
ബെംഗളൂരുവിലെ ഒരു ടാക്സിയിൽ നിന്നുള്ള യുവാവിന്‍റെ സെല്‍ഫി ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആ ഒറ്റ ചിത്രം 24 മണിക്കൂറിനുള്ളില്‍ കണ്ടത് നാലര ലക്ഷത്തിലേറെ പേര്‍. വെറുമൊരു സെല്‍ഫിയെങ്ങനെ ഇത്രയും ചെറിയ സമയത്തിനുള്ളില്‍ ഇത്രയേറെ പേരെ ആകര്‍ഷിച്ചതെന്നാണ് നിങ്ങൾ ആലോചിക്കുന്നതെങ്കില്‍, കേട്ടോളൂ. ആ സെൽഫി ചിത്രം ഇപ്പോൾ മീമുകളായും പ്രചരിക്കുകയാണ്. അതാണ് ആ സെല്‍ഫിയുടെ പ്രത്യേകത. @Basi_cally എന്ന ബാസ് എന്ന എക്സ് ഉപയോക്താവ് തന്‍റെ ഷെയർ ടാക്സി യാത്രയിൽ നിന്നുള്ള ഒരു സെൽഫിയാണ് പങ്കുവച്ചത്. സെൽഫി ചിത്രത്തില്‍ പിന്നിലൊരു ആട് ഉണ്ടായിരുന്നതാണ് ചിത്രത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഏറെ പ്രീയപ്പെട്ടതാക്കി മാറ്റിയത്.
'ഇന്ന് ഞാൻ ഒരു ഷെയർ ക്യാബിൽ കയറി, പിന്നീട് എന്‍റെ പിന്നിൽ ഒരു ആട് ഉണ്ടെന്ന് മനസ്സിലായി..." എന്ന രസകരമായ കുറിപ്പോടെ ചിരിച്ച് കൊണ്ട് ഇരിക്കുന്ന സെല്‍ഫിയാണ് ബാസ് തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചത്. കാറിനുള്ളില്‍ നിന്നും പകർത്തിയ സെല്‍ഫിയിൽ ബാസിന് പിന്നിലായി പുറത്തേക്കും നോക്കിയിരിക്കുന്ന ഒരു കാറുത്ത് ആടിനെ കാണാം. ചിത്രം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എക്സില്‍ മാത്രം ഏതാണ്ട് ഏഴായിരത്തിന് മേലെ ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. അതേസമയം നാലര ലക്ഷത്തോളം പേര്‍ ചിത്രം കാണുകയും ചെയ്തു.
രസകരമായ കുറിപ്പുകളുമായി നിരവധി പേരാണ് ചിത്രത്തിന് താഴെ എത്തിയത്. 'ഇത് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. എന്‍റെ ദിവസം മനോഹരമാക്കി. നിങ്ങളുടെ സഹയാത്രികന് ആവശ്യമുള്ളത്ര പുല്ല് ലഭിക്കട്ടെ ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചിത്രത്തിന് താഴെ കുറിച്ചത്. ആകെ മൊത്തം ഒരു ആട് യാത്രയെന്നായിരുന്നു മറ്റൊരു കുറിപ്പ്. നിങ്ങൾ ആടിനോടൊപ്പമായിരുന്നതിനാല്‍ അതൊരു യഥാര്‍ത്ഥ ഷെയർ ടാക്സി തന്നെയാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. അതേസമയം മറ്റൊരു കാഴ്ചക്കാരന്‍ പരിഹസിച്ചത് എനിക്ക് ഈ ചിത്രത്തില്‍ രണ്ട് ആടുകളെ കാണാന്‍ കഴിയുമെന്നായിരുന്നു. നിങ്ങളുടെ പിന്നിലുള്ള ആടിനെക്കാൾ വലിയ ആടാണ് നിങ്ങളെന്ന് മറ്റൊരു കാഴ്ചക്കാരന്‍ തമാശ പറഞ്ഞു.