
മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗലോകത്തും അച്ഛന് വലിയ പങ്കുണ്ട്. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. കുഞ്ഞുങ്ങളുടെ പരിപാലനം അമ്മമാരുടെ കുത്തകയായാണ് അറിയപ്പെടുന്നത്. അതിനാല്‍ തന്നെ അച്ഛന്മാരുടെ പങ്ക് പലപ്പോഴും വിസ്മരിക്കപ്പെടാറാണ് പതിവ്. എന്നാല്‍, തങ്ങളുടെ കുട്ടികളെ വളര്‍ത്തുന്നതിന് മുന്നിട്ടിറങ്ങുന്ന മൃഗലോകത്തെ ചില അച്ഛന്മാരെ പരിചയപ്പെടാം.
പെൻഗ്വിനുകൾ
പെൺ പെൻഗ്വിനുകൾ മുട്ടയിട്ട്, ഒരു ഘട്ടമെത്തിക്കഴിയുമ്പോൾ ആൺ പെൻഗ്വിനുകൾ മുട്ടകളുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കും. പിന്നീട് മുട്ടയുടെ പരിപാലനവും സംരക്ഷണവും ആൺ പെൻഗ്വിനുകൾക്കാണ്. അമ്മ പെൻഗ്വിൻ ഭക്ഷണം കണ്ടെത്താൻ പുറത്ത് പോകുമ്പോൾ, അച്ഛൻ മുട്ടകളെ പരിപാലിക്കും. അവൻ ശ്രദ്ധാപൂർവ്വം അത് കാലിൽ ബാലൻസ് ചെയ്ത് ശരീരം കൊണ്ട് മൂടുന്നു, അങ്ങനെ ചൂട് നിലനിർത്തുന്നു. അമ്മ തിരിച്ചെത്തുന്നതിന് മുമ്പ് മുട്ട വിരിഞ്ഞാൽ, അച്ഛൻ ശരീരത്തിൽ ശേഖരിച്ചിരിക്കുന്ന ഭക്ഷണം കുഞ്ഞിന് നൽകും. ഈ സമയത്ത്, അച്ഛൻ ഭക്ഷണം കഴിക്കില്ല, തന്‍റെ കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി മുഴുവൻ സമയവും അവന്‍ ചെലവഴിക്കുന്നു.
കടൽക്കുതിരകൾ
കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് അമ്മയാണെങ്കിലും, കടൽക്കുതിരകളുടെ ലോകത്ത്, കുഞ്ഞുങ്ങളെ വഹിക്കുന്നത് അച്ഛനാണ്. പെൺകുതിര, ആൺ കുതിരയുടെ സഞ്ചിയിലാണ് മുട്ടകൾ നിക്ഷേപിക്കുന്നത്. ഏകദേശം ഒരു മാസത്തോളം ആണ്‍ കടല്‍കുതിരകൾ മുട്ടകൾ ചുമക്കുന്നു, അച്ഛന്‍റെ ചൂടേറ്റ് കിടക്കുന്ന മുട്ടകൾ, സമയമാകുമ്പോൾ നൂറുകണക്കിന് കടൽക്കുതിര കുഞ്ഞുങ്ങളായി വിരിഞ്ഞിറങ്ങുന്നു.
ഗൊറില്ല
ഗോറില്ല കുടുംബങ്ങളുടെ നേതാവ് പുരുഷനാണ്. ഭക്ഷണം കണ്ടെത്തുകയും കുടുംബത്തിലെ എല്ലാവരെയും സംരക്ഷിക്കുകയും ചെയ്യുന്ന ചുമതല അച്ഛന്മാർക്കാണ്. ഗോറില്ലകൾ ധാരാളം ഭക്ഷണം കഴിക്കുന്നതിനാൽ ആ സമയം അത്രയും കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകേണ്ടത് ഭാരിച്ച ജോലിയാണ്. കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്ന സമയം മുഴുവൻ അച്ഛൻ ഗോറില്ല ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി ശത്രുക്കളിൽ നിന്നും അവയെ സംരക്ഷിക്കും. ശത്രുക്കൾ ആക്രമിക്കാനെത്തിയാൽ അവയെ തുരത്തി ഓടിക്കും. കുഞ്ഞുങ്ങൾ പ്രായമാകുന്നതുവരെ അച്ഛൻ ഗോറില്ല അവരോടൊപ്പം ധാരാളം സമയം ചെലവഴിക്കുകയും ചെയ്യും.
സിംഹങ്ങൾ
പെൺ സിംഹങ്ങൾ ഭക്ഷണത്തിനായി വേട്ടയാടുമ്പോൾ ആൺ സിംഹങ്ങൾ പലപ്പോഴും വിശ്രമിക്കുന്നത് കാണാം. അതൊരു അലസമായ കിടപ്പല്ല. മറിച്ച് വേട്ടക്കാരിൽ നിന്നും തങ്ങൾ അധിവസിക്കുന്ന പ്രദേശത്തെ കാത്തുസൂക്ഷിക്കാനുള്ള ജാഗ്രതയാര്‍ന്ന കിടപ്പാണ്. അതോടൊപ്പം തന്നെ വേട്ടയ്ക്ക് പോയ അമ്മ സിംഹങ്ങൾ പോകുമ്പോൾ കുട്ടികളോടൊപ്പം കളിച്ച് അവരുടെ സംരക്ഷണം കൂടി ഏറ്റെടുത്ത് നോക്കുന്നു. കരുത്തരായ സിംഹ കുട്ടികളാക്കി അവരെ വളര്‍ത്തുന്നു.
റെഡ് ഫോക്സ്
റെഡ് ഫോക്സ് അച്ഛന്മാര്‍ കുഞ്ഞുങ്ങളെ നോക്കുന്നതിനപ്പുറം വിലപ്പെട്ട ജീവിത പാഠങ്ങളും നൽകുന്നു. കുഞ്ഞുങ്ങളെ മുലയൂട്ടാൻ അമ്മ മാളത്തിൽ കഴിയുമ്പോൾ, അച്ഛൻ എല്ലാ ദിവസവും ഭക്ഷണവുമായി മടങ്ങിവരും. പിന്നീട്, കുഞ്ഞുങ്ങൾ വളർന്ന് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ, അച്ഛൻ അവയോടൊപ്പം കളിക്കുകയും എങ്ങനെ ഇരയെ കണ്ടെത്താമെന്നും വേട്ടയാടാമെന്നും പഠിപ്പിക്കുന്നു. സ്വന്തമായി എങ്ങനെ ഇര തേടാമെന്നും അതിജീവിക്കാമെന്നും പഠിക്കാൻ സഹായിക്കുന്നതിനായി ഗുഹയ്ക്ക് സമീപം ഭക്ഷണം ഒളിപ്പിച്ചുവെച്ചാണ് അച്ഛൻ കുറുക്കൻ കുഞ്ഞുങ്ങൾക്ക് പരിശീലനം നൽകുന്നത്. കൊമ്പനാനകളും ഇത്തരത്തില്‍ കുട്ടികളെ പരിപാലിക്കുന്നതില്‍ പ്രത്യേക കരുതലുള്ള മൃഗങ്ങളാണ്. എന്താ, മൃഗലോകത്തെ ശിശുപരിപാലന കഥകൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ?