സിസിടിവി എന്നു കരുതി വൈഫൈ മോഡം എടുത്തു, 27 ലക്ഷം അടിച്ചുമാറ്റിയ കവര്‍ച്ചാ സംഘം പിടിയില്‍

Published : Sep 07, 2022, 06:06 PM IST
സിസിടിവി എന്നു കരുതി വൈഫൈ മോഡം എടുത്തു,  27 ലക്ഷം അടിച്ചുമാറ്റിയ കവര്‍ച്ചാ സംഘം പിടിയില്‍

Synopsis

സിസിടിവി മോണിറ്റര്‍ എന്നു കരുതി അവിടെ കണ്ട ഒരു ഉപകരണം കൂടി എടുത്തുകൊണ്ടുപോയി. പക്ഷേ, എടുത്ത ഉപകരണം മാറിയതിനാല്‍, കള്ളന്‍മാരുടെ വിശദമായ ദൃശ്യങ്ങള്‍ തന്നെ പൊലീസിനു ലഭിച്ചു. 

കഴിഞ്ഞ ദിവസം ബിഹാറിലെ ദര്‍ഭംഗയില്‍ ഒരു മോഷണം നടന്നു. മോഷണം എന്നു പറഞ്ഞാല്‍ ഒന്നൊന്നര മോഷണം. മൂന്നു മണിക്കൂര്‍ സമയം എടുത്തു നടത്തിയ ആഘോഷമായ കവര്‍ച്ചയായിരുന്നു അത്. 27 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ന്ന കള്ളന്‍മാര്‍ സിസിടിവി ക്യാമറയെ ഭയക്കാതെയാണ് കളിച്ചും ചിരിച്ചും നിന്നത്. കവര്‍ച്ച കഴിഞ്ഞ് പോവുമ്പോള്‍ അവര്‍ സിസിടിവി മോണിറ്റര്‍ എന്നു കരുതി അവിടെ കണ്ട ഒരു ഉപകരണം കൂടി എടുത്തുകൊണ്ടുപോയി. പക്ഷേ, എടുത്ത ഉപകരണം മാറിയതിനാല്‍, കള്ളന്‍മാരുടെ വിശദമായ ദൃശ്യങ്ങള്‍ തന്നെ പൊലീസിനു ലഭിച്ചു. അധികം വൈകാതെ തന്നെ ഈ കവര്‍ച്ചക്കാര്‍ അകത്താവുകയും ചെയ്തു. 

ഒരു ഡോക്ടര്‍ ദമ്പതികളുടെ വീട്ടിലാണ് മോഷ്ടാക്കള്‍ അതിക്രമിച്ച കയറിയത്. ഡോക്ടര്‍മാരും കുടുംബാംഗങ്ങളും വീട്ടിലില്ലാത്ത സമയത്താണ് കവര്‍ച്ചക്കാരുടെ സംഘം വീടിനുള്ളില്‍ അതിക്രമിച്ചു കടന്നത്. 27 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും മറ്റു ചില വിലപിടിപ്പുള്ള സാധനങ്ങളുമാണ് മോഷണം പോയത്. മൂന്നു മണിക്കൂര്‍ സമയം എടുത്തു കള്ളന്‍മാര്‍ ഈ പരിപാടികള്‍ക്ക്. എന്നാല്‍, അവരൊട്ടും വിചാരിക്കാത്ത വിധം സിസിടിവി ദൃശ്യങ്ങള്‍ അവര്‍ക്ക് പണി കൊടുത്തു. 

