
ജീവിതത്തിൽ ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന് തീരുമാനമെടുത്തിരിക്കുന്ന അനേകം മനുഷ്യരുണ്ട്. ശരിക്കും നമുക്ക് ജീവിതത്തിൽ പ്രചോദനമാവുന്ന അനേകർ. അതിലൊരാളാണ് ഇഖ്‍ബാൽ സിങ്. ഒരു കാർ അപകടത്തെ തുടർന്ന് 12 വർഷം കിടക്കയിൽ തന്നെ കഴിഞ്ഞ ആളാണ് ഇഖ്ബാൽ സിങ്. എന്നാൽ, ഇന്ന് അദ്ദേഹം സൊമാറ്റോയുടെ ഡെലിവറി ഏജന്റാണ്.
AMRITSAR WALKING TOURS ആണ് ഫേസ്ബുക്ക് പേജിൽ ഡെലിവറിക്കായി പോകുന്ന ഇഖ്ബാൽ സിങ്ങിന്റെ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. അതിൽ പ്രത്യേകം വീൽചെയറിൽ അദ്ദേഹം പോകുന്നത് കാണാം. 2009 -ൽ ശ്രീ ഹേമകുണ്ഡ് സാഹിബിലേക്ക് പോയതാണ് സിങ്. എന്നാൽ, 2009 ജൂൺ 14 -ന് സിങ് ഒരു വാഹനാപകടത്തിൽ പെട്ടു. പിന്നീടങ്ങോട്ട് നീണ്ട 12 വർഷം കിടക്കയിൽ തന്നെ ആയിരുന്നു ആ ജീവിതം.
ഒരു ചാരിറ്റബിൾ ഓർഗനൈസേഷനാണ് അദ്ദേഹത്തിന് മോട്ടോറൈസ്‍ഡായിട്ടുള്ള ഈ വീൽചെയർ സമ്മാനിച്ചത്. അതോടെ സഞ്ചരിക്കണമെന്നും തന്റെ കുടുംബത്തെ സഹായിക്കണം എന്നുമൊക്കെയുള്ള ഇഖ്ബാൽ സിങ്ങിന്റെ ആഗ്രഹം തീവ്രമായി. തന്നെ ഒരുപാട് അപരിചിതർ സഹായിച്ചിട്ടുണ്ട് എന്നും അവരോടെല്ലാം നന്ദിയുണ്ട് എന്നും ഇഖ്ബാൽ പറയുന്നു.
വെറും 15 ദിവസം മുമ്പ് മാത്രമാണ് ഇഖ്ബാൽ സൊമാറ്റോയ്‍ക്കൊപ്പം ജോലി തുടങ്ങിയത്. 12 വർഷമായി പുറത്തിറങ്ങാറില്ല എന്നതിനാൽ തന്നെ തെരുവുകളും വഴികളും ഒക്കെ അദ്ദേഹത്തിന് അപരിചിതമായിരുന്നു. എന്നാൽ, ഈ പ്രതികൂല സാഹചര്യങ്ങളെ എല്ലാം മറികടന്ന് ദിവസവും അഞ്ച് മുതൽ ഏഴ് വരെ ഡെലിവറികൾ അദ്ദേഹം നടത്തുന്നു. 200-250 രൂപയാണ് ഇതിൽ നിന്നും കിട്ടുക.
ഫേസ്ബുക്ക് പേജ് അദ്ദേഹത്തിന്റെ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. അദ്ദേഹത്തിനെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് സഹായിക്കാനാണ് ഇത്. ജിവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ തോൽക്കാത്ത ഇഖ്ബാലിനെ അനേകം പേരാണ് അഭിനന്ദിക്കുന്നത്.