അറസ്റ്റിനെത്തിയ പൊലീസുകാരെ കുഴക്കി റഷ്യന്‍ ഡോക്ടര്‍!

By Web TeamFirst Published Feb 6, 2021, 7:21 PM IST
Highlights

പ്രതിഷേധം ഭയന്ന് സര്‍വ്വസന്നാഹങ്ങളുമായി അറസ്റ്റിനെത്തിയ റഷ്യന്‍ പൊലീസിനെ കുഴക്കി പിയാനോ സംഗീതം.

മോസ്‌കോ: പ്രതിഷേധം ഭയന്ന് സര്‍വ്വസന്നാഹങ്ങളുമായി അറസ്റ്റിനെത്തിയ റഷ്യന്‍ പൊലീസിനെ കുഴക്കി പിയാനോ സംഗീതം. പ്രസിഡന്റ് പുടിന്റെ കണ്ണിലെ കരടായ അലക്‌സി അനറ്റോലീവിച്ച് നവാല്‍നിച്ചിന് ജയില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് റഷ്യയാകെ പ്രതിഷേധം ഇരമ്പുന്നതിനിടെയാണ് സംഭവം. നവാല്‍നിച്ചുമായി അടുപ്പമുള്ള അനസ്താസിയ വസിലിയേവ എന്ന ഡോക്ടറാണ് അറസ്റ്റിനെത്തിയ പൊലീസുകാര്‍ക്കു മുന്നിലിരുന്ന് പിയാനോയില്‍ ബീഥോവന്റെ പ്രശസ്തമായ സംഗീതം  വായിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

മൂന്ന് ദിവസം മുമ്പാണ്, റഷ്യയിലെ പുടിന്റെ പ്രധാന വിമര്‍ശകനായിരുന്ന നവാല്‍നിച്ചിനെ കോടതി മൂന്നരവര്‍ഷത്തെ ജയില്‍ശിക്ഷക്ക്  വിധിച്ചത്. ജര്‍മ്മനിയില്‍ ചികിത്സയിലായിരിക്കെ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ശിക്ഷ. പുടിന്‍ ഭരണകൂടം മാരക വിഷം നല്‍കി കൊല ചെയ്യാന്‍ ശ്രമിച്ചു എന്നാരോപണമുള്ള നവാല്‍നിച്ചിനെ ജര്‍മനിയില്‍നിന്നും നാട്ടിലെത്തിയതിനു പിന്നാലെയാണ് ജയിലിലടച്ചത്. തുടര്‍ന്ന്, നവാല്‍നിയെ പിന്തുണച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെയാണ്, നവാല്‍നിച്ചിന്റെ വലംകൈയായിരുന്ന വസിലിയേവയെ അറസ്റ്റ് ചെയ്തത്. 

മോസ്‌കോയിലെ ഫ്‌ളാറ്റിലായിരുന്നു വസിലിയേവ. പ്രതിഷേധം ഭയന്ന് വന്‍ പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ ഫ്‌ളാറ്റില്‍ എത്തിയത്. മുറിയില്‍ പിയാനോയ്ക്ക് മുന്നില്‍ ഇരിക്കുകയായിരുന്ന വസിലിയേവയ്ക്കടുത്തേക്ക് പൊലീസ് എത്തി. അപ്പോള്‍,  ബീഥോവന്റെ പ്രശസ്തമായ 'ഫര്‍ എലിസെ' പിയാനോയില്‍ വായിക്കുകയായിരുന്നു അവര്‍. ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സംഗീതം തുടരുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ അവരോട് അറസ്റ്റിനു വിധേയയാവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, സംഗീതം പാതി വഴിക്കു നിര്‍ത്തി അവര്‍ പൊലീസിനു മുന്നില്‍ ചെന്ന് അറസ്റ്റിനു വഴങ്ങി. 

 

 

സംഭവത്തിനു പിന്നാലെ ഈ ദൃശ്യങ്ങള്‍ വൈറലായി. പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പുടിന്‍ ഭരണകൂടത്തിനേറ്റ ആഘാതമായാണ് ഈ വീഡിയോ വിശേഷിപ്പിക്കപ്പെട്ടത്. തോക്കുകള്‍ക്കു മുന്നില്‍ നിര്‍ഭയമായി നില്‍ക്കുന്ന സംഗീതമാണ് വസിലിയേവയുടെ പിയാനോയില്‍ നിന്നുയര്‍ന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. 

 

click me!