
അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ നാലാമത്തെ വ്യക്തിയും ആയ ബെസ്സി ഹെന്‍ഡ്രിക്‌സ് മരിച്ചു. 115-ാമത്തെ വയസ്സിലാണ് ഇവര്‍ വിട വാങ്ങിയത്. ചൊവ്വാഴ്ച അയോവയിലെ ലേക് സിറ്റിയിലെ ഷാഡി ഓക്‌സ് കെയര്‍ സെന്ററിലാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം ലഭിച്ചശേഷം ആണ് 115 -ാമത്തെ വയസ്സില്‍ ഇവര്‍ ലോകത്തോട് വിട പറഞ്ഞത്. തന്റെ ദീര്‍ഘവും വിജയകരവുമായ ജീവിതത്തിന്റെ രഹസ്യം കഠിനാധ്വാനം ആണെന്നാണ് 110-ാമത്തെ ജന്മദിനാഘോഷവേളയില്‍ ഒരു പ്രാദേശികമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞത്.
1907 നവംബര്‍ 7- നാണ് ബെസ്സി ഹെന്‍ഡ്രിക്‌സ് ജനിച്ചത്. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ബെസ്സി കഠിനാധ്വാനത്തിലൂടെയാണ് വളര്‍ന്നുവന്നത്. 1930 ജൂണ്‍ 27-ന് ഇവര്‍ പോളിനെ വിവാഹം കഴിച്ചു. സന്തോഷകരമായ ദാമ്പത്യത്തില്‍ അവര്‍ക്ക് അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നു : ഷേര്‍ലി, ജോവാന്‍, റോളണ്ട്, ഗ്ലെന്‍ഡ, ലിയോണ്‍. അതില്‍ മൂന്നുപേര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. തങ്ങളുടെ 65 -ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ 1995 മെയ് 25-ന് ഭര്‍ത്താവ് പോള്‍ അന്തരിച്ചു. പിന്നീടുള്ള ഇവരുടെ ജീവിതം മക്കളോടും കൊച്ചുമക്കളോടും ഒപ്പം ആയിരുന്നു. തന്റെ അഞ്ചു മക്കളില്‍ നിന്നായി 9 കൊച്ചുമക്കളെയും നാലാം തലമുറയില്‍ പിറന്ന 28 കുഞ്ഞുങ്ങളെയും അഞ്ചാം തലമുറയില്‍ പിറന്ന 42 കുഞ്ഞുങ്ങളെയും താലോലിക്കാനുള്ള ഭാഗ്യം ഈ മുതുമുത്തശ്ശിക്ക് ഉണ്ടായി.
തന്റെ ജീവിതകാലത്ത് നിരവധി കാര്യങ്ങള്‍ക്കാണ് ഇവര്‍ സാക്ഷ്യം വഹിച്ചത്. 21 പ്രസിഡന്റുമാരുടെ ഭരണകാലത്ത് അവര്‍ ജീവിച്ചു. സ്പാനിഷ് ഇന്‍ഫ്‌ലുവന്‍സ, രണ്ട് ലോക മഹായുദ്ധങ്ങള്‍, മഹാമാന്ദ്യം, വിയറ്റ്‌നാം യുദ്ധം, ഇറാഖ് യുദ്ധം, ശീതയുദ്ധം, ഒടുവില്‍ കൊറോണ വൈറസിനെയും അതിജീവിച്ചാണ് 115- ാം വയസ്സിലെ ഇവരുടെ മടക്കം.