
സ്വപ്നയാത്രയ്ക്കായി ലക്ഷങ്ങൾ ചിലവഴിച്ച ആളെ കയറ്റാൻ മറന്ന് ക്രൂയിസ് സംഘം യാത്രയായി. ചില മെഡിക്കൽ പരിശോധനകൾക്ക് യാത്രക്കാരൻ വിധേയനായി കൊണ്ടിരിക്കുന്നതിനിടയിലാണ് ക്രൂയിസ് സംഘം ഇയാളെ കയറ്റാതെ യാത്ര ആരംഭിച്ചത്. ഇതോടെ യാത്രക്കാരൻ ഫിലിപ്പീൻസിൽ കുടുങ്ങി.
ക്രിസ്റ്റഫർ ചാപ്പൽ എന്ന വ്യക്തിയാണ് തൻറെ സ്വപ്നമായിരുന്ന ലോക യാത്രയ്ക്കായി 17,500 പൗണ്ട് അതായത് 17 ലക്ഷം ഇന്ത്യൻ രൂപ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്ര ആരംഭിച്ച സമയത്ത് ഇയാൾ കപ്പലിൽ യാത്രാ സംഘത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് ചില ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനായി തുടർന്ന് ആരോഗ്യ പരിശോധനയ്ക്കായി അല്പസമയത്തേക്ക് ഫിലിപ്പിൻസിൽ വച്ച് കപ്പലിൽ നിന്നും ഇറങ്ങുകയായിരുന്നു. എന്നാൽ പിന്നീട് സംഭവിച്ചതാണ് ഏറെ ദൗർഭാഗ്യകരമായ കാര്യം. യാത്രാ സംഘത്തിൽ ഉണ്ടായിരുന്നവർ ഇദ്ദേഹം കപ്പലിൽ നിന്ന് ഇറങ്ങിയ കാര്യം മറന്നു പോവുകയും യാത്ര ആരംഭിക്കുകയും ആയിരുന്നു. യാത്ര ആരംഭിച്ച് അല്പ ദൂരം പിന്നിട്ടതിനുശേഷം മാത്രമാണ് സംഘം തങ്ങളിൽ ഒരാൾ കുറവാണെന്ന് മനസ്സിലാക്കിയത് അപ്പോഴേക്കും കപ്പൽ ഫിലിപ്പീൻസ് തീരത്തുനിന്ന് കണ്ണെത്താ ദൂരത്തോളം എത്തിയിരുന്നു. അതോടെ ക്രിസ്റ്റഫർ ചാപ്പൽ ഫിലിപ്പിൻസിൽ കുടുങ്ങി.
യാത്രക്കിടയിൽ ശർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കപ്പലിനുള്ളിലെ ഡോക്ടറെ തന്നെയാണ് ക്രിസ്റ്റഫർ ആദ്യം കണ്ടത്. പിന്നീട് ഇദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് ചില ടെസ്റ്റുകൾ നടത്താനാണ് ഇദ്ദേഹം ഫിലിപ്പിൻസിൽ ഇറങ്ങിയത്. പക്ഷേ, ടെസ്റ്റുകൾ നടത്തി വന്നപ്പോഴേക്കും കപ്പൽ ഫിലിപ്പീൻസ് തീരം വിട്ടിരുന്നു എന്ന് മാത്രം.
യാത്രയുടെ നടത്തിപ്പുകാരായ പി & ഒ, ട്രാവൽ ഇൻഷുറൻസ് കമ്പനിയുമായ ബന്ധപ്പെട്ട് തൻറെ അവസ്ഥ ഇദ്ദേഹം അവതരിപ്പിച്ചെങ്കിലും ശാരീരികാവസ്ഥ മോശമായി തുടരുന്നതിനാലും കപ്പൽ ഫിലിപ്പീൻസിന്റെ തീരത്തുനിന്ന് ഏറെ ദൂരം സഞ്ചരിച്ചതിനാലും കപ്പലിനുള്ളിൽ ഇനി കയറുക എന്നത് ദുഷ്കരമായ കാര്യമാണ് എന്നാണ് സംഘാടകർ നൽകിയ മറുപടി. ഏതായാലും പാതിവഴിയിൽ തന്റെ സ്വപ്നയാത്ര ഉപേക്ഷിക്കേണ്ടി വന്ന വിഷമത്തിലാണ് 72 കാരനായ ക്രിസ്റ്റഫർ ചാപ്പൽ.