നാരങ്ങാവെള്ളത്തിന് 'ഗ്യാസ് ചാർജ്'; ബില്ല് വൈറലായതോടെ മലക്കംമറിഞ്ഞ് കഫേ!

Published : Mar 18, 2026, 03:00 PM IST
bill

Synopsis

ഹോട്ടൽ ബില്ലുകളിൽ അപ്രതീക്ഷിതമായി എത്തുന്ന അധിക നിരക്കുകൾ പലപ്പോഴും ഉപഭോക്താക്കളെ ചൊടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ ഒരു കഫേ ബില്ലിൽ ഉൾപ്പെടുത്തിയ പുതിയൊരു ചാർജ്ജ് കണ്ട് നെറ്റിചുളിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. പാചകവാതക പ്രതിസന്ധിയുടെ പേരിൽ 'ഗ്യാസ് ക്രൈസിസ് ചാർജ്ജ്' എന്ന പേരിൽ 5 ശതമാനം തുക അധികമായി ഈടാക്കിയതാണ് വിവാദമായിരിക്കുന്നത്. 

ഹോട്ടൽ ബില്ലുകളിൽ ജി.എസ്.ടിയും സർവീസ് ചാർജ്ജും കാണുന്നത് സ്വാഭാവികമാണ്. എന്നാൽ ബെംഗളൂരുവിലെ ഒരു കഫേയിൽ നിന്നും ലഭിച്ച ബില്ല് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഓർഡർ ചെയ്ത ലെമണേഡിന് പിന്നാലെ 5 ശതമാനം 'ഗ്യാസ് ക്രൈസിസ് ചാർജ്ജ്' കൂടി ഈടാക്കിയതാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ബെംഗളൂരുവിലെ കോത്തനൂരിലുള്ള 'തിയോ കഫേ' ആണ് അധിക ചാർജ്ജ് ഈടാക്കി വാർത്തകളിൽ നിറഞ്ഞത്. സംഭവം വൈറലായതോടെ കഫേയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

ഒരു ഗ്ലാസ് നാരങ്ങാവെള്ളം ഓർഡർ ചെയ്ത ഉപഭോക്താവിനാണ് ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ 5 ശതമാനം ഗ്യാസ് ചാർജ് കൂടി ഉൾപ്പെടുത്തിയ ബില്ല് ലഭിച്ചത്. ഈ ബില്ലിന്റെ ചിത്രം റെഡ്ഡിറ്റിലും എക്സിലും പ്രചരിച്ചതോടെ കഫേയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഗ്യാസ് വില വർദ്ധനവിന്റെ പേരിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ് ഹോട്ടലുകൾ എന്നായിരുന്നു പ്രധാന വിമാർശനം. വിവാദം കൊഴുത്തതോടെ കഫേയിലേക്ക് മാധ്യമങ്ങളുടെയും മറ്റ് ആളുകളുടെയും ഫോൺ വിളികൾ പ്രവാഹമായി. ഇതോടെ വിശദീകരണവുമായി കഫേ മാനേജർ അവിനാശ് രംഗത്തെത്തി.

ഗ്യാസ് വില കൂടിയ സാഹചര്യത്തിൽ 5 ശതമാനം അധിക ചാർജ്ജ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും അത് നടപ്പിലാക്കിയിട്ടില്ലെന്നാണ് കഫേ അധികൃതർ അറിയിച്ചു. വൈറലായ ബില്ലിൽ ആ തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപഭോക്താവിൽ നിന്ന് ആ പണം വാങ്ങിയിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. ഇത് തെളിയിക്കുന്നതിനായി മാർച്ച് 17-ലെ പുതിയ ബില്ലും അവർ പുറത്തുവിട്ടു. അതിൽ അത്തരത്തിലുള്ള അധിക ചാർജ്ജുകൾ ഒന്നുമില്ല.

ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുൻപ് ഉപഭോക്താവിനെ അറിയിക്കാതെ ബില്ല് വരുമ്പോൾ മാത്രം ഇത്തരം ചാർജ്ജുകൾ ചേർക്കുന്നത് നിയമവിരുദ്ധമാണ്. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത് തെറ്റായ നടപടിയാണ്. ബില്ലിലെ തുകയേക്കാൾ അധികമായി ഒരു രൂപ പോലും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഈടാക്കാൻ ഹോട്ടലുകൾക്ക് കഴിയില്ല എന്നതാണ് നിയമം.

എൽപിജി പ്രതിസന്ധി ഉണ്ടോ?

ഇറാനിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യയിൽ എൽപിജി വിതരണം സുസ്ഥിരമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ ഗ്യാസ് കിട്ടില്ലെന്ന പേടിയിൽ ആളുകൾ വൻതോതിൽ സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ തുടങ്ങിയത് വിപണിയിൽ ചെറിയ പ്രതിസന്ധികൾക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് പല ഹോട്ടലുകളും ബില്ലിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.

PREV
Read more Articles on
click me!

Recommended Stories

17 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക്; സമാധാന ജീവിതം തേടി ഇന്ത്യൻ - അമേരിക്കൻ കുടുംബം
സിങ്കപ്പെണ്ണേ...;പത്തുപേരെ 'പന്താടി' സീന; 37 സെക്കൻഡിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കൈപ്പിടിയിലൊതുക്കി