യുവതിയുടെ മുടിയിൽ കൂടുകെട്ടിയ പക്ഷിക്കുഞ്ഞ്!

Published : Mar 28, 2022, 02:20 PM IST
യുവതിയുടെ മുടിയിൽ കൂടുകെട്ടിയ പക്ഷിക്കുഞ്ഞ്!

Synopsis

ഒടുവിൽ, അവനെ ചിറകു വിടർത്താൻ അനുവദിക്കേണ്ട സമയമായെന്ന് ഹന്നയ്ക്ക് തോന്നി. ഇംഗ്ലണ്ടിലെ ഒരു ക്രിസ്മസ് അവധിക്കാലത്ത്, ഹന്ന അവനെ വിട്ടയച്ചു. ആകാശത്തിലൂടെ പറന്ന് അവൻ മറ്റ് പക്ഷികളോടൊപ്പം കൂടി. 

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മൂന്ന് മാസം പ്രായം വരുന്ന ഒരു പക്ഷിക്കുഞ്ഞ് തന്റെ മുടിയിൽ എങ്ങനെ കൂടുവച്ചുവെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തി. 2013 -ൽ, ഹന്ന ബോൺ-ടെയ്‌ലറും(Hannah Bourne-Taylor) അവളുടെ കാമുകൻ റോബിനും ലണ്ടനി(London)ൽ നിന്ന് ഘാന(Ghana)യിലേയ്ക്ക് താമസം മാറി. എന്നാൽ വിസയുടെ ചില പ്രശ്‍നങ്ങൾ കാരണം ഹന്നയ്ക്ക് ജോലിയ്ക്ക് പോകാൻ സാധിച്ചില്ല. സമയം കൊല്ലാൻ വേണ്ടി അവൾ പ്രകൃതിയിലേക്ക് തിരിഞ്ഞു. പക്ഷികളെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയതും അപ്പോഴാണ്.  
 
2018 -ലെ ശക്തമായ മിന്നലിലും കാറ്റിലും വഴിതെറ്റിയ ഒരു പക്ഷികുഞ്ഞ് ഹന്നയുടെ വീടിന് സമീപം എത്തിപ്പെട്ടു. ഒരു മാസം പ്രായമുള്ള ചെറിയ കുരുവിക്കുഞ്ഞായിരുന്നു അത്. പക്ഷിക്കൂട്ടം അതിനെ ഉപേക്ഷിച്ചു. ഒരു മാവിൽ നിന്ന് അതിന്റെ കൂടു താഴെ വീണു. അത് കണ്ണുകൾ മുറുകെ അടച്ചിരുന്നു. തണുപ്പിൽ വിറയ്ക്കുന്നുണ്ടായിരുന്നു. ടീ ബിസ്‌ക്കറ്റിന്റെ നിറമുള്ള തൂവലുകളും പെൻസിൽ ലെഡ് പോലൊരു ചെറിയ കൊക്കുമുള്ള അതിന് തന്റെ ചെറുവിരലിന്റെ വലുപ്പമേയുണ്ടായിരുന്നുള്ളൂ എന്ന് ഹന്ന ഓർക്കുന്നു. ഹന്ന അതിനെ ടവ്വലുകൾ നിറച്ച ഒരു കാർഡ്ബോർഡ് പെട്ടിയിലാക്കി. അത് രാത്രി മുഴുവൻ ഉറങ്ങി. അത് വളരാൻ 12 ആഴ്ച എടുക്കുമെന്ന് ഹന്ന മനസ്സിലാക്കി. അങ്ങനെ ഹന്ന ആ കൊച്ചുപക്ഷിക്കുഞ്ഞിനെ പരിചരിക്കുകയും ചിതലുകൾ തീറ്റയായി നൽകുകയും അവളുടെ കൈയ്യിൽ കിടന്ന് ഉറങ്ങാൻ അനുവദിക്കുകയും ചെയ്തു.

"അവനെ സംബന്ധിച്ചിടത്തോളം ഞാൻ അവന്റെ അമ്മയായിരുന്നു. അടുത്ത 84 ദിവസങ്ങൾ ആ കുഞ്ഞ് എന്നോടൊപ്പം ജീവിച്ചു" അവൾ തുടർന്നു. "പുൽമേടുകളിൽ നടക്കുമ്പോഴോ, വാഹനമോടിക്കുമ്പോഴോ, വീട്ടിലായിരിക്കുമ്പോഴോ അവൻ എന്റെ അരികിൽ ഇരിക്കും. ചിലപ്പോൾ കൈയിൽ വിശ്രമിക്കും അതുമല്ലെങ്കിൽ എന്നോട് ചേർന്നുനിൽക്കും. പിന്നീട് പറക്കാൻ പഠിച്ചപ്പോൾ, അവൻ എന്റെ കൈയിലും, തോളിലും, തലയിലും പറന്ന് വന്നിരിക്കും. എന്റെ അരക്കെട്ട് വരെ എത്തുന്ന മുടിക്കെട്ടിൽ അവൻ വന്നിരിക്കും. ഓരോ ദിവസവും, അവൻ എന്റെ മുടിയിൽ, എന്റെ കഴുത്തിൽ കൂടുകെട്ടി" ഹന്ന പറഞ്ഞു.  

"അവൻ മുടിയുടെ ഉള്ളിൽ കയറി, കൊക്ക് ഉപയോഗിച്ച്  മുടി ഇഴകളും പിണച്ച് വൃത്താകൃതിയിൽ, ഒരു ചെറിയ കൂടൊരുക്കും. പിന്നീട് അതിനുള്ളിൽ കയറി ഇരിക്കും. എന്നാൽ, വൈകീട്ടാകുമ്പോൾ അത് പൂർത്തിയാകുമ്പോൾ അഴിച്ചുമാറ്റാൻ അവൻ എന്നെ അനുവദിക്കും. എന്നാൽ, അടുത്ത ദിവസം വീണ്ടും കൂടുണ്ടാകാൻ ആരംഭിക്കുമെന്ന് മാത്രം" അവൾ കൂട്ടിച്ചേർത്തു. ഒടുവിൽ, അവനെ ചിറകു വിടർത്താൻ അനുവദിക്കേണ്ട സമയമായെന്ന് ഹന്നയ്ക്ക് തോന്നി. ഇംഗ്ലണ്ടിലെ ഒരു ക്രിസ്മസ് അവധിക്കാലത്ത്, ഹന്ന അവനെ വിട്ടയച്ചു. ആകാശത്തിലൂടെ പറന്ന് അവൻ മറ്റ് പക്ഷികളോടൊപ്പം കൂടി. എന്നാൽ ഇപ്പോഴും താൻ അവനെ മിസ് ചെയ്യാറുണ്ടെന്ന് ഓക്‌സ്‌ഫോർഡ്‌ഷയറിൽ താമസിക്കുന്ന ഹന്ന പറഞ്ഞു. "ഈ അനുഭവം ഇന്നത്തെ കാലത്ത് എങ്ങനെ ജീവിക്കണമെന്ന് എന്നെ പഠിപ്പിക്കുകയും എന്നെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും ചെയ്തു." ഹന്ന തന്റെ പുതിയ പുസ്തകമായ 'ഫ്ലെഡ്‌ഗ്ലിംഗിൽ' ഘാനയിലെ ജീവിതത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. കൂടാതെ, ദി ഗാർഡിയനിൽ ഈ അവിശ്വസനീയവും മനോഹരവുമായ കഥ അവൾ അടുത്തിടെ പങ്കുവക്കുകയും ചെയ്തിരുന്നു.  
 

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്