5 വര്‍ഷംമുമ്പ് കാണാതായ 16-കാരിയെ കണ്ടെത്തി, അവളിപ്പോള്‍ ദില്ലി പൊലീസ് ഉദ്യോഗസ്ഥ!

By Web TeamFirst Published Jan 18, 2023, 7:17 PM IST
Highlights

മൂന്ന് പേര്‍ ചേര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് അവളുടെ പിതാവ് അന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

ആ പെണ്‍കുട്ടിയെ കാണാതായത് അഞ്ചു വര്‍ഷം മുമ്പാണ്. അന്നവള്‍ക്ക് 16 വയസ്സായിരുന്നു. ചന്തയിലേക്ക് പോവുന്ന വഴിക്ക് മൂന്ന് പേര്‍ ചേര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് അവളുടെ പിതാവ് അന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഈയടുത്ത്, അന്വേഷണം എങ്ങുമെത്താത്ത കേസുകള്‍ പരിശോധിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തില്‍ അവളെ ദില്ലിയില്‍ കണ്ടെത്തി. അവള്‍ക്ക് ദില്ലി പൊലീസില്‍ ജോലി കിട്ടി എന്നായിരുന്നു അന്വേഷണത്തില്‍ അറിഞ്ഞത്. തുടര്‍ന്ന്, അവള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി നല്‍കിയ മൊഴിയില്‍, തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും താന്‍ സ്വയം വീടുവിട്ടോടിയതാണെന്നും വ്യക്തമാക്കി. 

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബൊചാഹാന്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് 2018 ജൂണ്‍ 12-നാണ് അവളെ കാണാതായത്. 16 വയസ്സുള്ള തന്റെ മകളെ മൂന്ന് പരിചയക്കാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി എന്നാണ് അവളുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും അവളെ കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോയി എന്ന് പിതാവ് ആരോപിച്ച മൂന്നു പേര്‍ക്കും അവളെക്കുറിച്ച് വിവരമില്ലെന്നും പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. അതിനു ശേഷം ആ കേസ് എങ്ങുമെത്തിയില്ല. 

ഈയിടെ ബൊചാഹാന്‍ പൊലീസ് സ്‌റ്റേഷനില്‍ പുതുതായി ചാര്‍ജ് എടുത്ത എസ് എച്ച് ഒ അരവിന്ദ് പ്രസാദ് അന്വേഷണം എങ്ങുമെത്താത്ത പഴയ കേസുകള്‍ പരതുന്നതിനിടെ ഈ കേസ് ശ്രദ്ധിച്ചു. അദ്ദേഹം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടു. അവര്‍ക്കാര്‍ക്കും മകളെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. തുടര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയെന്ന് പിതാവ് ആരോപിച്ച ആളുകളെ അദ്ദേഹം കണ്ടെത്തി. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ ബന്ധു കൂടിയായ ഒരാള്‍ പെണ്‍കുട്ടി ഇപ്പോഴുള്ള സ്ഥലം ഏതെന്ന് അദ്ദേഹത്തെ അറിയിച്ചു. ഫോണ്‍ നമ്പറും നല്‍കി. 

തുടര്‍ന്ന് അദ്ദേഹം, അവളുമായി ബന്ധപ്പെട്ടു. താനിപ്പോള്‍ ദില്ലി പൊലീസിന്റെ കോണ്‍സ്റ്റബിള്‍ ആവാനിരിക്കുകയാണ് എന്നാണ് അവള്‍ പറഞ്ഞത്. പൊലീസ് പരിശീലനത്തിലാണ് താനെന്നും നാട്ടിലേക്ക് വരാന്‍ ഉദ്ദേശ്യമില്ലെന്നും അവള്‍ പറഞ്ഞു. തന്നെ ആരും തട്ടിക്കൊണ്ടുവന്നതല്ല എന്നും വീട്ടില്‍നിന്ന് രക്ഷപ്പെട്ട് ദില്ലിയില്‍ എത്തിയതാണെന്നും അവള്‍ പറഞ്ഞു. 

തുടര്‍ന്നാണ്, പെണ്‍കുട്ടി ഒരു ബന്ധുവിനൊപ്പം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. തന്നെ ആരും തട്ടിക്കൊണ്ടുപേയതല്ല എന്ന് അവള്‍ മൊഴി നല്‍കി. സാമ്പത്തികമായി പ്രയാസത്തിലായ വീട്ടുകാര്‍ പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പു തന്നെ വിവാഹം ചെയ്യിക്കാന്‍ തീരുമാനിച്ചു. പഠനം തുടരണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍, വീട്ടുകാര്‍ അനുവദിച്ചില്ല. തുടര്‍ന്നാണ്, ഒരു ബന്ധുവിന്റെ സഹായത്തോടെ ദില്ലിയിലേക്ക് നാടുവിട്ടുപോയത്. അവിടെ ചെന്ന് പല ജോലികള്‍ ചെയ്ത് പഠനം തുടര്‍ന്നു. പല മല്‍സര പരീക്ഷകളും എഴുതി. അങ്ങനെയാണ് ദില്ലി പൊലീസില്‍ ജോലി കിട്ടിയത്. താനിപ്പോള്‍  പൊലീസ് പരിശീലനത്തിലാണെന്നും അവള്‍ മൊഴി നല്‍കി. തട്ടിക്കൊണ്ടുപോയി എന്ന് പിതാവ് ആരോപിച്ച ആരെയും തനിക്ക് അറിയില്ലെന്നും അവള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. 
 

click me!