
'പീക് ബെംഗളൂരു മൊമെന്റ്' എന്ന പേരിൽ ബെംഗളൂരുവിൽ നിന്നുള്ള അതിശയകരവും രസകരവുമൊക്കെയായ ഒരുപാട് മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. അതുപോലെ ഒരു വാട്ട്സാപ്പ് ചാറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഈ സ്ക്രീൻഷോട്ട് എക്സിൽ പങ്കുവച്ചിരിക്കുന്നത് purpleready എന്ന യൂസറാണ് 'ഇത് പീക്ക് ബെംഗളൂരു മൊമെന്റ് ആണോ' എന്ന് ചോദിച്ചുകൊണ്ട് ഈ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത്, താനൊരു ഊബർ ബുക്ക് ചെയ്തു. ഊബർ ഡ്രൈവറായി തന്നെ പിക് ചെയ്യാൻ വന്നത് തന്റെ ടീം ലീഡ് ആണെന്നാണ്.
'ഇന്നൊരു തമാശ സംഭവിച്ചു, നിനക്കറിയുമോ? ഇന്ന് ഊബർ ബുക്ക് ചെയ്തപ്പോൾ പിക് ചെയ്യാൻ വന്നത് ഓഫീസിലെ എന്റെ ടീം ലീഡാണ്. അയാൾ പറഞ്ഞത് ബോറടി മാറ്റാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നാണ്' എന്നായിരുന്നു ചാറ്റിൽ പറയുന്നത്.
പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. പലരും ഇത് വിശ്വസിക്കാൻ പ്രയാസമുണ്ട് എന്നാണ് എഴുതിയിരിക്കുന്നത്. 'ബോറടി മാറ്റാനായി ആരെങ്കിലും ഇത്രയും മണിക്കൂറുകൾ ട്രാഫിക്കിൽ കിടക്കുമോ' എന്നാണ് ഒരാൾ ചോദിച്ചത്. മറ്റൊരാൾ പറഞ്ഞത്, 'ഇയാൾക്ക് എന്തെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ കാണും അതുകൊണ്ടാവണം അയാൾ ഊബർ ഓടിക്കുന്നത്' എന്നാണ്. മറ്റ് ചിലർ ചോദിച്ചത് ഒരു ടീം ലീഡിന് എങ്ങനെയാണ് ബോറടിക്കാൻ സമയം കിട്ടുന്നത് എന്നായിരുന്നു.
എന്നാൽ, അതേസമയം നേരത്തെയും ബെംഗളൂരുവിൽ നിന്നും ഇതുപോലുള്ള പോസ്റ്റുകൾ വൈറലായി മാറിയിട്ടുണ്ട്. ബോറടി മാറ്റാനായി ടാക്സി ഓടിക്കുന്ന ടെക്കികളെ കുറിച്ചുള്ള പോസ്റ്റുകൾ അടക്കം ഇതിന് മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.