തേനീച്ചകളും ഇല്ലാതെയാവുന്നു, മനുഷ്യന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണോ?

By Web TeamFirst Published Sep 2, 2021, 3:54 PM IST
Highlights

തേനീച്ചകളുടെ എണ്ണത്തിൽ കുറവ് വരാനുള്ള ഒരു പ്രധാന കാരണം കാർഷിക രാസവസ്തുക്കളാണ്. തേനീച്ച പോലുള്ള പരാഗണം നടത്തുന്ന പ്രാണികൾ കീടനാശിനികൾ ഉൾപ്പെടെയുള്ള ഭീഷണികളുടെ ഒരു പരമ്പരയെ അഭിമുഖീകരിക്കുന്നു. 

ഭൂമിയിൽ നമ്മെ കൂടാതെ അനേകം ജീവജാലങ്ങളുണ്ട്. എന്നാൽ, അവയിൽ പലതും മനുഷ്യന്റെ അനാവശ്യ കൈകടത്തലുകൾ കാരണം വംശനാശഭീഷണിയുടെ വക്കിലാണ് ഇന്ന്. അക്കൂട്ടത്തിൽ ഒന്നാണ് തേനീച്ചകൾ. പ്രകൃതിയുടെ ജീവനാഡികളാണ് അവ. കൂടാതെ പൂക്കളിൽ പരാഗണം നടത്തുന്നതിലൂടെ ഭൂമിയിൽ ആവാസവ്യവസ്ഥയെ നിലനിർത്താനും അവ സഹായിക്കുന്നു. പക്ഷേ, ആവാസവ്യവസ്ഥയുടെ നഷ്ടം, മലിനീകരണം, കീടനാശിനികൾ, അക്രമാസക്തമായ കടന്നലുകൾ എന്നിവ കാരണം തേനീച്ചകളുടെ എണ്ണം ക്രമാതീതമായി കുറയുന്നു.  

തേനീച്ചകളുടെ എണ്ണം കുറയുന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം, വളരെ വലിയ ആശങ്കയ്ക്ക് ഇടനൽകുന്നു. കാരണം ഇത് ഭക്ഷ്യസുരക്ഷ യ്ക്ക് ഭീഷണിയാണ് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. തേനീച്ചകളുടെ എണ്ണത്തിൽ കുറവ് വരാനുള്ള ഒരു പ്രധാന കാരണം കാർഷിക രാസവസ്തുക്കളാണ്. തേനീച്ച പോലുള്ള പരാഗണം നടത്തുന്ന പ്രാണികൾ കീടനാശിനികൾ ഉൾപ്പെടെയുള്ള ഭീഷണികളുടെ ഒരു പരമ്പരയെ അഭിമുഖീകരിക്കുന്നു. ഇത് പൂമ്പൊടികളുടെ പരാഗണം കുറയ്ക്കുകയും, കാട്ടുപൂക്കളിൽ നിന്ന് ലഭിക്കുന്ന തേനിന്റെ അളവ് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, മനുഷ്യർ കഴിക്കുന്ന വിളകളുടെ 75 ശതമാനമെങ്കിലും തേനീച്ചകളിൽ നിന്നും മറ്റ് പ്രാണികളിൽ നിന്നുമുള്ള പരാഗണത്തെ ആശ്രയിച്ചാണുള്ളത്.  

യുഎസ് നാഷണൽ അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് കാണിക്കുന്നത് യു എസിൽ 1947 -ൽ ഏകദേശം 6 ദശലക്ഷം തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നിടത്ത് 2008 ൽ 2.4 ദശലക്ഷം തേനീച്ചക്കൂടുകൾ മാത്രമാണ് ബാക്കി. അതായത് 60 ശതമാനത്തിലധികം കുറവ് സംഭവിച്ചു. ഭൂമിയിലെ പ്രാണികളിൽ പകുതിയും പതിയെ ഇല്ലാതാവുകയാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇവയിൽ മൂന്നിലൊന്ന് ഭൂമിയിൽ നിന്ന് പൂർണമായും അപ്രത്യക്ഷമാകും.

കൂടാതെ, ലോകത്ത് ചിലയിടങ്ങളിൽ തേനീച്ചകളിൽ ആറിലൊന്ന് ഇപ്പോൾ വംശനാശ ഭീഷണിയുടെ വക്കിലാണ്. ഈ പ്രവണത തുടർന്നാൽ, പോഷകാഹാരക്കുറവും പട്ടിണിയും സാധാരണമായിത്തീരും. വൈറസ്, ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ തേനീച്ചകൾക്ക് ഭീഷണിയാണെങ്കിലും, മനുഷ്യനിർമ്മിത കാർഷിക രാസവസ്തുക്കളുടെ ഉപയോഗം അതിനെ കൂടുതൽ ദോഷകരമായി ബാധിക്കുന്നു. മനുഷ്യരുടെ അമിതമായ മുതലെടുപ്പ് മൂലം പ്രകൃതി വിഭവങ്ങൾ തീർന്നുതുടങ്ങുമ്പോൾ, തേനീച്ചകൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോൾ പറയുകയും വേണ്ട.

തേനീച്ച കൃഷിയെ പ്രോത്സാഹിപ്പിച്ചും, ജൈവകീടനാശിനികൾ ഉപയോഗിച്ചും, മരങ്ങൾ വച്ച് പിടിപ്പിച്ചും അവയുടെ എണ്ണം നിലനിർത്തേണ്ടത് മനുഷ്യന്റെ അതിജീവനത്തിന് അനിവാര്യമാണെന്ന് ഗവേഷകർ പറയുന്നു.  


 

click me!