കടുവയ്‍ക്കെന്താ ഫാമിൽ കാര്യം? കടുവയെ വിരട്ടിയോടിച്ച് പശുക്കൂട്ടം

Published : Jun 20, 2023, 02:09 PM IST
കടുവയ്‍ക്കെന്താ ഫാമിൽ കാര്യം? കടുവയെ വിരട്ടിയോടിച്ച് പശുക്കൂട്ടം

Synopsis

പശുക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ പകച്ചുപോയ കടുവ ഏറെനേരം മാറി നിൽക്കുന്നത് കാണാം. ആക്രമണത്തിന് ഇരയായി കിടക്കുന്ന പശുവിനെ എപ്പോഴെങ്കിലും മറ്റു പശുക്കൾ തനിച്ചാക്കി പോവുകയാണെങ്കിൽ അതിനെ അകത്താക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആ കാത്തുനിൽപ്പ്.

കാടിറങ്ങി നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കാൻ പലപ്പോഴും സ്വീകരിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് വലിയ ശബ്ദം ഉണ്ടാക്കൽ. ശബ്ദം കേട്ട് ഭയന്ന് പലപ്പോഴും അവ തിരിഞ്ഞോടാറുമുണ്ട്. എന്നാൽ, ഇതാദ്യമായിരിക്കാം ഒരു കടുവ പശുക്കൂട്ടത്തിന്റെ കരച്ചിൽ കേട്ട് ഭയന്ന് ഓടുന്നത്. സംഭവം സത്യമാണ്. ഭോപ്പാലിലെ ഒരു ഫാമിൽ കയറിയ കടുവയെയാണ് പശുക്കൾ കൂട്ടത്തോടെ കരഞ്ഞ് ഭയപ്പെടുത്തി ഓടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഭോപ്പാലിലെ കെർവയിലെ  ഒരു ഫാമിൽ  ഞായറാഴ്ച രാത്രിയാണ് കടുവ കയറിയത്. സോഷ്യൽ മീഡിയയിൽ വൈറലായ ഫാമിലെ സിസിടിവി ദൃശ്യങ്ങളുടെ തുടക്കത്തിൽ കടുവ ഒരു പശുവിനെ ആക്രമിക്കുന്നത് കാണാം. എന്നാൽ ഇതുകണ്ട് ബാക്കിയുണ്ടായിരുന്ന പശുക്കൾ ഭയന്ന് മാറിനിന്നില്ല. അവ കൂട്ടമായി എത്തുകയും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിക്കൊണ്ട് ആക്രമണത്തിന് ഇരയായ പശുവിന്റെ അടുക്കൽ നിന്നും കടുവയെ അകറ്റുകയും ചെയ്യുന്നു. പശുക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ പകച്ചുപോയ കടുവ ഏറെനേരം മാറി നിൽക്കുന്നത് കാണാം. ആക്രമണത്തിന് ഇരയായി കിടക്കുന്ന പശുവിനെ എപ്പോഴെങ്കിലും മറ്റു പശുക്കൾ തനിച്ചാക്കി പോവുകയാണെങ്കിൽ അതിനെ അകത്താക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആ കാത്തുനിൽപ്പ്. എന്നാൽ മണിക്കൂറുകളോളം നിന്നെങ്കിലും മറ്റു പശുക്കളുടെ കണ്ണുവെട്ടിച്ച് ഒരടി പോലും മുന്നോട്ടുവയ്ക്കാൻ കടുവയ്ക്കായില്ല. മാത്രമല്ല തോറ്റു പിന്മാറേണ്ടിയും വന്നു.

76 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഫാമിൽ 50 ഓളം സിസിടിവി ക്യാമറകളാണ് ഉള്ളത്. ഇവയിൽ ഒന്നിലാണ് കടുവയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഫാമിൽ കടുവ കടക്കുന്നത്. ഫാമിന് പിന്നിലെ 14 അടി ഉയരമുള്ള സുരക്ഷാവേലി തകരാറിലായതോടെയാണ് പ്രദേശത്ത് കടുവകളുടെ സഞ്ചാരം വർധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്