
മദ്യപിച്ച് കഴിഞ്ഞാൽ ചില മനുഷ്യർക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല അല്ലേ? ചിലപ്പോൾ ആർക്കെങ്കിലും മെസേജ് അയക്കാം. ചിലപ്പോൾ ആരെയെങ്കിലും വിളിക്കാം. പാട്ട് പാടാം. നൃത്തം ചെയ്യാം. അങ്ങനെയൊക്കെ ചെയ്ത് പോകുന്ന ആളുകളുണ്ട്. എന്നാൽ, ഓർത്തുനോക്കൂ മദ്യപിച്ച് നമ്മുടെ ബോസിന് മെസേജ് അയക്കുന്ന കാര്യം. ഇവിടെ ഒരു യുവാവ് മദ്യപിച്ച് ചെയ്തത് അതാണ്.
എന്നാൽ, നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ അതൊരു ദുരന്തത്തിലൊന്നുമല്ല കലാശിച്ചത്. മാത്രവുമല്ല, ജീവനക്കാരനെ പിരിച്ചുവിടും വിധത്തിലുള്ള മെസേജുമല്ല ഇയാൾ ബോസിന് അയച്ചത്. ട്വിറ്ററിലാണ് സിദ്ധാർത്ഥ് മിനോച്ച തന്റെ കീഴ്ജീവനക്കാരിൽ ഒരാൾ മദ്യത്തിന്റെ സ്വാധീനത്തിൽ പുലർച്ചെ തനിക്ക് അയച്ച മെസേജ് പങ്ക് വച്ചിരിക്കുന്നത്. സാധാരണ അധികം പേരും ചെയ്യുന്നത് പോലെ ഇയാൾ തന്റെ ബോസിനെ ചീത്ത വിളിക്കുകയോ ശപിക്കുകയോ ഒന്നും ചെയ്തില്ല. മാത്രമല്ല, അതിന് പകരം നല്ല വാക്കുകൾ പറയുകയും നന്ദി അറിയിക്കുകയും ഒക്കെ ചെയ്തിട്ടുമുണ്ട്.
'മദ്യപിച്ച് നിങ്ങളുടെ മുൻകാമുകി നിങ്ങൾക്ക് മെസേജ് അയച്ചിട്ടുണ്ടാവും, പക്ഷേ ഇത്തരം ഒരു മെസേജ് നിങ്ങൾക്ക് എന്നെങ്കിലും കിട്ടിയിട്ടുണ്ടോ' എന്ന് ചോദിച്ചു കൊണ്ടാണ് സിദ്ധാർത്ഥ് മിനോച്ച ട്വിറ്ററിൽ വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടിരിക്കുന്നത്. 2.16 നാണ് ഇയാൾ മെസേജ് അയച്ചിരിക്കുന്നത്. ആദ്യം തന്നെ താൻ മദ്യപിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നുണ്ട്. പിന്നെ, ബോസിനെ പുകഴ്ത്തിയാണ് മെസേജ് അത്രയും. നല്ല ബോസാണ് എന്നും അങ്ങനെ ഒരാളെ കിട്ടാൻ ബുദ്ധിമുട്ടാണ് എന്നും ഒക്കെ ഇയാളുടെ മെസേജിൽ പറയുന്നുണ്ട്.
ഏതായാലും ട്വീറ്റ് ആളുകളെ ശരിക്കും ചിരിപ്പിച്ചു.