
പലപ്പോഴും മാനേജർമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ദുരനുഭവങ്ങൾ ആളുകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. താൻ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുകയാണ് എന്നും തനിക്ക് ഓഫീസിൽ എത്താൻ സാധിക്കില്ല എന്നും മാനേജറിന് മെസ്സേജ് അയക്കുകയായിരുന്നു യുവതി. മുംബൈയിലെ കനത്ത മഴ തന്നെ ആയിരുന്നു യുവതിക്ക് ഓഫീസിൽ എത്താൻ പറ്റാത്തതിന്റെ കാരണമായി തീർന്നത്. റെഡ്ഡിറ്റിൽ പങ്കുവെച്ച ഒരു സ്ക്രീൻഷോട്ടിൽ യുവതി മാനേജറിന് മെസ്സേജ് അയച്ചിരിക്കുന്നത് കാണാം. ഗതാഗതക്കുരുക്കിലാണ് അതിനാൽ ഓഫീസിലെത്താനാവില്ല എന്നാണ് മെസ്സേജിൽ പറയുന്നത്.
ചൊവ്വാഴ്ചയാണ് യുവതി മെസ്സേജ് അയച്ചിരിക്കുന്നത്. അന്നേ ദിവസം കനത്ത മഴയെ തുടർന്ന് ബിഎംസി എല്ലാ സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എല്ലാ സ്വകാര്യ ഓഫീസുകളും ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.
കനത്ത മഴയും, വെള്ളക്കെട്ടും, ഇത്തരം മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും എല്ലാം ഉണ്ടായിരുന്നെങ്കിലും ചില ഓഫീസുകളിൽ നിന്നും തങ്ങളുടെ ജീവനക്കാരെ ഓഫീസിലെത്തി ജോലി ചെയ്യാൻ നിർബന്ധിച്ചിരുന്നു. അത് തന്നെയാണ് ഈ യുവതിയുടെ കാര്യത്തിലും സംഭവിച്ചത്. എന്തൊക്കെയായാലും ശരി ഓഫീസിൽ എത്തിയേ തീരൂ എന്നാണ് മാനേജർ യുവതിക്ക് മറുപടി നൽകിയത്.
ഗതാഗതക്കുരുക്കിൽ പെട്ട് വൈകിയാലും സാരമില്ല, ഓഫീസിൽ എത്തിയേ തീരൂ എന്നായിരുന്നു മാനേജർ യുവതിക്ക് നൽകിയ മറുപടി. എന്നാൽ, യുവതി കൂടുതൽ വിശദീകരിക്കാനൊന്നും നിന്നില്ല. ഒറ്റവാക്കിൽ തന്റെ പ്രതികരണം ഒതുക്കി. 'അത് നടക്കില്ല' എന്നായിരുന്നു യുവതിയുടെ മറുപടി.
പിന്നീട്, ഈ സ്ക്രീൻഷോട്ട് എക്സിലും (ട്വിറ്റർ) ഷെയർ ചെയ്യപ്പെട്ടു. 'ജെൻ സി വർക്ക്ഫോഴ്സ്' എന്ന കാപ്ഷനോടെയായിരുന്നു സ്ക്രീൻഷോട്ട് ഷെയർ ചെയ്തത്. നിരവധിപ്പേരാണ് റെഡ്ഡിറ്റിലും എക്സിലുമായി പോസ്റ്റിന് കമന്റുകൾ നൽകിയത്. യുവതി ചെയ്തത് വളരെ നല്ല കാര്യം തന്നെ എന്നാണ് പലരും പറഞ്ഞത്. എന്നാൽ, അതേസമയം തന്നെ ഇത്തരം പ്രതികരണങ്ങൾ ജോലിസ്ഥലത്തുള്ള നമ്മുടെ ജീവിതം ദുസ്സഹമാക്കുമെന്നും നമ്മൾ ടാർഗറ്റ് ചെയ്യപ്പെടുമെന്നും പലരും അഭിപ്രായപ്പെട്ടു.