സിങ്കപ്പെണ്ണേ...;പത്തുപേരെ 'പന്താടി' സീന; 37 സെക്കൻഡിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കൈപ്പിടിയിലൊതുക്കി

Published : Mar 18, 2026, 12:29 PM IST
World Record

Synopsis

കരുത്തിന്റെ കാര്യത്തിൽ തങ്ങൾ ആർക്കും പിന്നിലല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ജർമ്മൻ സ്ട്രോങ്ങ് വുമൺ സീന റൂപ്പെൻ്റൽ. വെറും 37.44 സെക്കൻഡിനുള്ളിൽ പത്ത് പുരുഷന്മാരെ പൊക്കിയെടുത്ത് എറിഞ്ഞാണ് സീന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. ജർമ്മനിയിൽ നിന്നുള്ള പ്രമുഖ സ്ട്രോങ്ങ് വുമണും സ്പോർട്സ് സയന്റിസ്റ്റുമാണ് സീന.

സാധാരണയായി കരുത്തിന്റെ കാര്യത്തിൽ പുരുഷന്മാരുടെ ആധിപത്യമുള്ള കായിക ഇനങ്ങളെക്കുറിച്ചാണ് നമ്മൾ കേൾക്കാറുള്ളത്. എന്നാൽ ആ ധാരണകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഒരു ജർമ്മൻ യുവതി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പേര് സീന റൂപ്പെൻ്റൽ. വെറും 37.44 സെക്കൻഡിനുള്ളിൽ മുതിർന്നവരായ പത്ത് പുരുഷന്മാരെ പൊക്കിയെടുത്ത് എറിഞ്ഞാണ് സീന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. സ്ത്രീകളുടെ ശാരീരിക കരുത്തിന് അതിരുകളില്ലെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു ഈ പ്രകടനത്തിലൂടെ സീനയുടെ ലക്ഷ്യം.

മ്യൂണിക്കിലെ ആവേശകരമായ നിമിഷം

2025 ഓഗസ്റ്റിൽ മ്യൂണിക്കിൽ നടന്ന 'ഡൈ ഗ്രോസ് ഷോ ഡെർ വെൽറ്റ്‌റെക്കോർഡെ' (Die große Show der Weltrekorde) എന്ന തത്സമയ ടെലിവിഷൻ പരിപാടിയിലായിരുന്നു സീനയുടെ ഈ അവിശ്വസനീയമായ പ്രകടനം. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ കണിശമായ നിയമങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഈ ദൗത്യം. ഓരോ പുരുഷനെയും തലയ്ക്ക് മുകളിലേക്ക് പൂർണ്ണമായി ഉയർത്തുകയും, തുടർന്ന് മുന്നിലുള്ള മാറ്റിലേക്ക് എറിയുകയും വേണം. പത്തുപേരെയും ഒന്നിനുപുറകെ ഒന്നായി, ഒട്ടും കിതയ്ക്കാതെ സീന ഈ ദൗത്യം പൂർത്തിയാക്കി. 37.44 സെക്കൻഡ് എന്ന റെക്കോർഡ് സമയം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കാണികൾ ആവേശത്തിലായി.

ജർമ്മനിയിൽ നിന്നുള്ള സീന റൂപ്പെൻ്റൽ വെറുമൊരു അത്ലറ്റ് മാത്രമല്ല. ലോകത്തിലെ ഏറ്റവും കരുത്തരായ നാലാമത്തെ നാച്ചുറൽ സ്ട്രോങ്ങ് വുമൺ എന്ന പദവി നിലവിൽ സീനയ്ക്കുണ്ട്. ഒരു സ്പോർട്സ് സയന്റിസ്റ്റ് കൂടിയായ ഇവർ, ശാരീരികക്ഷമതയെ ശാസ്ത്രീയമായി സമീപിക്കുന്ന വ്യക്തിയാണ്. ഇതിനുമുമ്പ് 'ഫാസ്റ്റസ്റ്റ് സ്ട്രോങ്ങ് വുമൺ ത്രീ ഒബ്‌സ്റ്റക്കിൾ മെഡ്‌ലി' എന്ന ഇനത്തിലും സീന ലോകറെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ജർമ്മനിയിലെ വനിത കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 'സ്ട്രോങ്ങ് വുമൺ ജർമ്മനി' (Strongwomen Germany e.V.) എന്ന സംഘടനയുടെ സ്ഥാപക അംഗം കൂടിയാണ് ഇവർ.

സോഷ്യൽ മീഡിയയിൽ വൈറലായ 'ഗ്രീൻ ഫ്ലാഗ്' പുരുഷന്മാർ

ഗിന്നസ് വേൾഡ് റെക്കോർഡ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. 24,000-ലധികം ലൈക്കുകളാണ് വെറും 13 മണിക്കൂറിനുള്ളിൽ ഇതിന് ലഭിച്ചത്. സീനയുടെ കരുത്തിനെ പുകഴ്ത്തുന്നതിനോടൊപ്പം തന്നെ, റെക്കോർഡ് നേടാൻ അവളെ സഹായിച്ച ആ പത്തു പുരുഷന്മാരെയും സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നുണ്ട്. സീനയ്ക്ക് എളുപ്പത്തിൽ പൊക്കിയെടുക്കാൻ പാകത്തിന് തങ്ങളുടെ ശരീരഘടന കൃത്യമായി നിലനിർത്തിയ പുരുഷന്മാരെ 'ഗ്രീൻ ഫ്ലാഗ് മെൻ' എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. 'തങ്ങളെ എറിയാനായി വരി നിൽക്കുന്ന പുരുഷന്മാരുടെ കാഴ്ച രസകരമാണ്' എന്നും 'റെക്കോർഡ് നേട്ടത്തിന് ശേഷം സീനയെ കെട്ടിപ്പിടിച്ച പങ്കാളിയുടെ സ്നേഹം മനോഹരമാണ്' എന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ഈ കാലഘട്ടത്തിലെ പെൺകുട്ടികൾക്ക് സീനയുടെ ഈ നേട്ടം നൽകുന്ന സന്ദേശം വളരെ വലുതാണ്. 'കരുത്തുള്ള ഒരു സ്ത്രീയായിരിക്കുന്നതിൽ അഭിമാനമുണ്ട്,' എന്നാണ് സീന റെക്കോർഡ് നേട്ടത്തിന് ശേഷം പ്രതികരിച്ചത്.

സീന റൂപ്പെൻ്റൽ വെറുമൊരു റെക്കോർഡ് ഉടമ മാത്രമല്ല, അത് ആത്മവിശ്വാസത്തിന്റെ കൂടി പ്രതീകമാണ്. തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പെൺകുട്ടിക്കും സിനയുടെ ഈ 37 സെക്കൻഡ് പ്രകടനം വലിയൊരു പ്രചോദനമാണ്. കരുത്ത് എന്നത് ലിംഗഭേദത്തിന് അതീതമാണെന്ന് സീന തെളിയിച്ചു കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മക്കൾക്കായി വീട് പണിത് ജീവിതം ഹോമിക്കരുത്; ഇന്ത്യൻ മാതാപിതാക്കളോട് ജസ്‌വീർ സിംഗ്
നാരങ്ങാവെള്ളത്തിന് 'ഗ്യാസ് ചാർജ്'; ബില്ല് വൈറലായതോടെ മലക്കംമറിഞ്ഞ് കഫേ!