രണ്ട് വർഷത്തിനുശേഷം പ്രത്യക്ഷപ്പെട്ട് കൂനൻ തിമിം​ഗലം, കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളി

By Web TeamFirst Published Nov 24, 2021, 3:46 PM IST
Highlights

ഞാൻ കടലിൽ സ്ഥിരമായി തിമിംഗലങ്ങളെ കാണാറുണ്ട്. കഴിഞ്ഞ 18 വർഷമായി ഞാൻ മത്സ്യബന്ധനം നടത്തുന്നു. 15 വർഷം മുമ്പാണ് തിമിംഗലങ്ങളേയും ഡോൾഫിനുകളേയും ഞാൻ ആദ്യമായി കാണുന്നത്. എന്നാൽ ഇത് ഒരു പ്രത്യേക അനുഭവമായിരുന്നു. 

വംശനാശഭീഷണി നേരിടുന്നതും അപൂർവവുമായ അറബിക്കടൽ കൂനൻ തിമിംഗലത്തെ (Arabian Sea Humpback whale) അറബിക്കടലിൽ ബട്കൽ(Bhatkal) തീരത്ത് കണ്ടെത്തി. രണ്ട് വർഷത്തിന് ശേഷമാണ് ഇവയെ കണ്ടെത്തുന്നത്. ഭട്കലിലെ ആഴം കുറഞ്ഞ വെള്ളത്തിൽ ഒരു മണിക്കൂറിലധികം അതിന്റെ സാന്നിധ്യം കാണാൻ കഴിഞ്ഞു. ഭട്കൽ നിവാസി കൂടിയായ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയാണ് തിമിംഗലത്തിന്‍റെ ദൃശ്യം പിടിച്ചത്. വീഡിയോയിൽ, കൂനൻ തിമിംഗലത്തെ വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. 

ലോകേഷ് മോംഗർ എന്ന മത്സ്യത്തൊഴിലാളിയാണ് അപൂർവ തിമിംഗലത്തിന്റെ വീഡിയോ പങ്കുവച്ചത്. അദ്ദേഹം ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു, "ഞാൻ കടലിൽ സ്ഥിരമായി തിമിംഗലങ്ങളെ കാണാറുണ്ട്. കഴിഞ്ഞ 18 വർഷമായി ഞാൻ മത്സ്യബന്ധനം നടത്തുന്നു. 15 വർഷം മുമ്പാണ് തിമിംഗലങ്ങളേയും ഡോൾഫിനുകളേയും ഞാൻ ആദ്യമായി കാണുന്നത്. എന്നാൽ ഇത് ഒരു പ്രത്യേക അനുഭവമായിരുന്നു. ഞാൻ ഇതിനെ മുമ്പ് കണ്ടിട്ടില്ല. ഞാൻ മാത്രമല്ല, മറ്റ് മത്സ്യത്തൊഴിലാളികളും. ഞാൻ അവരെ കാണിച്ചപ്പോൾ, ഞങ്ങൾക്ക് ഇതിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല.'' 

Humpback Whale sighted in coast.🐳

Humpback whales typically migrate up to 25,000 km each year, and a fully grown adult can weigh upto 36 metric tonnes.

Anyone interested in Whale Watching tours ?😀 pic.twitter.com/pHW8by8AIY

— Visit Udupi (@VisitUdupi)

"ഇത് ഒരു സാധാരണ മത്സ്യമാകുമെന്ന് ഞാൻ കരുതി, ഞാൻ അടുത്ത് ചെന്നപ്പോൾ അത് വളരെ വലുതായിരുന്നു'' എന്നും ലോകു എന്ന് വിളിക്കുന്ന ലോകേഷ് പറയുന്നു. താനിതുവരെ കണ്ട തിമിംഗലങ്ങളൊക്കെ ഇതുവച്ച് നോക്കുമ്പോള്‍ വെറും മുയല്‍ക്കുഞ്ഞുങ്ങളെ പോലെയാണ് എന്നും ലോകേഷ് പറയുന്നു. സാമൂഹികമാധ്യമങ്ങളില്‍ ആളുകള്‍ വളരെ ആവേശത്തോടെയാണ് കൂനന്‍തിമിംഗലത്തിന്‍റെ വീഡിയോ കണ്ടത്. 

ASHW -ന്റെ പരിധിയിലുള്ള ഈ തിമിം​ഗലത്തിന്റെ മൊത്തം എണ്ണം എത്രയാണ് എന്നത് അജ്ഞാതമാണെങ്കിലും, നിലവിൽ 250 -ൽ താഴെ പ്രായപൂർത്തിയായവ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്നു. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും, മനുഷ്യരുടെ ഇടപെടലുമെല്ലാം ഇവയുടെ എണ്ണം കുറയുന്നതിന് കാരണമായിത്തീരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈയിനം കൂനൻ തിമിംഗലങ്ങൾ ജനിതകപരമായി ഒറ്റപ്പെട്ടവയാണ്, അവ ഇന്ത്യൻ മഹാസമുദ്രത്തിൽ പരിണമിച്ച ഒരു പുതിയ ഉപജാതിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം 70,000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ മഹാസമുദ്രത്തിലെ മറ്റ് എണ്ണങ്ങളില്‍ നിന്ന് അവ പരിണമിച്ചു. കൂനൻ തിമിംഗലം ലോകത്തിലെ ആറാമത്തെ വലിയ തിമിംഗലമായി കണക്കാക്കപ്പെടുന്നു, ഇത് 16 മീറ്റർ വരെ നീളത്തിൽ വളരും. 

click me!