ക്ലീൻ മാക്സ് എൻവിറോയുടെ എംഡി കുൽദീപ് ജെയിൻ, തന്‍റെ കമ്പനി എൻ‌എസ്‌ഇയിൽ ലിസ്റ്റ് ചെയ്തപ്പോൾ 600 ജീവനക്കാരുടെയും മുഖം പതിപ്പിച്ച ജാക്കറ്റ് ധരിച്ച് ആഘോഷിച്ചു. കമ്പനിയുടെ വിജയം എല്ലാവരുടേതുമാണെന്ന് തെളിയിക്കുന്ന ഈ പ്രവൃത്തി സമൂഹ മാധ്യമങ്ങളിൽ വൈറലായി.   

കൂടുതൽ ലാഭം കൊയ്യാനാണ് കോർപ്പറേറ്റ് കമ്പനി ഉടമകളുടെ ശ്രമം. ഇതിനായി തൊഴിലാളികളെ കൂടുതൽ ജോലി ചെയ്യിപ്പിച്ചും കുറഞ്ഞ ശമ്പള - വേതന നിരക്കുകൾ നൽകുകയും ചെയ്യുന്നു. അപ്പോഴും കോർപ്പറേറ്റ് കമ്പനിയെന്ന വിശേഷണവും പേറുന്നു. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തനായ ഒരു കമ്പനി എംഡിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. മുംബൈ ആസ്ഥാനമായ ക്ലീൻ മാക്സ് എൻവിറോ എനർജി സൊല്യൂഷൻസ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ കുൽദീപ് ജെയിനാണ് ആ വ്യത്യസ്തനായ എംഡി. തന്‍റെ കമ്പനി എൻ‌എസ്‌ഇയിൽ ലിസ്റ്റിംഗ് ചെയ്തപ്പോൾ, ആ അവിസ്മരണീയ മുഹൂർത്തം അദ്ദേഹം ആഘോഷിച്ചത് തന്‍റെ കമ്പനിയിയിലെ 600 ജീവനക്കാരുടെയും മുഖം ആലേഖനം ചെയ്ത കസ്റ്റം ജാക്കറ്റ് ധരിച്ച് കൊണ്ടായിരുന്നു.

വൈറലായ ജാക്കറ്റ്

കമ്പനിയുടെ വളർച്ചയിൽ ഉയർന്ന സ്ഥാനം വഹിക്കുന്നവർ മാത്രമല്ല, ഏറ്റവും താഴേക്കിടയിലുള്ള തൊഴിലാളിയ്ക്കും കൃത്യമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം ഈയൊരു പ്രവർത്തിയിലൂടെ തെളിയിച്ചു. വാണിജ്യ, വ്യാവസായിക പുനരുപയോഗ ഊർജ്ജ ദാതാക്കളാണ് ക്ലീൻ മാക്സ് എൻവിറോ. തൊഴിലാളികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ജാക്കറ്റിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ഈ ജാക്കറ്റ് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ക്ലീൻമാക്സിലെ ചീഫ് പീപ്പിൾ ആൻഡ് കൾച്ചർ ഓഫീസർ ശ്വേത സജ്നാനിയാണ് തൊഴിലാളികളോടുള്ള തങ്ങളുടെ എംഡിയുടെ വ്യത്യസ്തമായ സമീപനം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ജാക്കറ്റ് നിർമ്മാണത്തിന്‍റെ ആദ്യ ഘട്ടം മുതലുള്ള മുഴുവൻ പ്രവർത്തിയും രേഖപ്പെടുത്തുന്ന വീഡിയോയും വൈറലായി.

ഞങ്ങളുടെ സ്വന്തം കമ്പനി

"ഇന്നത്തെ എൻ‌എസ്‌ഇ ചടങ്ങിൽ, ഞങ്ങളുടെ എംഡി കുൽദീപ് ജെയിൻ ഇത് തന്‍റെ മാത്രം നിമിഷമല്ലെന്ന് ഉറപ്പുവരുത്തി. അത് എല്ലാവരുടെയും നിമിഷമാണെന്ന്. 600 ക്ലീൻമാക്സ് ജീവനക്കാരുടെയും ഫോട്ടോകൾ അച്ചടിച്ച ഒരു ജാക്കറ്റ് അദ്ദേഹം ധരിച്ചിരുന്നു. ഈ നാഴികക്കല്ല് നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് പറയുന്ന ലളിതവും എന്നാൽ, ശക്തവുമായ ഒരു പ്രവർത്തിയാണിത്." അവർ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. ആ ജാക്കറ്റിന്‍റെ വേദിയിലെ ദൃശ്യങ്ങൾ മാത്രമാണ് ആളുകൾ കണ്ടെതെന്നും ജാക്കറ്റ് നിർമ്മിക്കാനുള്ള ഉത്തരവാദിത്വം തനിക്കായിരുന്നെന്നും സജ്‌നാനി എഴുതി. 600 ഫോട്ടോകൾ ഏകോപിപ്പിക്കൽ, ഒന്നിലധികം ഡിസൈൻ റൗണ്ടുകൾ... എല്ലാറ്റിനും ഉള്ളത് വളരെ ചെറിയ സമയവും ഇതിനുള്ള തനിക്ക് അത് സാധിച്ചെന്നും അതിൽ അഭിമാനമുണ്ടെന്നും അവർ കുറിച്ചു. ജീവനക്കാരിൽ കമ്പനി തങ്ങളുടെ 'സ്വന്തം' എന്ന ബോധം വളർത്താൻ ഈ ഒരു പ്രവൃത്തി എങ്ങനെ സഹായിച്ചുവെന്നും സജ്‌നാനി എഴുതി. ഐ‌പി‌ഒ പോലുള്ള ഒരു നാഴികക്കല്ലുകളിൽ, വിജയം എല്ലായ്പ്പോഴും അതിന്‍റെ പിന്നിലുള്ള ആളുകളെക്കുറിച്ച് കൂടിയാണെന്ന് ഇത് ഞങ്ങളെ ഓർമ്മിപ്പിച്ചു. ഇതിൽ ഒരു പങ്കു വഹിച്ചതിൽ വളരെ അഭിമാനമുണ്ടെന്നും അവർ കുറിച്ചു. 

ക്ലീൻ മാക്സ് എൻവിറോ ഒരു വാണിജ്യ, വ്യാവസായിക പുനരുപയോഗ ഊർജ്ജ ദാതാവാണ്. പുനരുപയോഗ ഊർജ്ജ വിതരണം, ഊർജ്ജ സേവനങ്ങൾ നൽകൽ, കാർബൺ ക്രെഡിറ്റ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യൽ എന്നിവയാണ് ഇതിന്‍റെ പ്രധാന പ്രവർത്തനങ്ങൾ. ഊർജ്ജ കരാർ, എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം, പുനരുപയോഗ ഊർജ്ജ പ്ലാന്റുകളുടെ (സൗരോർജ്ജം, കാറ്റ്, ഹൈബ്രിഡ്) പ്രവർത്തനവും പരിപാലനവും എന്നിവയും കമ്പനി ചെയ്യുന്നു. ജാക്കറ്റിന്‍റെ ചിത്രങ്ങളും വീഡിയോയും വൈറലായതിന് പിന്നാലെ കമ്പനിയ്ക്ക് അഭിനന്ദനവുമായി സമൂഹ മാധ്യമ ഉപയോക്താക്കളും കൂടി.