
ബെംഗളൂരുവിലെ ഒരു ഫ്ലാറ്റ് ഉടമ അപ്പാർട്ട്‌മെന്‍റിലെ മെയിന്‍റനൻസ് ചെലവ് കുറയ്ക്കുന്നതിനായി മുന്നോട്ടുവെച്ച വിചിത്രമായ നിർദ്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സുരക്ഷാ പിന്തുണ പിൻവലിക്കുകയാണ് അദ്ദേഹത്തിന്‍റെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. അതിനായി രാത്രികാല സെക്യൂരിറ്റി ഗാർഡുകളെയും സിസിടിവി ക്യാമറകളെയും ഒഴിവാക്കുക. വിചിത്രമായ ഈ നിർദ്ദേശങ്ങൾ ഏതായാലും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴി തുറന്നു.
റെഡ്ഡിറ്റിലെ 'r/bangalore' എന്ന പേജിലാണ് ഒരാൾ ഈ ഇമെയിലിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. "ഞങ്ങളുടെ സൊസൈറ്റിയിലെ മെയിന്‍റനൻസ് കുറയ്ക്കുന്നതിനായി ഒരു ഉടമ അയച്ച നിർദ്ദേശങ്ങളാണിത്. നിങ്ങളുടെ സൊസൈറ്റിയിലും ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ ആരെങ്കിലും നൽകാറുണ്ടോ?" എന്ന ചോദ്യത്തോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെയാണ്,
രാത്രികാല സെക്യൂരിറ്റി ഒഴിവാക്കുക: രാത്രിയിൽ സെക്യൂരിറ്റി ഗാർഡുകളുടെ സേവനം അവസാനിപ്പിക്കുക. പകരം ഗേറ്റ് എപ്പോഴും പൂട്ടിയിടുകയും താമസക്കാർക്ക് സ്വന്തമായി താക്കോൽ നൽകുകയും ചെയ്യുക.
സിസിടിവി ഒഴിവാക്കുക: സിസിടിവി ക്യാമറകൾ പരിപാലിക്കുന്നതിനും മറ്റും വലിയ തുക ചെലവാകുന്നുണ്ടെന്നും അതിനാൽ അവ ഒഴിവാക്കാമെന്നും ഇയാൾ വാദിക്കുന്നു.
വാഷിംഗ് മെഷീൻ നിയന്ത്രണം: വെള്ളം ലാഭിക്കുന്നതിനായി താമസക്കാർ ആഴ്ചയിൽ ഒരിക്കൽ മാത്രം വാഷിംഗ് മെഷീൻ ഉപയോഗിക്കുക.
ചെടികൾക്ക് നനയ്ക്കുന്നത് നിർത്തുക: പൊതുവായ സ്ഥലങ്ങളിലുള്ള ചെടികൾക്ക് നനയ്ക്കുന്നത് നിർത്തുകയോ അല്ലെങ്കിൽ അത്തരം ചെടികൾ ഒഴിവാക്കുകയോ ചെയ്യുക.
പകൽ സമയം ലൈറ്റുകൾ ഒഴിവാക്കുക: കോമൺ ഏരിയകളിൽ പകൽ വെളിച്ചം കുറവാണെങ്കിലും ലൈറ്റുകൾ ഇടുന്നത് പൂർണ്ണമായും ഒഴിവാക്കുക.
പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വളരെ വേഗത്തിലാണ് ശ്രദ്ധനേടിയത്. ഇതിനോട് സമ്മിശ്രമായ പ്രതികരണങ്ങളാണ് ആളുകളഉടെ ഭാഗത്ത് നിന്നും ഉണ്ടായത്. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് വലിയ അപകടമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. "സുരക്ഷ ഇല്ലാത്ത ഒരു വീട്ടിൽ എങ്ങനെ സമാധാനമായി ഉറങ്ങാൻ കഴിയും?" എന്നും "സിസിടിവി ഇല്ലാത്തത് കുറ്റകൃത്യങ്ങൾ വർദ്ധിപ്പിക്കില്ലേ?" എന്നും പലരും ചോദിക്കുന്നു. ചിലർ ഇതിനെ പരിഹാസരൂപേണയാണ് കണ്ടത്. "ഇനി വായു ശ്വസിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുമോ?" എന്നാണ് ഒരാൾ പരിഹസിച്ചത്. എന്നാൽ, അമിതമായ മെയിന്‍റനൻസ് ചാർജ് ഈടാക്കുന്ന സൊസൈറ്റികൾക്കെതിരെ നടപടി വേണമെന്ന പക്ഷക്കാരും കുറവല്ല.