Beggars Corporation : ഭിക്ഷാടകരെ സംരംഭകരാക്കാൻ പദ്ധതി, യാചിക്കുന്നതിന് പകരം ഉപജീവന മാർ​ഗങ്ങൾ

Published : Dec 15, 2021, 10:16 AM ISTUpdated : Dec 15, 2021, 10:23 AM IST
Beggars Corporation : ഭിക്ഷാടകരെ സംരംഭകരാക്കാൻ പദ്ധതി, യാചിക്കുന്നതിന് പകരം ഉപജീവന മാർ​ഗങ്ങൾ

Synopsis

നിലവിൽ 12 കുടുംബങ്ങളിൽ നിന്നുള്ള 55 ഭിക്ഷാടകരെ ചേർത്ത് ഒരു സ്വയം സഹായ സംഘം രൂപീകരിച്ചിട്ടുണ്ട്. അവർ കോൺഫറൻസ് ബാഗുകൾ, ലാപ്‌ടോപ്പ് ബാഗുകൾ, പേപ്പർ, തുണി ബാഗുകൾ എന്നിവ നിർമ്മിക്കുക മാത്രമല്ല, വാരണാസിയിലെ പ്രമുഖ ഹോട്ടലുകൾക്കും മൾട്ടിനാഷണൽ കമ്പനികൾക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. 

പലപ്പോഴും മറ്റ് വഴികളില്ലാതെയായിരിക്കും, മിക്ക ഭിക്ഷാടകനും(Beggars) തെരുവുകൾ തോറും ഭിക്ഷ യാചിക്കാൻ ഇറങ്ങുന്നത്. അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള കാര്യക്ഷമായ പദ്ധതികളൊന്നും രാജ്യത്ത് നിലവിലില്ല. എന്നാൽ, ഇപ്പോൾ നമ്മൾ നൽകുന്നത് കൈനീട്ടി വാങ്ങുകയല്ലാതെ, സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി സമ്പാദിക്കാനും ഭിക്ഷാടകരെ പ്രാപ്തമാക്കാൻ ഒരു സ്ഥാപനം മുന്നിട്ട് ഇറങ്ങുകയാണ്. ഈ പദ്ധതി വഴി യാചകർ ഇപ്പോൾ സംരംഭകരായി മാറിക്കൊണ്ടിരിക്കയാണ്.    

വാരണാസിയിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കോമൺ മാൻ ട്രസ്റ്റ് ഫെബ്രുവരിയിലാണ് 'ഭിക്ഷാടന കോർപ്പറേഷൻ'(Beggars Corporation) എന്ന പേരിൽ സംരംഭം ആവിഷ്കരിക്കുന്നത്. തുടർന്ന്, ജൂലൈയിൽ അത് നടപ്പിലാക്കുകയും ചെയ്തു. ലാപ്‌ടോപ്പ്, കോൺഫറൻസ് ബാഗുകൾ തുടങ്ങിയ സാധനങ്ങൾ നിർമ്മിച്ച് ഉപജീവനം കണ്ടെത്തുന്നതിന് ഭിക്ഷക്കാരെ സഹായിക്കുന്നതാണ് പദ്ധതി. സാമൂഹിക പ്രവർത്തകനായ ചന്ദ്ര മിശ്രയാണ് ഈ സംരഭത്തിന് പിന്നിൽ.    

