ആരാണാ കോടീശ്വരൻ, രണ്ടാഴ്ചയ്ക്കുള്ളിൽ യാത്ര, ടൈറ്റാനിക്കിന്റെ ശേഷിപ്പുകൾ കാണാൻ വീണ്ടുമൊരു സംഘം?

Published : Aug 20, 2025, 06:09 PM IST
Titanic

Synopsis

എന്നാൽ, ഇപ്പോൾ ആ ദുരന്തം നടന്ന് രണ്ട് വർഷത്തിനുശേഷം ടൈറ്റാനിക്കിന്റെ ഭാ​ഗങ്ങൾ സന്ദർശിക്കാനുള്ള മറ്റൊരു യാത്ര ആരംഭിക്കാൻ പോകുന്നു എന്ന അഭ്യൂഹമാണ് പരക്കുന്നത്.

എല്ലാ കാലത്തും മനുഷ്യരെ ആകർഷിച്ച ഒന്നായിരുന്നു ടൈറ്റാനിക്. എന്നാൽ, അതിന്റെ ദുരന്തപര്യവസായിയായ അന്ത്യം ആളുകളെ വേദനയിലാഴ്ത്തുകയും ചെയ്തു. ഒരിക്കലും മുങ്ങില്ലെന്ന് പറഞ്ഞ് വെള്ളത്തിലേക്കിറങ്ങിയ കപ്പൽ പക്ഷേ അതിന്റെ ആ​ദ്യ യാത്രയിൽ തന്നെ മഞ്ഞുമലയിലിടിച്ച് തകരുകയായിരുന്നു. 1912 ഏപ്രിൽ 15 -നായിരുന്നു ആ ദുരന്തം നടന്നത്. ഇന്നും കപ്പലിന്റെ ഭാ​ഗങ്ങൾ കടലിനടിയിലാണ്. അതേസമയം തന്നെ അതിന്റെ ശേഷിപ്പുകൾ കാണാനുള്ള മനുഷ്യന്റെ കൗതുകം അവസാനിക്കാത്തതാണ്. രണ്ട് വർഷം മുമ്പാണ് ടൈറ്റാനിക്കിന്റെ ഭാ​ഗങ്ങൾ കാണാനായി നടത്തിയ യാത്ര വൻ ദുരന്തമായി മാറിയത്.

എക്സ്പെഡിഷനിറങ്ങിയ ഓഷ്യൻ ഗേറ്റ് അന്തർവാഹിനി പൊട്ടിത്തെറിച്ച് അതിനുള്ളിലുണ്ടായിരുന്ന അഞ്ച് പേർക്കും ജീവൻ നഷ്ടപ്പെടുകയായിരുന്നു. എന്നാൽ, ഇപ്പോൾ ആ ദുരന്തം നടന്ന് രണ്ട് വർഷത്തിനുശേഷം ടൈറ്റാനിക്കിന്റെ ഭാ​ഗങ്ങൾ സന്ദർശിക്കാനുള്ള മറ്റൊരു യാത്ര ആരംഭിക്കാൻ പോകുന്നു എന്ന അഭ്യൂഹമാണ് പരക്കുന്നത്.

എന്നാൽ, ഈ ഊഹാപോഹം വാർത്തയാകുമ്പോഴും ആരാണ് സാഹസിക യാത്ര ഒരുക്കുന്നതെന്നോ, യാത്രകളുടെ മറ്റ് വിവരങ്ങൾ എന്താണെന്നോ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അതേസമയം, 10 മില്ല്യണാണ് യാത്രാ ചെലവെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ യാത്ര ആരംഭിക്കുമെന്നുമുള്ള വിവരങ്ങളും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

'രണ്ടാഴ്ചയ്ക്കുള്ളിൽ ഒരാൾ ടൈറ്റാനിക്കിന്റെ ഭാ​ഗങ്ങൾ സന്ദർശിക്കാൻ പോകുന്നുവെന്ന് ഞാൻ കേട്ടു. അയാൾ ഒരു കോടീശ്വരനാണ്. 10 മില്ല്യണാണ് യാത്രയുടെ ചെലവ്. അയാളുടെ പേര് കേട്ടാൽ നിങ്ങൾക്ക് തിരിച്ചറിയാനാവും. ദുരന്തത്തിന് ശേഷം ആദ്യമായി ടൈറ്റാനിക് സന്ദർശിക്കുന്ന വ്യക്തി താനാണ് എന്ന് പ്രഖ്യാപിക്കാൻ അദ്ദേഹം ആ​ഗ്രഹിക്കുന്നുണ്ടാവും' എന്നാണ് ഒരു സോഴ്സ് ന്യൂയോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തിയത് എന്നാണ് മാധ്യമങ്ങൾ എഴുതുന്നത്.

രണ്ട് വർഷം മുമ്പ് ദുരന്തം സംഭവിച്ച ഓഷ്യൻ ഗേറ്റിന്റെ പര്യവേക്ഷണ പേടകമായ ടൈറ്റാനിൽ ഓഷ്യൻ ഗേറ്റ് സ്ഥാപകനും സി.ഇ.ഒയുമായ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷുകാരനായ ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പേടകത്തിന്‍റെ ക്യാപ്റ്റനും ടൈറ്റാനിക് പര്യവേഷകനുമായ പോൾ ഹെന്‍റ്റി നർഗോലെറ്റ്, പാക് സ്വദേശിയും വ്യവസായിയുമായ ഷഹ്സാദ് ദാവൂദ്, മകൻ 18 -കാരനായ സുലൈമാൻ എന്നിവരാണുണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