
ജോർജിയയിലേക്ക് പ്രവേശനം നിഷേധിച്ച് മണിക്കൂറുകളോളം തന്നെ തടഞ്ഞു വെച്ചതായി പാകിസ്ഥാൻ പൗരന്‍റെ ആരോപണം. യുഎഇയിൽ താമസമാക്കിയ ഒരു പാക്കിസ്ഥാൻ വംശജനാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞത്. ജോർജിയയിലെ കുട്ടൈസി വിമാനത്താവളത്തിൽ വെച്ച് തനിക്കും തന്‍റെ സുഹൃത്തിനും വലിയ അപമാനം നേരിടേണ്ടിവന്നുവെന്നും ജയിൽ പോലുള്ള മുറിയിൽ പൂട്ടിയിട്ട് വിമാനത്താവള അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറിയെന്നുമാണ് ഇദ്ദേഹം പറയുന്നത്.
പാകിസ്ഥാനികൾ ജോർജിയ സന്ദർശിക്കരുത് എന്ന മുന്നറിപ്പോടെയാണ് ഇദ്ദേഹം റെഡ്ഡിറ്റിലൂടെ തന്‍റെ ദുരനുഭവം പങ്കുവെച്ചത്. സമാധാനപരമായ ഒരു അവധിക്കാലം സ്വപ്നം കണ്ടാണ് തങ്ങൾ ജോർജിയയിലേക്കുള്ള യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടതെന്നും എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ഓർക്കുമ്പോൾ ഭയമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പേടിസ്വപ്നം പോലെ ആ അനുഭവങ്ങൾ മനസ്സിൽ തങ്ങി നിൽക്കുകയാണെന്നും പോസ്റ്റിൽ കുറിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പൗരന്മാർക്ക് ജോർജിയ വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. യുഎഇയുടെ വിസയോ താമസാനുമതിയോ കൈവശമുള്ള വ്യക്തികൾക്ക് ജോർജിയയിൽ 90 ദിവസം വരെ താമസിക്കാം. യുഎഇ താമസാനുമതി ഉണ്ടായിരുന്നത് കൊണ്ട് തന്നെ തനിക്ക് തടസ്സങ്ങളൊന്നും കൂടാതെ ജോർജിയിലേക്ക് പ്രവേശനം അനുവദിക്കുമെന്നാണ് കരുതിയത്. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, പാക്കിസ്ഥാന്‍ പൗരന്മാരാണെന്ന് അറിഞ്ഞതോടെ തന്നോടും സുഹൃത്തിനോടും വളരെ ക്രൂരമായാണ് എയർപോർട്ട് അധികൃതർ പെരുമാറിയതെന്നും അദ്ദേഹം ആരോപിക്കുന്നു. എയർപോർട്ട് പോലീസ് തങ്ങളുടെ പാസ്പോർട്ട് കൈവശപ്പെടുത്തുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നും പോസ്റ്റിൽ പറയുന്നു.
തുടർന്ന് എയർപോർട്ടിലെ ജയിലിന് സമാനമായ ഒരു ചെറിയ മുറിയിലേക്ക് തങ്ങളെ മാറ്റി. അവിടെവെച്ച് അവജ്ഞയോടെ പെരുമാറുകയും അപമാനിക്കുകയും ചെയ്തു. തുടർന്ന് ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ ജോർജിയിലേക്ക് പ്രവേശനാനുമതി നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. അതെന്ത് കൊണ്ടാണെന്ന് ചോദിച്ചപ്പോൾ അതിന് കൃത്യമായി മറുപടി നൽകിയില്ല. ഒരു കുറ്റവും ചെയ്യാതെ തങ്ങളെ 12 മണിക്കൂറോളം അവിടെ തടഞ്ഞുവെച്ചെന്നുമാണ് പോസ്റ്റിൽ പറയുന്നത്. കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നിരവധി ആളുകൾ തങ്ങൾക്കും ജോർജിയയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്നും അത് വംശീയത മൂലമാണെന്നും അഭിപ്രായപ്പെട്ടു. ഇതോടെ ജോർജിയയിലേക്ക് വിനോദ സഞ്ചാരത്തിനായി പോകാതിരിക്കുകയാണ് നല്ലതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.