സിസിടിവി ദൃശ്യങ്ങള്‍ ഒരിക്കലും പോലീസിന് കിട്ടില്ല എന്ന് ആത്മവിശ്വാസത്തോടെ ആയിരുന്നു കൊള്ള സംഘം കവര്‍ച്ച നടത്തിയത്. മോഷണം കഴിഞ്ഞിറങ്ങുമ്പോള്‍ സിസിടിവി മോണിറ്റര്‍ കൂടി അടിച്ചു മാറ്റണമെന്ന് അവര്‍ പ്ലാന്‍ ചെയ്തിരുന്നു. പ്ലാന്‍ ചെയ്തത് പോലെ തന്നെ എല്ലാം കഴിഞ്ഞ് അവരത്  അടിച്ചുമാറ്റുകയും ചെയ്തു. പക്ഷേ എടുത്തുകൊണ്ടുപോയത് വൈഫൈ ഉപകരണമാണ് എന്നു മാത്രം. പിന്നീട് പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍, വൈഫൈ ഉപകരണം അടക്കം എടുത്തുകൊണ്ടുപോകുന്നത് നല്ല വൃത്തിയായി സിസിടിവിയില്‍ തെളിഞ്ഞു. പിന്നെ കാര്യം  പറയേണ്ടല്ലോ മോഷണം നടത്തി മണിക്കൂറുകള്‍ തികയും മുമ്പേ കള്ളന്മാര്‍ പോലീസ് കസ്റ്റഡിയിലായി. 

ലഹേരിയസരായ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാലഭദ്രാപൂര്‍ പ്രദേശത്താണ് സംഭവം.  
ഡോക്ടര്‍ രജനിഷ് കുമാര്‍ സിങ്ങിന്റെ വീട്ടിലാണ് കള്ളന്മാര്‍ അതിക്രമിച്ചു കയറി മൂന്നുമണിക്കൂര്‍ നീണ്ട മോഷണം നടത്തിയത്.  ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷണസംഘം സ്വര്‍ണ്ണം, വെള്ളി , മറ്റ് വിലപിടിപ്പുള്ള സാധനങ്ങള്‍ 2 ലക്ഷം രൂപ എന്നിങ്ങനെ 27 ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ച്ച ചെയ്തത്. 


മൂന്ന് മണിക്കൂറോളം മോഷ്ടാക്കള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും വീടിന്റെ പരിസരത്ത് താമസിക്കുന്ന തോട്ടക്കാരന് ഇതേക്കുറിച്ച് ഒരു ധാരണയും ലഭിച്ചില്ല എന്നതാണ് അതിശയിപ്പിക്കുന്നത്.  മോഷ്ടാക്കള്‍ ഭയമില്ലാതെ വീടുമുഴുവന്‍ തിരച്ചില്‍ നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.  ഓരോ കള്ളന്റെയും കയ്യില്‍ ആയുധമായി ഒരു കവണ ഉണ്ട്.  ഇതിനുപുറമെ മോഷ്ടാക്കള്‍ ചെരിപ്പും അരയില്‍ കെട്ടിയിട്ടുണ്ട്.  

ഏതായാലും 'മോഷണത്തില്‍ വഞ്ചന' കാണിക്കാത്തവരാണ് കള്ളന്മാര്‍ എന്ന് തോന്നുന്നു. കാരണം മോഷണം മുതലും അവര്‍ ഡോക്ടറുടെ വീട്ടില്‍ വച്ച് തന്നെ പങ്കിട്ടു. അതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എല്ലാം കഴിഞ്ഞ് ഒടുവില്‍ ആയിരുന്നു കള്ളന്മാരുടെ അതി ബുദ്ധി. സിസിടിവി മോണിറ്റര്‍ എടുക്കാനായിരുന്നു ലക്ഷ്യം വെച്ചിരുന്നതെങ്കിലും വൈഫൈ മോഡം കണ്ടപ്പോള്‍ അതായിരിക്കും എന്ന് തെറ്റിദ്ധരിച്ച് അവര്‍ അത് എടുത്തുകൊണ്ട് സ്ഥലം വിട്ടു. ഏതായാലും സ്വന്തം കുഴി അവര്‍ തന്നെ തോണ്ടി എന്ന് പറഞ്ഞാല്‍ മതി.

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം