
മ്യാൻമറിൽ പട്ടാള ഭരണം വന്നതിന് ശേഷം രാജ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. സൈന്യം ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി തങ്ങളുടെ നിലപാട് കടുപ്പിക്കുമ്പോൾ അവിടത്തെ ജനങ്ങളും അവരുടെ എതിർപ്പ് ശക്തമായി തന്നെ രേഖപ്പടുത്തുന്നു. മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാർ ഹോണുകൾ മുഴക്കിയും പാത്രങ്ങൾ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കിയും സൈന്യത്തിനെതിരെ പ്രതിഷേധിച്ചത്. കുറച്ച് മിനിറ്റുകൾ മാത്രം നീണ്ടു നിൽക്കുമെന്ന് കരുതിയ പ്രതിഷേധം യാങ്കോണിന്റെ നിരവധി സമീപപ്രദേശങ്ങളിൽ 20 മിനിറ്റോളം നീണ്ടു നിന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രാത്രിയിൽ അവർ ഇതുപോലെ പ്രതിഷേധിക്കുന്നു. അതിനിടയിൽ തടവിലാക്കപ്പെട്ട നേതാവ് ആങ് സാൻ സ്യൂചിക്ക് ആരോഗ്യം ഉണ്ടാകണമെന്നും, സ്വാതന്ത്ര്യത്തിനായി ആഹ്വാനം ചെയ്യണമെന്നുമുള്ള ആക്രോശങ്ങൾ എങ്ങും മുഴങ്ങി. അട്ടിമറിയിൽ സൈന്യം അധികാരം പിടിച്ചെടുത്തിനെ തുടർന്ന് വിയോജിപ്പിന്റെ സ്വരം വീഥികൾ തോറും അലയടിച്ചു.
എന്തെങ്കിലും ആഘോഷവുമായി ബന്ധപ്പെട്ടാണ് നമ്മൾ സാധാരണയായി പാത്രങ്ങൾ കൂട്ടിയടിക്കുന്നത്. മഹാമാരിയുടെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള ആളുകൾ പാത്രങ്ങളിൽ കൊട്ടി ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചിരുന്നു. എന്നാൽ ഇവിടെ അത് പ്രതിഷേധത്തിന്റെ ശബ്ദമായിട്ടാണ് ഉയരുന്നത്. “മ്യാൻമറിൽ ഡ്രം അടിക്കുന്നത് പിശാചുക്കളെ പുറത്താക്കാനാണ്” പ്രതികാര നടപടികളെ ഭയന്ന് തന്റെ പേര് നൽകാൻ വിസമ്മതിച്ച ഒരു നിവാസി പറഞ്ഞു. ഇത് ഇവിടെ മാത്രമുള്ള പ്രതിഷേധ മാർഗ്ഗമല്ല, മറിച്ച് ഫ്രാൻസിലും, സ്പെയിനിലും, ഐസ് ലാൻഡിലും സമാനമായ പ്രതിഷേധങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്.
ഇടയ്ക്കിടെ മറ്റ് പ്രതിഷേധങ്ങളും യാങ്കൂണിൽ അരങ്ങേറുന്നുണ്ട്. സ്യൂചിയുടെ പാർട്ടിയുമായി ബന്ധപ്പെട്ട നിറമായ ചുവപ്പ് നിറത്തിലുള്ള ബലൂണുകളുടെ ഒരു വലിയ കൂട്ടത്തെ ആകാശത്തേയ്ക്ക് പറത്തിയാണ് സുലെ പഗോഡയിൽ ആക്ടിവിസ്റ്റുകൾ പ്രതിഷേധിച്ചത്. മറ്റിടങ്ങളിൽ ഒരു ചെറിയ ജനക്കൂട്ടം പട്ടാളം വീഴട്ടെ എന്ന് ആക്രോശിച്ചു. നഗരത്തിലുടനീളം വൈകുന്നേരം അഞ്ച് മണിയോടെ സൈന്യത്തോടുള്ള എതിർപ്പ് കാണിക്കാൻ ജനക്കൂട്ടം കൈയ്യടിച്ചു. "ഈ പട്ടാള അട്ടിമറി നമ്മുടെ രാജ്യത്ത് വേരൂന്നിയ ശാപമാണ്. നമ്മുടെ രാജ്യം ഇപ്പോഴും ദരിദ്രരായി തുടരുന്നതിന്റെ കാരണം ഇതാണ്. എന്റെ നാടിന്റെ ഭാവിയോർത്ത് എനിക്ക് സങ്കടവും അസ്വസ്ഥതയും തോന്നുന്നു” ഒരു മുൻ രാഷ്ട്രീയ തടവുകാരൻ പറഞ്ഞു.
തടങ്കലിൽ കഴിഞ്ഞ വർഷങ്ങളിൽ സൈന്യത്തിന്റെ കടുത്ത വിമർശകയായിരുന്നു സ്യൂചി. എന്നാൽ, ജനാധിപത്യ ഐക്കണിൽ നിന്ന് രാഷ്ട്രീയക്കാരിയായി മാറിയതിനുശേഷം, അവർ ജനറലുകളുമായി ചേർന്ന് പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് അനുവദിച്ചിട്ടും, ഭരണം അപ്പോഴും പട്ടാളത്തിന്റെ കൈപ്പിടിയിൽ തന്നെയായിരുന്നു. വർഷങ്ങളോളം വീട്ടുതടങ്കലിൽ കഴിയുകയും, തങ്ങളുടെ രാജ്യത്തെ ജനാധിപത്യ രാജ്യമാക്കാൻ പോരാടുകയും ചെയ്ത അവർ പക്ഷേ 2015 -ലെ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ, പട്ടാളത്തെ എതിർക്കാൻ അശക്തയായി തീർന്നു. എന്നാൽ, ഇപ്പോൾ നടന്ന ഈ അട്ടിമറി സ്യൂചിയ്ക്ക് കിട്ടിയ കനത്ത പ്രഹരം തന്നെയാണ്.
2020 നവംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നു എന്ന പരാതിപ്പെട്ടതിനെത്തുടർന്നാണ് സായുധ സേന അധികാരം ഏറ്റെടുത്തത്. അതിന് പിന്നാലെ വീട്ടുതടങ്കലിലായ നേതാക്കളിൽ സ്യൂചിയും ഉൾപ്പെടുന്നു. ലൈസൻസില്ലാതെ വാക്കി-ടോക്കി ഇറക്കുമതി ചെയ്തതിനും, മഹാമാരിയുടെ സമയത്ത് കൈ കൊടുത്തതുമായുള്ള കുറ്റങ്ങളാണ് സ്യൂചിക്കെതിരെ സൈന്യം ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് രേഖയിൽ പറയുന്നു. മ്യാൻമർ പ്രസിഡന്റ് വിൻ മൈന്റിനെയും അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു. ഇനി മ്യാൻമറിൽ ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥയാണ്. ഇപ്പോൾ രാജ്യത്തെ നയിക്കുന്ന മിൻ ഓങ് ലെയ്ങ് 2020 നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സിവിലിയൻ സർക്കാർ “അസ്വീകാര്യമായ തെറ്റുകൾ” ചെയ്യുന്നുവെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പുറമെ തെരഞ്ഞെടുപ്പ് ‘ക്രമക്കേടുകൾ’ നിറഞ്ഞതാണ് എന്ന് സൈന്യം ആരോപിക്കുകയും ചെയ്തു.