“നിലവിൽ 12 കുടുംബങ്ങളിൽ നിന്നുള്ള 55 ഭിക്ഷാടകരെ ചേർത്ത് ഒരു സ്വയം സഹായ സംഘം രൂപീകരിച്ചിട്ടുണ്ട്. അവർ കോൺഫറൻസ് ബാഗുകൾ, ലാപ്‌ടോപ്പ് ബാഗുകൾ, പേപ്പർ, തുണി ബാഗുകൾ എന്നിവ നിർമ്മിക്കുക മാത്രമല്ല, വാരണാസിയിലെ പ്രമുഖ ഹോട്ടലുകൾക്കും മൾട്ടിനാഷണൽ കമ്പനികൾക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. അടുത്തിടെ ദില്ലിയിൽ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾക്കായി നൂറുകണക്കിന് ബാഗുകൾ അവർ വിതരണം ചെയ്തിരുന്നു” കോമൺ മാൻ ട്രസ്റ്റ് കൺവീനറും ഭിക്ഷാടന കോർപ്പറേഷന്റെ സ്ഥാപകനുമായ മിശ്ര പറഞ്ഞു.

ഭിക്ഷാടകരെ സംഭാവനകളിലൂടെ പുനരധിവസിപ്പിക്കാനല്ല, അവരെ സംരംഭകരാക്കി മാറ്റാനാണ് താൻ പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ ആൻഡ് ബെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 2017 -ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിലവിൽ 413,670 ഭിക്ഷാടകരുണ്ട്. അവർക്ക് സംഭാവന നൽകുന്ന ഇനത്തിൽ ഇന്ത്യക്കാർ പ്രതിവർഷം 34242 കോടി രൂപ ചിലവാക്കുന്നുവെന്ന് കണക്കുകൾ പറയുന്നു. എന്നാൽ, ഇങ്ങനെ സംഭാവന നൽകുന്നതിന് പകരം, ആ തുക നിക്ഷേപിച്ചാൽ അത് കൂടുതൽ സമ്പത്ത് സൃഷ്ടിക്കുമെന്നാണ് മിശ്രയുടെ കണ്ടെത്തൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭിക്ഷാടകരുള്ളത് പശ്ചിമ ബംഗാളിലും, ഉത്തർപ്രദേശിലുമാണ്. പശ്ചിമ ബംഗാളിൽ യാചകരുടെ എണ്ണം 85000 ആണെങ്കിൽ ഉത്തർപ്രദേശിൽ അത് 65,835 ആണ്.

വാരണാസിയിൽ മാത്രം 12,000 ഭിക്ഷാടകരുണ്ട്, അവരിൽ 6000 പേർ ആരോഗ്യമുള്ള മുതിർന്നവരാണ്. സംഭാവനയായി ലഭിക്കുന്ന പണം അവരെ തൊഴിൽ സൃഷ്ടിക്കുന്നവരായി പരിശീലിപ്പിക്കാൻ ഉപയോഗിച്ചാൽ അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹം പറയുന്നു. ഈ പദ്ധതി വേണ്ടരീതിയിൽ ഫലം കണ്ടാൽ, 2023 മാർച്ചോടെ വാരാണസിയിൽ നിന്ന് ഭിക്ഷാടനം ഇല്ലാതാക്കാൻ കോർപ്പറേഷന് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. നിക്ഷേപകരിൽ നിന്നും മറ്റ് സംഘടനകളിൽ നിന്നുമായി 2.5 കോടി രൂപ സമാഹരിക്കാൻ താൻ ഉദ്ദേശിക്കുന്നുവെന്നും, ശേഷം 2022 മാർച്ചോടെ ഭിക്ഷാടന കോർപ്പറേഷൻ ലാഭം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയായി രജിസ്റ്റർ ചെയ്യുമെന്നും മിശ്ര പറഞ്ഞു. വാരണാസിയിൽ ആദ്യഘട്ടത്തിൽ 100 ഭിക്ഷാടക കുടുംബങ്ങളെ പദ്ധതിയിൽ ചേർക്കാനാണ് സ്ഥാപനം ഉദേശിക്കുന്നത്. ഇത് കൂടാതെ, വാരണാസിയിലെ രാജേന്ദ്ര പ്രസാദ് ഘട്ടിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ സ്‌കൂൾ ഓഫ് ലൈഫ് ഭിക്ഷാടന കുടുംബങ്ങളിലെ 32 കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയും ചെയ്യുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്