
ഒരു യാചകനായിരുന്നിട്ടും, 7.5 കോടി രൂപയുടെ ആസ്തിയുണ്ട് ഈ മനുഷ്യന്. യാചകനിൽ നിന്നും കോടീശ്വരനിലേക്കുള്ള ഭരത് ജെയിനിന്റെ യാത്ര അമ്പരപ്പിക്കുന്നതാണ്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഒരു കുടുംബത്തിലായിരുന്നു ജെയിൻ ജനിച്ചത്. കഴിക്കാൻ ഭക്ഷണമോ താമസിക്കാൻ വീടോ ഉണ്ടായിരുന്നില്ല. ഓരോ ദിവസവും കഴിഞ്ഞിരുന്നത് നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടായിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ജെയിൻ ഒരു യാചകനാണ്. ആഴ്ചയിൽ ഏഴ് ദിവസവും ദിവസത്തിൽ 10-12 മണിക്കൂർ വരെയും ഇയാൾ മറ്റുള്ളവർക്കു മുൻപിൽ ഭിക്ഷ യാചിക്കും. അങ്ങനെ ഒരു ദിവസം സമ്പാദിക്കുന്നത് 2000 മുതൽ 2500 രൂപ വരെയാണ്. അതായത് പ്രതിമാസം 60,000 രൂപ മുതൽ 75,000 രൂപ വരെ വരുമാനം.
ഏറ്റവും ശ്രദ്ധേയമായ കാര്യം, തന്റെ വരുമാനം വിവേകപൂർവ്വം നിക്ഷേപിക്കാനുള്ള ജെയിനിന്‍റെ കഴിവാണ്. മുംബൈയിൽ 1.4 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ ജെയിൻ വാങ്ങിയിട്ടുണ്ട്. ആ ഫ്ലാറ്റുകളിലാണ് ഇപ്പോൾ കുടുംബസമേതം താമസിക്കുന്നത്. കൂടാതെ, താനെയിൽ രണ്ട് കടകളുണ്ട്, അതിൽ നിന്ന് പ്രതിമാസം 30,000 രൂപ വാടക കിട്ടും.
ഒരു യാചകന്റെ വേഷമാണ് തനിക്കുള്ളതെങ്കിലും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് എല്ലാം എല്ലാ ജീവിതസൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ട് ഇയാൾ. രണ്ട് ആൺമക്കളും പഠിച്ചത് നഗരത്തിലെ പ്രശസ്തമായ കോൺവെൻറ് സ്കൂളിലാണ്. പഠനം പൂർത്തിയാക്കിയ ഇവർ ഇപ്പോൾ കുടുംബത്തിന്റെ ബിസിനസ് നടത്തുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് കുടുംബം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചെങ്കിലും ജെയിൻ ഇപ്പോഴും ഒരു യാചകനായി തന്നെ തുടരുകയാണ്.