ക് കൈയടിക്കുകയാണ്. ലോകമെമ്പാടും താപനില ഉയരുമ്പോൾ ഒരു മരത്തിൻറെ തണലിന് വരുത്താൻ കഴിയുന്ന മാറ്റം എത്ര വലുതാണെന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.
ഏതായാലും അധികം വൈകാതെ തന്നെ വീഡിയോ വൈറലായി.